ഒബാമയുടെ അറസ്‌റ്റിന്റെ എഐ വീഡിയോ പങ്കുവച്ച് ഡൊണാൾഡ് ട്രംപ്; 'ആരും നിയമത്തിന് അതീതരല്ല'
ന്യൂയോർക്ക്: മുൻ പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ ബരാക് ഒബാമയ്ക്ക് എതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ (എഫ്ബിഐ) ഒബാമയെ ഓവൽ ഓഫീസിൽ അറസ്‌റ്റ് ചെയ്യുന്നതിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് നിർമ്മിച്ച വീഡിയോ പങ്കുവച്ചു കൊണ്ടാണ് യുഎസ് പ്രസിഡന്റിന്റെ കടന്നാക്രമണം. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ട്രംപ് വീഡിയോ പങ്കുവച്ചത്.
"പ്രസിഡന്റ് നിയമത്തിന് മുകളിലാണ്" എന്ന് ഒബാമ പറയുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് നിരവധി യുഎസ് നേതാക്കൾ "ആരും നിയമത്തിന് അതീതരല്ല" എന്ന് പറയുന്നത് ഇതിൽ കാണാം. ശേഷം ഒബാമ ഒരിക്കൽ പ്രസിഡന്റായിരുന്ന അതേ ഓഫീസിൽ കൈവിലങ്ങ് അണിഞ്ഞ് രണ്ട് എഫ്ബിഐ ഏജന്റുമാർക്കൊപ്പം നിൽക്കുന്ന രീതിയിൽ കാണാം. അറസ്‌റ്റ് സമയത്ത് ട്രംപ് ഇരുന്നു പുഞ്ചിരിക്കുന്നത് വീഡിയോയിൽ കാണാം.

ജയിലിലെ ഓറഞ്ച് ജമ്പ്‌സ്യൂട്ട് ധരിച്ച് ഒബാമ ജയിലിനുള്ളിൽ നിൽക്കുന്നിടത്താണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച എഐ വീഡിയോ അവസാനിക്കുന്നത്. വീഡിയോ സാങ്കൽപ്പികമാണെന്ന് കാണിക്കുന്ന ഒരു മുന്നറിയിപ്പും ട്രംപ് ഇതിനോടൊപ്പം ചേർത്തിട്ടില്ലെന്നതാണ് പ്രധാന കാര്യം. ഇത് സമൂഹ മാധ്യമങ്ങളിൽ വിമർശനത്തിന് ഇടയാക്കുന്നുണ്ട്. നിരുത്തവാദപരമായ സമീപനം എന്നാണ് ട്രംപ് ഈ നീക്കത്തെ വിശേഷിപ്പിച്ചത്.
എഐ വീഡിയോ വന്നതിന് പിന്നാലെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കുന്നുണ്ട്. ചിലർ "ഒബാമയെ അറസ്‌റ്റ് ചെയ്യുമോ?" എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. മറ്റ് ചിലരാവട്ടെ ഇത്തരമൊരു വീഡിയോ ട്രംപ് പങ്കുവച്ചത് ശരിയായില്ലെന്നും അദ്ദേഹം ഇപ്പോൾ യുഎസിന്റെ പ്രസിഡന്റ് ആണെന്നും അഭിപ്രായപ്പെടുന്നുണ്ട്.
ഒബാമ ഉന്നതതല തിരഞ്ഞെടുപ്പ് തട്ടിപ്പ് നടത്തിയെന്ന് ട്രംപ് ആരോപിച്ചതിന് പിന്നാലെയാണ് ഈ വീഡിയോ കൂടി അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. 2016ലെ തിരഞ്ഞെടുപ്പിന് ശേഷം ട്രംപിന്റെ പ്രസിഡന്റ് സ്ഥാനം തടയാൻ മുൻ ഒബാമ ഉദ്യോഗസ്ഥർ ട്രംപ്-റഷ്യ ഗൂഢാലോചന സിദ്ധാന്തം ഉണ്ടാക്കിയതായി ആരോപിക്കപ്പെടുന്നതിന്റെ ചില തെളിവുകൾ തന്റെ കൈവശമുണ്ടെന്ന് യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്‌ടർ തുളസി ഗബ്ബാർഡ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
'2016ൽ, ഒബാമ ഭരണകൂടത്തിലെ ഏറ്റവും ശക്തരായ ആളുകൾ എങ്ങനെയാണ് ഇന്റലിജൻസ് രാഷ്ട്രീയവൽക്കരിക്കുകയും ആയുധമാക്കുകയും ചെയ്‌തത് എന്നതിനെക്കുറിച്ചുള്ള സത്യം അമേരിക്കക്കാർ ഒടുവിൽ മനസിലാക്കും. അത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ വർഷങ്ങളായി നടന്ന ഒരു അട്ടിമറിക്ക് അടിത്തറ പാകി. അമേരിക്കൻ ജനതയുടെ താൽപര്യം അട്ടിമറിക്കുകയും നമ്മുടെ ജനാധിപത്യ റിപ്പബ്ലിക്കിനെ ദുർബലപ്പെടുത്തുകയും ചെയ്‌തു' തുളസി ആരോപിച്ചു.
കൂടാതെ 2016 നവംബറിലെ തിരഞ്ഞെടുപ്പിന് മുമ്പ്, റഷ്യ സൈബർ മാർഗങ്ങൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നില്ലെന്ന് ഇന്റലിജൻസ് കമ്മ്യൂണിറ്റി സ്ഥിരമായി വിലയിരുത്തിയതിന്റെ തെളിവുകൾ വിശദീകരിക്കുന്ന 114 പേജുള്ള ഒരു രേഖ നാഷണൽ ഇന്റലിജൻസ് ഡയറക്‌ടറുടെ ഓഫീസ് പുറത്തുവിട്ടിരുന്നു.












Click it and Unblock the Notifications