ലോകത്ത് പട്ടിണി ഇരട്ടിയാകും... കൊറോണയേക്കാള്‍ ഭീകരം സ്ഥിതിഗതികൾ; കണക്കുകള്‍ കണ്ണുതള്ളിക്കും
ന്യൂയോര്‍ക്ക്: ലോകത്തിന്റെ സമ്പദ് ഘടന ഇപ്പോള്‍ തന്നെ സമതുലനമല്ല. പണമുള്ളവരുടെ കൈയ്യില്‍ ആവശ്യത്തിലേറെ പണം, ഇല്ലാത്തവരുടെ കൈയ്യില്‍ തീരെയില്ല എന്നതാണ് സ്ഥിതി. ഭക്ഷ്യവസ്തുക്കളുടെ കാര്യവും അങ്ങനെ തന്നെയാണ്. ഈ ലോകത്തില്‍ പട്ടിണിയില്ലാതാക്കാന്‍ മാത്രം ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാണ്. പക്ഷേ, അത് അത്യാവശ്യക്കാരിലേക്ക് എത്താറില്ലെന്നത് യാഥാര്‍ത്ഥ്യവും.
ഇനി വരുന്ന നാളുകളില്‍ കാര്യങ്ങള്‍ ഇതിലേറെ കഷ്ടമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. 135 ദശലക്ഷം മനുഷ്യരാണ് നിലവില്‍ കൊടിയ പട്ടിണിയില്‍ ജീവിക്കുന്നത്. ഈ വര്‍ഷം ഇതിന്റെ അത്രയോളം പുതിയ മനുഷ്യര്‍ ഈ പട്ടിണി പട്ടികയിലേക്ക് എത്തപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍.

പട്ടിണി ഇരട്ടിയാകും
ലോകത്ത് നിലവില്‍ 13.5 കോടി ജനങ്ങള്‍ കൊടിയ ദാരിദ്ര്യത്തിലും പട്ടിണിയിലും ആണ് എന്നാണ് കണക്കുകള്‍. എന്നാല്‍ ഈ വര്‍ഷം ഒരു 13 പേര്‍ എങ്കിലും പുതിയതായി കൊടിയ പട്ടിണിയില്‍ ആകും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതി പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്.

കൊറോണ വൈറസില്‍ സംഭവിച്ചത്
കൊറോണ വൈറസ് വ്യാപനം ഏറ്റവും അധികം ബാധിച്ചത് ടൂറിസം, ഹോസ്പിറ്റാലിറ്റി, യാത്രാ മേഖലകളെ ആണ്. ഈ മേഖലകളില്‍ പണിയെടുക്കുന്ന കോടിക്കണക്കിന് ആളുകള്‍ ഇപ്പോള്‍ തന്നെ തൊഴില്‍ രഹിതരായിക്കഴിഞ്ഞു. വരും ദിനങ്ങള്‍ ഇവരെ സംബന്ധിച്ച് കൂടുതല്‍ കഠിനമായിരിക്കും. കടുത്ത സാമ്പത്തിക മാന്ദ്യം എല്ലാ മേഖലകളേയും ഞെരിച്ചുകൊണ്ടിരിക്കുകയാണ്.

26.5 കോടി മനുഷ്യര്‍
ഒന്നും രണ്ടും ഒന്നുമല്ല, ഈ വര്‍ഷം പട്ടിണിയില്‍ ആകാന്‍ പോകുന്നത് ഇരുപത്തിയാറര കോടി മനുഷ്യരാണ് എന്നാണ് ലോക ഭക്ഷ്യ പദ്ധതിയുടെ വിലയിരുത്തല്‍. ഒരുപക്ഷേ, ലോകം കണ്ട ഏറ്റവും വലിയ ക്ഷാമകാലത്തിലൂടെയാകും 2020 എന്ന വര്‍ഷം കടന്നുപോവുക. കോടിക്കണക്കിന് ആളുകള്‍ ഇപ്പോള്‍ തന്നെ പട്ടിണിയുടെ വക്കിലാണ് കഴിയുന്നത്.

കാര്‍ഷിക മേഖല
കൊവിഡ് വ്യാപനം കാര്‍ഷിക മേഖലയെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. പലയിടത്തും വിളവെടുപ്പ് നടക്കുന്നില്ല. അതോടൊപ്പം, ഈ രോഗവ്യാപന കാലയളവ് കഴിഞ്ഞാല്‍ കര്‍ഷകര്‍ എങ്ങനെ ജീവിതം മുന്നോട്ട് നയിക്കും എന്നതും ചോദ്യചിഹ്നമാണ്. കൃഷിയെ വലിയ രീതിയില്‍ ഇത് ബാധിക്കും. അത് ഭക്ഷ്യോല്‍പാദത്തേയും ബാധിക്കും. ആത്യന്തികമായി ഇതെല്ലാം സൃഷ്ടിക്കുക കൊടിയ പട്ടിണി തന്നെ ആയിരിക്കും.

ആഫ്രിക്കയില്‍ അതിരൂക്ഷമാകും
ഇപ്പോള്‍ തന്നെ ദാരിദ്ര്യം ഏറ്റവും കൂടുതല്‍ രൂക്ഷമായിട്ടുള്ളത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആണ്. കൊവിഡ്-19 ന് ശേഷം പട്ടിണിയുടെ ഏറ്റവും രൂക്ഷമായ പ്രതിഫലനവും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആയിരിക്കും പ്രകടമാവുക എന്നാണ് വിലയിരുത്തപ്പെടുന്നത്. മികച്ച സര്‍ക്കാര്‍ സംവിധാനങ്ങളിലാത്ത രാജ്യങ്ങളെല്ലാം തന്നെ പട്ടിണിയിലേക്ക് നീങ്ങും.












Click it and Unblock the Notifications