യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ് ബിൻ സായിദിന്റെ മരണം; ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ച് ഇന്ത്യ
ദില്ലി; യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഇന്ത്യ. ശൈഖ് ഖലീഫ ബിൻ സായിദ് അല്‍ നഹ്‍യാനോടുള്ള ആദര സൂചകമായി ശനിയാഴ്ച ദുഃഖാചരണം നടത്തുമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ അറിയിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി ദേശീയ പതാക താഴ്ത്തിക്കെട്ടും.ഔദ്യോഗിക വിനോദ പരിപാടികൾ ഉണ്ടാകില്ലെന്നും സർക്കാർ വ്യക്തമാക്കി.
യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ അഗാധ ദുഃഖം രേഖപ്പെടുത്തിയിരുന്നു . മഹാനായ രാഷ്ട്രതന്ത്രജ്ഞനും ദീർഘവീക്ഷണമുള്ള നേതാവുമായ അദ്ദേഹത്തിന്റെ കീഴിൽ ഇന്ത്യ-യുഎഇ ബന്ധം അഭിവൃദ്ധി പ്രാപിച്ചരുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.
'ഷെയ്ഖ് ഖലീഫ ബിൻ സായിദിന്റെ വിയോഗത്തെ കുറിച്ച് അറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്. ഇന്ത്യ-യുഎഇ ബന്ധം അഭിവൃദ്ധിപ്പെടുത്തിയ മഹത്തായ രാഷ്ട്രതന്ത്രജ്ഞനും ദീർഘവീക്ഷണമുള്ള നേതാവുമായിരുന്നു അദ്ദേഹം. ഇന്ത്യൻ ജനതയുടെ ഹൃദയംഗമമായ അനുശോചനം യുഎഇയിലെ ജനങ്ങൾക്കൊപ്പമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു ' എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 2004 നവംബർ 3 മുതൽ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. യുഎഇ സ്ഥാപകനും ആദ്യ ഭരണാധികാരിയുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‍യാന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം ഭരണം ഏറ്റെടുത്തത്.
1948 ലാണ് ശൈഖ് ഖലീഫയുടെ ജനനം. അബുദാബിയുടെ 16ാമത്തെ ഭരണാധികാരിയായിരുന്നു.രാജ്യത്ത് നിരവധി ഭരണപരമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ ഭരണാധികാരിയായിരുന്നു.