ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു: മൂന്ന് മാസത്തെ താഴ്ന്ന നിരക്ക്, ഇന്ത്യയുടെ പ്രതീക്ഷ ഫലം കാണുമോ?
ഡല്‍ഹി: ഹമാസ് - ഇസ്രായേല്‍ സംഘർഷം രൂക്ഷമായതിന് പിന്നാലെ ക്രൂഡ് ഓയില്‍ വിലയില്‍ വലിയ വർധനവായിരുന്നു കഴിഞ്ഞ മാസങ്ങളില്‍ രേഖപ്പെടുത്തിയത്. ഉത്പാദനം വെട്ടിക്കുറയ്ക്കാനുള്ള റഷ്യയുടേയും സൗദിയുടേയും തീരുമാനവും വിലയില്‍ പ്രതിഫലിച്ചിരുന്നു. എന്നാല്‍ 93 ഡോളറിന് മുകളിലേക്ക് പോയ വില ഇപ്പോള്‍ 80 ഡോളറിന് താഴേക്ക് എത്തി നില്‍ക്കുകയാണ്. നിലവില്‍ കഴിഞ്ഞ മൂന്ന് മാസത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഇതോടെ ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില കുറയുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
നിലവിലുള്ള ഇസ്രായേൽ-ഹമാസ് സംഘർഷം സമീപത്തെ പ്രമുഖ എണ്ണ ഉൽപ്പാദകരെ ബാധിച്ചിട്ടില്ലെന്നതും എണ്ണ വില കുറയുന്നതില്‍ നിർണ്ണായകമായി. അന്താരാഷ്ട്ര വിപണിയില്‍ ഡിമാൻഡ് കുറയുമെന്ന ആശങ്കയും കഴിഞ്ഞ മൂന്നാഴ്ചയായി വില വലിയ തോതില്‍ കുറയുന്നതിലേക്ക് നയിച്ചു. ബ്രെന്റ് ഫ്യൂച്ചറുകൾ ഈ ആഴ്ച 5.7% ഇടിഞ്ഞപ്പോൾ ഡബ്ല്യൂടിഐ കഴിഞ്ഞ ആഴ്ചയിൽ നിന്ന് 5.9% കുറഞ്ഞു.

ദുർബലമായ ചൈനീസ് സാമ്പത്തിക ഡാറ്റ ഡിമാൻഡ് കുറയുന്നതിന്റെ ആശങ്ക വർദ്ധിപ്പിച്ചു. കൂടാതെ, ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരായ സൗദി അറേബ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങുന്ന ചൈനയിലെ റിഫൈനർമാർ ഡിസംബറിൽ സൗദി അറേബ്യയിൽ നിന്ന് കുറഞ്ഞ വിതരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
നിലവില്‍ വില കുറഞ്ഞെങ്കിലും സമീപകാലത്ത് തന്നെ ഉയർച്ചയുണ്ടാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ വ്യക്തമാക്കുന്നത്. ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നുള്ള ഡിമാന്‍ഡ് വീണ്ടും ഉയരും. അതോടൊപ്പം തന്നെ എണ്ണ ഉത്പാദക രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെകി ഈ മാസം 26 ന് അവലോകന യോഗം ചേരുന്നുണ്ട്. എണ്ണ വില വലിയ തോതില്‍ കുറയുകയാണെങ്കില്‍ റഷ്യയും സൌദിയും അടങ്ങുന്ന സംഗം വില പിടിച്ച് നിർത്താനുള്ള ശ്രമങ്ങള്‍ തുടർന്നേക്കും.
ക്രൂഡ് ഓയില്‍ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നത് ഈ വർഷം അവസാനം വരെ തുടരുമെന്ന് സൗദി അറേബ്യയും റഷ്യയും നേരത്തെ വ്യക്തമാക്കിയിരുന്നു. ഡിമാൻഡും സാമ്പത്തിക വളർച്ചയും ക്രൂഡ് വിപണിയെ ബാധിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളും നിലപാട് വ്യക്തമാക്കിയത്. വില വർധനവ് നിയന്ത്രിക്കുന്നതിനായി ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്ന തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ഇന്ത്യ ഉള്‍പ്പെടേയുള്ള ഉപഭോഗ രാഷ്ട്രങ്ങളുടെ നിലപാട്. ഇത് കാര്യമാക്കാതെയാണ് സൗദി അറേബ്യയും റഷ്യയും ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്നത് നീട്ടിയത്.
വില നിലവാരം ഈ നിലയിലാണ് പോകുന്നതെങ്കില്‍ ഉത്പാദനം വെട്ടിക്കുറയ്ക്കുന്നത് അടുത്ത വർഷത്തേക്കും നീട്ടിയേക്കും. പ്രതിദിനം 1 ദശലക്ഷം ബാരൽ (ബിപിഡി) ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്നത് തുടരുമെന്നാണ് സൗദി അറേബ്യ അറിയിച്ചത്. പിന്നാലെ ഡിസംബർ അവസാനം വരെ ക്രൂഡ് ഓയിൽ, പെട്രോളിയം ഉൽപ്പന്ന കയറ്റുമതിയിൽ നിന്ന് 300,000 ബിപിഡി ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുമെന്ന് റഷ്യയും വ്യക്തമാക്കി.












Click it and Unblock the Notifications