കോവിഡ് JN.1 വകഭേദം: അമേരിക്ക ഉൾപ്പെടെ 11 രാജ്യങ്ങളിൽ പുതിയ വൈറസ് വ്യാപനം
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും ലോകം പതുക്കെ കരകയറി വരുന്ന സമയമാണ് ഇത്. വൈറസിനെ പൂർണ്ണ തോതില്‍ ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും മനുഷ്യന്റെ പ്രതിരോധ ശേഷിക്ക് കോവിഡ് വൈറസുകളെ അതിജീവിക്കാന്‍ സാധിക്കുന്നു. എന്നാല്‍ ഇതിനിടയിലാണ് കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം ലോകത്തെ വീണ്ടും ആശങ്കയിലാക്കുന്നുവെന്ന റിപ്പോർട്ടുകള്‍ പുറത്ത് വരുന്നത്.
പുതിയ വൈറസ് വ്യാപനത്തെക്കുറിച്ച് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഇത് വാക്സിൻ പ്രതിരോധത്തെ മറികടന്നേക്കുമെന്ന ആശങ്കയും അവർ മുന്നോട്ട് വെക്കുന്നുണ്ട്. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ JN.1 ആദ്യമായി തിരിച്ചറിയുന്നത് സെപ്റ്റംബർ മാസം ആദ്യമാണ്. യു എസ് ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ ഇതിനോടകം പുതിയ വൈറസ് വകഭേദം കണ്ടെത്തിയിട്ടുണ്ട്.

BA. 2.86 വക ഭേദത്തിൽ നിന്നും ഉണ്ടായ പുതിയ രൂപമാണ് JN.1. 2021 ലെ കോവിഡ് വ്യാപനത്തില്‍ യുഎസ്, ചൈന, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ വലിയ തോതില്‍ മരണത്തിന് ഇടയാക്കിയ ഒമിക്രോൺ വകഭേദത്തിൽ നിന്നും ഉണ്ടായതാണ് പിറോള എന്ന് അറിയപ്പെടുന്ന BA. 2.86. സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
SARS-CoV-2 വൈറസുകളുടെ 0.1 ശതമാനത്തിൽ താഴെയാണ് പുതിയ വകഭേദം വരുന്നതെന്നും അതിനാൽ വലിയ ഭീഷണിയല്ലെന്നും സിഡിസി പറയുന്നു. രോഗത്തിനെതിരെയുള്ള സംരക്ഷണത്തെ സംബന്ധിച്ചിടത്തോളം, JN.1 സ്ട്രെയിനിന്റെ കാര്യത്തിൽ നിലവിലുള്ള വാക്സിനുകൾക്ക് കാര്യമായ പ്രയോജനം ഉണ്ടായേക്കില്ല. എന്നാല്‍ 2023-2024 ൽ പുറത്തിറങ്ങിയ കോവിഡ് -19 പ്രതിരോധ വാക്സിനുകൾ BA. 2.86 നും എതിരെ പ്രവർത്തിച്ചതിനാൽ പുതിയ വകഭേദത്തിനെതിരെയും ഫലപ്രദമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
"വൈറസുകൾ കാലക്രമേണ നിരന്തരം പരിണമിക്കുകയും പുതിയ വകഭേദങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. കോവിഡ്-19 ഉള്ളിടത്തോളം കാലം നമുക്ക് പുതിയ വകഭേദങ്ങൾ ഉണ്ടാകും. കഴിഞ്ഞ ഓഗസ്റ്റ് അവസാനം ലക്സംബർഗിൽ കണ്ടെത്തിയ ശേഷം വളരെ വേഗത്തിലുള്ള വ്യാപനമാണ് ഈ വകഭേദത്തിന് ഉണ്ടായിട്ടുള്ളത്. ഇംഗ്ലണ്ട്, ഐസ്‌ലാൻഡ്, ഫ്രാൻസ്, യു എസ് തുടങ്ങിയ രാജ്യങ്ങളിലും പുതിയ വക ഭേദമായ JN.1 കണ്ടെത്തിയിട്ടുണ്ട്." എന്നും റിപ്പോർട്ട് പറയുന്നു.
BA. 2.86 വകഭേദത്തിന്റെ അതേ ലക്ഷണങ്ങൾ തന്നെയാണ് JN.1 നും ഉള്ളതെന്ന് സിഡിസി റിപ്പോർട്ടില്‍ പറയുന്നു. പനി, വിറയല്‍, ചുമ , ശ്വാസംമുട്ടൽ, ക്ഷീണം, ശരീര വേദന, തലവേദന, രുചിയും മണവും നഷ്ടപ്പെടുക, തൊണ്ട വേദന, മൂക്കടപ്പ്, ഛർദ്ദി, വയറിളക്കം എന്നിവയായിരിക്കും പുതിയ വകഭേദത്തിന്റെയും രോഗലക്ഷണം.












Click it and Unblock the Notifications