'ഇന്ത്യൻ വംശജരെ ജോലിക്ക് എടുക്കരുത്'; ഇൻഫോസിസിൽ വംശീയ വിവേചനം എന്ന് വെളിപ്പെടുത്തൽ
വാഷിംഗ്ടൺ: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി കമ്പനി ഇൻഫോസിസിനെതിരെ ഗുരുതര ആരോപണം. യുഎസിൽ നിന്ന് ജീവനക്കാരെ റിക്രൂട്ട് ചെയ്യുമ്പോൾ, ഇന്ത്യൻ വംശജരെ എടുക്കരുതെന്ന് എച്ച് ആർ നിർദ്ദേശം നൽകിയതായി മുൻ ടാലന്റ് അക്വിസിഷൻ വൈസ് പ്രസിഡന്റ് വെളിപ്പെടുത്തി.
മുൻ ടാലന്റ് അക്വിസിഷൻ വൈസ് പ്രസിഡന്റ് ജിൽ പ്രജീൽ ആണ് കമ്പനിക്കെതിരെ യുഎസ് കോടതിയിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയത്.
റിക്രൂട്ട് ചെയ്യുമ്പോൾ ഇന്ത്യൻ വംശജരെയും കുട്ടികളുള്ള സ്ത്രീകളെയും 50 വയസിന് മുകളിലുള്ളവരെയും എടുക്കേണ്ടതില്ല എന്ന് കമ്പനിയുടെ എച്ച്ആർ നിർദേശിച്ചിരുന്നതായി ജിൽ പ്രജീൽ പറയുന്നു.

റിക്രൂട്ട്‌മെന്റ് നടപടികളിൽ 'പ്രായം, ലിംഗഭേദം, തുടങ്ങിയ നിരവധി മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി നിയമവിരുദ്ധവും വിവേചനപരമായ നടപടികൾ കണ്ടെത്തിയെന്ന് പ്രജീൻ ആരോപിക്കുന്നു. ഇത്തരം നടപടികൾ മാറ്റാൻ തിരുത്താൻ ശ്രമിച്ചെങ്കിലും കമ്പനി പങ്കാളികളായ കുർട്സും ആൽബ്രൈറ്റും തന്നോട് ശത്രുത പുലർത്തിയെന്നും ജിൽ പ്രജീൽ പറയുന്നു. വിവേചനങ്ങൾ ചൂണ്ടിക്കാണിച്ചതിന് പിന്നാലെ കമ്പനി പുറത്താക്കിയെന്ന് ആരോപിച്ചാണ് ജിൽ പ്രജീൽ പരാതി നൽകിയത്.
ഇത് രണ്ടാം തവണയാണ് റിക്രൂട്ട്‌മെന്റിൽ വിവേചനം കാണിക്കുന്നുവെന്ന് കമ്പനിക്കെതിരെ ആരോപണം ഉയരുന്നത് . അതേസമയം പ്രജീൽ നൽകിയ പരാതി തള്ളാനുള്ള കമ്പനിയുടെ അപേക്ഷ കോടതി നിരസിച്ചു. 21 ദിവസത്തിനകം പരാതിയിൽ മറുപടി നൽകാനും കമ്പനിയോട് കോടതി ആവശ്യപ്പെട്ടു.
ഇൻഫോസിസ്, മുൻ സീനിയർ വിപിയും കൺസൾട്ടിംഗ് മേധാവിയുമായ മാർക്ക് ലിവിംഗ്സ്റ്റൺ, മുൻ പങ്കാളികളായ ഡാൻ ആൽബ്രൈറ്റ്, ജെറി കുർട്ട്‌സ് എന്നിവർക്കെതിരെയാണ് ജിൽ പ്രജീൽ പരാതി നൽകിയത്.
2021 ലാണ് കേസ് രജിസ്റ്റർ ചെയ്തത്. റിക്രൂട്ട്മെന്റിൽ ഉദ്യോഗാർത്ഥികളോട് വിവേചനം കാണിക്കുന്ന നടപടിയെ എതിർത്തതിന് തന്നെ കമ്പനി പുറത്താക്കിയതായാണ് പ്രജീൻ തന്റെ പരാതിയിൽ പറയുന്നത്. വിവേചനപരമായ നിലപാട് കമ്പനി സ്വീകരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെയും കമ്പനി നിയമനടപടി നേരിട്ടിട്ടുണ്ട്.
ഇന്‍ഫോസിസ് ജീവനക്കാരനായിരുന്ന എറിക് ഗ്രീന്‍ എന്ന അമേരിക്കക്കാരനായിരുന്നു പരാതി നൽകിയത്. ദക്ഷിണേഷ്യക്കാരല്ലാത്തവരോട് വിവേചനം കാണിക്കുന്നതായിരുന്നു പരാതി.
മുതിര്‍ന്ന ഉദ്യോഗസ്ഥരായ വാസുദേവ നായിക്, ബിനോദ് ഹംപാപുര്‍ എന്നിവര്‍ക്കെതിരെയാണ് എറിക് ഗ്രീന്‍ പരാതി സമർപ്പിച്ചിരുന്നത്. വിവേചനപരമായ നിലപാടുകളെ തുടർന്ന് ജോലി നഷ്ടപ്പെട്ടെന്നായിരുന്നു എറിക് ഗ്രീനിന്റെ പരാതി. നടപടിക്രമങ്ങളും പാലിക്കാതെയാണ് പിരിച്ചുവിട്ടതെന്നും വംശീയതയുടെ ഭാഗമാണ് നടപടിയെന്നും എറിക് ആരോപിച്ചിരുന്നു.












Click it and Unblock the Notifications