നാണക്കേടിന്റെ ചരിത്രം പേറി ട്രംപ് ; അമേരിക്കയിൽ ആദ്യം, വന്‍ പ്രതിഷേധത്തിന് സാധ്യത
ന്യൂയോർക്ക് : വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ അശ്ലീല ചിത്ര നടിക്ക് പണം നല്‍കിയ കേസിൽ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് കോടതിയിൽ ഹാജരാകും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.15 ഓടെയാണ് ട്രംപ് കോടതിയിൽ എത്തുക.മൻഹാട്ടൻ കോടതിയിൽ ജഡ്ജി യുവാൻ മെർക്കന് മുൻപിലാണ് ട്രംപ് ഹാജരാകുക.
കോടതിയിൽ ഹാജരാകുന്നതിനായി ട്രംപ് ന്യൂയോർക്കിലെത്തി. പോലീസുകാരും കോടതി ഉദ്യോഗസ്ഥരുടേയും രഹസ്യാന്വേഷണ ഏജൻറുമാരും ട്രംപിനെ കോടതിയിലേക്ക് അനുഗമിക്കും.
കോടതിയിൽ ട്രംപിനെ കുറ്റപത്രം വായിച്ച് കേൾപ്പിക്കും. എന്നാൽ ട്രംപിനെ കൈയ്യാമം വെയ്ക്കുകയോ, ജയിലിൽ അടക്കുകയോ ചെയ്യില്ല. അതേസമയം ട്രംപിനെതിരായ കോടതി നടപടികളുടെ പശ്ചാത്തലത്തിൽ അനുയായികളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ന്യൂയോർക്കിൽ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

'വിച്ച് ഹണ്ട്' എന്നായിരുന്നു കോടതിയിലേക്ക് ട്രംപ് പുറപ്പെടുന്നതിന് മുൻപ് റിപബ്ലിക്കൻസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. നേരത്തേ തന്റെ അറസ്റ്റുണ്ടായാൽ അണികൾ തെരുവിലേക്ക് ഇറങ്ങണമെന്നും വലിയ പ്രതിഷേധം നടത്തണമെന്നും ട്രംപ് അണികളോട് ആഹ്വാനം ചെയ്തിരുന്നു.
അതേസമയം നടപടികൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങളെ കോടതിക്കുള്ളിൽ അനുവദിക്കണമെന്ന ആവശ്യത്തിനെതിരെ ട്രംപിന്റെ അഭിഭാഷകർ രംഗത്തെത്തി. സാഹചര്യം കൂടുതൽ സങ്കീർണമാക്കാൻ ഇത് കാരണമാകുമെന്നാണ് അഭിഭാഷകരുടെ വാദം. മാത്രമല്ല കോടതി നടപടികളുടെ അന്തസും അച്ചടക്കവും തടസപ്പെടുത്തുന്നതിനും ഇത് കാരണമാകുമെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ ഇക്കാര്യത്തിൽ ജഡ്ജി നിലപാട് വ്യക്തമാക്കുമെന്ന് അൽവിൻ ബ്രാഗിന്റെ ഓഫീസ് വ്യക്തമാക്കി. അതേസമയം ട്രംപിനെതിരായ മറ്റൊരു കേസിൽ നേരത്തേ ചില ഫോട്ടോഗ്രാഫർമാരെ കോടതി നടപടികൾ പകർത്താൻ ജഡ്ജ് അനുമതി നൽകിയിരുന്നുവെന്നും ഓഫീസ് ചൂണ്ടിക്കാട്ടി.
ട്രംപ‌് പോൺ താരമായ സ്റ്റോമി ഡാനിയലുമായി ബന്ധം പുലർത്തിയിരുന്നതായും 2016ലെ തെരഞ്ഞെടുപ്പ് സമയത്ത് ഇവർ ഇക്കാര്യം പുറത്ത് പറയാതിരിക്കാനായി പ്രചാരണ ഫണ്ടില്‍ നിന്ന് 130,000 ഡോളര്‍ നല്‍കി എന്നുമാണ് കേസ്.ട്രംപിനെതിരെ ലൈംഗീകാരോപണമുന്നയിച്ച് സ്‌റ്റോമി ഡാനിയല്‍സ് നേരത്തേ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിനു മുന്‍പ് ഇത് ഒത്തുതീര്‍ക്കാന്‍ വേണ്ടിയാണ് പണം കൈമാറിയതെന്നായിരുന്നു കേസ്. ക്രിമിനൽ കേസിൽ കുറ്റവിചാരണ നേരിടുന്ന ആദ്യ യുഎസ് പ്രസിഡന്റ് കൂടിയാണ് ട്രംപ്.
അതേസമയം 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനുള്ള നീക്കത്തിനിടെയാണ് ട്രംപിനെതിരായ കോടതി നടപടി. കേസ് ട്രംപിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല കഴിഞ്ഞ വർഷത്തെ കാപിറ്റോൾ കലാപ കേസിലും ട്രംപിനെതിരെ കുരുക്ക് മുറുകുകയാണ്.












Click it and Unblock the Notifications