ഫുട്‌ബോളില്‍ നിന്ന് സമ്പാദിച്ചതെല്ലാം ഭാര്യ കൊണ്ടു പോയി, ആഴ്‌സണല്‍ മുന്‍ ഡിഫന്‍ഡര്‍ പെരുവഴിയില്‍!
ലണ്ടന്‍: കൂടുതല്‍ സ്‌നേഹം കാണിക്കുന്ന ഭാര്യമാരെ ഒന്ന് സൂക്ഷിച്ചോണം ! തേച്ചിട്ട് പോകുന്ന കാമുകിമാരേക്കാള്‍ ഭീകരിമാരാകും ഇത്തരം ഭാര്യമാര്‍ എന്നാണ് ഐവറികോസ്റ്റ് ഫുട്‌ബോള്‍ താരം ഇമ്മാനുവല്‍ എബോയുടെ ജീവിതം നമ്മളോട് സംവദിക്കുന്നത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന്റെ ഡിഫന്‍ഡറായിരുന്ന ഇമ്മാനുവല്‍ എബോക്ക് ഇന്ന് കയറിക്കിടക്കാന്‍ ഒരു വീടുപോലുമില്ല. എല്ലാം സ്‌നേഹം നടിച്ച ഭാര്യ ഡിവോഴ്‌സോടെ തട്ടിയെടുത്തു. ഡെയ്‌ലി മിറര്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് എബോ തനിക്കുണ്ടായ ദുരന്തം വിവരിച്ചത്. മുത്തശ്ശി വസ്ത്രം അലക്കാനും പാചകം ചെയ്യാനും പഠിപ്പിച്ചത് ഭാഗ്യം. ഇല്ലെങ്കില്‍ ഇപ്പോള്‍ താന്‍ പെട്ടുപോയേനെ. സ്വന്തമായിട്ട് വാഷിംഗ് മെഷീന്‍ പോലുമില്ല ഇപ്പോള്‍. വക്കീലിന്റെ വീട്ടിലും ചില സുഹൃത്തുക്കളുടെ വീടിന്റെ തിണ്ണയിലുമാണ് ഇപ്പോള്‍ താമസിക്കുന്നത്. ബൈക്കോ കാറോ ഒന്നും ഇല്ല. എല്ലാം ഡിവോഴ്‌സ് സെറ്റില്‍മെന്റിനായി എബോക്ക് വില്‍ക്കേണ്ടി വന്നു.

സ്വന്തമായൊരു വീടുണ്ടെങ്കിലും അതില്‍ താമസിക്കാന്‍ ഭയമാണ്. എപ്പോഴാണ് തന്നെ തേടി പോലീസ് വരിക എന്നറിയില്ല. വീട്ടിലുള്ളപ്പോള്‍ ലൈറ്റിടാതെ പതുങ്ങിയിരിക്കാറാണ്. ഡിവോഴ്‌സാകുമ്പോള്‍ ആകെയുള്ള വീടും കൂടി മുന്‍ ഭാര്യ ഓറെലിക്ക് നല്‍കേണ്ടതുണ്ട് എബോക്ക്.
യൂറോപ്യന്‍ ഫുട്‌ബോളില്‍ കത്തിജ്വലിച്ചു നില്‍ക്കുന്ന കാലത്ത് എബോയുടെ സമ്പാദ്യമെല്ലാം കൈകാര്യം ചെയ്തത് ഓറെലിയായിരുന്നു. വലിയ വിദ്യാഭ്യാസമില്ലാഞ്ഞതിനാലാണിത്. ഭാര്യ പറയുന്നിടത്തെല്ലാം ഒപ്പിട്ട് നല്‍കി. തുര്‍ക്കിയില്‍ ക്ലബ്ബ് ഫുട്‌ബോളില്‍ നിന്ന് എട്ട് ദശലക്ഷം യൂറോ വരുമാനം ലഭിച്ചപ്പോള്‍ ഏഴ് ദശലക്ഷം യൂറോയും വീട്ടിലെ ചെലവുകള്‍ക്കായി അയച്ചു കൊടുത്തു. മൂന്നു മക്കളുണ്ട് എബോക്ക്. രണ്ട് പെണ്‍കുട്ടികള്‍. പതിനാല് വയസുള്ള ക്ലാരയും പന്ത്രണ്ട് വയസുള്ള മീവയും. മകന്‍ മാതിസിന് ഒമ്പത് വയസ്.
എബോ ഇവരുമായി സംസാരിച്ചിട്ട് നാളുകളായി. ഇടക്ക് ഫോണില്‍ ബന്ധമുണ്ടായിരുന്നു. ഇപ്പോള്‍ മക്കളെയും അകറ്റിക്കളഞ്ഞു. ഇതാണ് തന്നെ തകര്‍ത്തു കളഞ്ഞതെന്ന് എബോ പറയുന്നു.
മുന്‍ താരത്തെ സഹായിക്കാന്‍ ആഴ്‌സണല്‍ ക്ലബ്ബ് അധികൃതര്‍ മുന്നോട്ട് വന്നിട്ടുണ്ട്. യൂത്ത് ടീമിന്റെ കോച്ചിംഗ് സ്റ്റാഫുകളില്‍ ഉള്‍പ്പെടുത്താന്‍ ആഴ്‌സണല്‍ ആലോചിക്കുന്നുണ്ടത്രെ. ഫുട്‌ബോള്‍ പ്ലെയേഴ്‌സ് അസോസിയേഷനും എബോയുടെ ദുര്യോഗത്തില്‍ ഒപ്പമുണ്ട്. ഇത് ഐവറികോസ്റ്റുകാരന് കുറച്ചൊന്നുമല്ല ആശ്വാസമാകുന്നത്.












Click it and Unblock the Notifications