കൊറോണ മരണങ്ങളിൽ തെറ്റ് സമ്മതിച്ച് സർക്കാർ! മരിച്ചവരുടെ എണ്ണം ഇതല്ല, സത്യം വെളിപ്പെടുത്തും ബ്രിട്ടൻ
ലണ്ടന്‍: ഇറ്റലിയുടേയും സ്പെയിനിന്റേയും പാഠം ഉള്‍ക്കൊള്ളാതെ പോയതാണ് ബ്രിട്ടനെ ഇപ്പോള്‍ വലിയ പ്രതിസന്ധിയില്‍ എത്തിച്ചിരിക്കുന്നത്. സാമൂഹിക ആരോഗ്യ മേഖലയില്‍ വലിയ ഔന്നത്യം അവകാശപ്പെടുന്ന രാജ്യമാണെങ്കിലും ബ്രിട്ടന് ഇപ്പോള്‍ കൊറോണയില്‍ വിറയ്ക്കുകയാണ്.
ഇംഗ്ലണ്ടില്‍ മാര്‍ച്ച 31 രാവിലെ വരെ രോഗം ബാധിച്ചവരുടെ എണ്ണം 22,141 ആണ്. ഔദ്യോഗിക കണക്ക് പ്രകാരം മരിച്ചവരുടെ എണ്ണം 1,415 ഉം ആണ്. എന്നാല്‍ ഈ കണക്കുകള്‍ ശരിയല്ലെന്നാണ് ഇപ്പോള്‍ ഉയരുന്നു ആക്ഷേപം.
ചൈനയില്‍ രോഗം ബാധിച്ച് മുവായിരത്തില്‍ പരം ആളുകളേ മരിച്ചുള്ളൂ എന്നാണ് അവരുടെ ഔദ്യോഗിക ഭാഷ്യം. എന്നാല്‍ വുഹാനില്‍ മാത്രം 42,000 പേരെങ്കിലും മരിച്ചിട്ടുണ്ട് എന്നാണ് പ്രാദേശിക സ്രോതസ്സുകളെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇംഗ്ലണ്ടിലാണെങ്കില്‍, മരണത്തിന്റെ കണക്കില്‍ പിശകുണ്ടെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

ഭയപ്പാടില്‍ ബ്രിട്ടന്
കൊറോണ വൈറസ് അത്ര മാരകമല്ലെന്നായിരുന്നു ബ്രിട്ടിലെ രോഗ്യ വിദഗ്ധരും ഭരണ കര്‍ത്താക്കളും കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതിയില്‍ ആണ്. രോഗബാധിതരുടേയും രോഗം ബാധിച്ച് മരിക്കുന്നവരുടേയും എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചുവരികയാണ്. ഇത് വലിയ ആശങ്കയാണ് ഇംഗ്ലണ്ടില്‍ സൃഷ്ടിക്കുന്നത്.

കണക്ക് തെറ്റെന്ന്... സര്‍ക്കാരും സമ്മതിച്ചു
ഇതിനിടയിലാണ് ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം സംബന്ധിച്ച് പുതിയ വിവാദം ഉടലെടുത്തത്. സര്‍ക്കാര്‍ പുറത്ത് വിട്ട കണക്ക് തെറ്റാണെന്നായിരുന്നു വാദം. ഇക്കാര്യം ഒടുവില്‍ സര്‍ക്കാര്‍ തന്നെ അംഗീകരിക്കുകയും ചെയ്തു. ആശുപത്രികളില്‍ മരിച്ചവരുടെ എണ്ണം മാത്രമേ കണക്കിലുള്ളു. കൊവിഡ് ബാധിച്ച് വീടുകളില്‍ മരണപ്പെട്ടവരും ഉണ്ട്. ഇതെല്ലാം ചേര്‍ത്തുള്ള കണക്ക് പുറത്ത് വിടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

മരണ സംഖ്യ ഉയരും
ബ്രിട്ടനിലെ മരണ സംഖ്യ ഈ കണക്ക് പുറത്ത് വരുമ്പോള്‍ തന്നെ ഉയരും എന്ന് ഉറപ്പാണ്. ഇത് കൂടാതെ, മൊത്തത്തിലുള്ള മരണവും വരും ആഴ്ചകളില്‍ കുത്തനെ ഉയര്‍ന്നേക്കും എന്നാണ് അധികൃതര്‍ തന്നെ വിലയിരുത്തുന്നത്. ചികിത്സയ്ക്ക് ആവശ്യമായ സംവിധാനങ്ങളും അപര്യാപ്തതയും മരണ സംഖ്യ കൂടാന്‍ കാരണമായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രൊജക്ഷന് സ്റ്റഡി
കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ ബ്രിട്ടനെ ഉണര്‍ത്തിയത് ഒരു പ്രൊജക്ഷന് സ്റ്റഡി ആയിരുന്നു. ഇംഗ്ലണ്ടിലെ ഇംപീരിയല്‍ കോളേജിലെ മാത്തമാറ്റിക്കല്‍ ബയോളജി പ്രൊഫസര്‍ നീല്‍ ഫെര്‍ഗൂസന്റെ നേതൃത്തിലുള്ള പഠനം പ്രവചിച്ചത് അഞ്ച് ലക്ഷം മരണങ്ങള് ആയിരുന്നു. വൈറസ് വ്യാപനത്തെ തടയാന്‍ ശ്രമിച്ചില്ലെങ്കില്‍ അത് സംഭവിക്കും എന്ന് തന്നെയാണ് പഠനത്തില്‍ പറഞ്ഞിരുന്നത്. ഇതോടെയാണ് പ്രധാനമന്ത്രി ഉണര്‍ന്നെഴുന്നേറ്റത്.

പ്രധാനമന്ത്രിവരെ പിടിയില്‍
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഇപ്പോള്‍ കൊറോണ വൈറസിന്റെ പിടിയില്‍ ആണ് എന്നതാണ് ഞെട്ടിക്കുന്ന വിവരം. വൈറസ് ബാധയെ ഗൗരവത്തിലെടുക്കാതിരുന്നതിന്റെ പ്രത്യാഘാതം തന്നെ ആയിരുന്നു ഇത്. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഡൊമനിക്ക് കമ്മിങ്സും ഇപ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്നുണ്ട്. ഇദ്ദേഹത്തേയും ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.
ബ്രിട്ടീഷ് ആരോഗ്യമന്ത്രിയ്ക്ക് ഇതിനും മുന്നേ തന്നെ കൊവിഡ് സ്ഥിരീകരി്ച്ചിരുന്നു.