റഷ്യന്‍ ചരക്കുകപ്പല്‍ ഫ്രഞ്ച് സൈന്യം പിടിച്ചു; യൂറോപ്പ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്
പാരിസ്: യുക്രൈനെതിരെ ആക്രമണം തുടരുന്ന റഷ്യക്കെതിരെ ഫ്രാന്‍സിന്റെ കടുത്ത നടപടി. യൂറോപ്യന്‍ യൂണിയന്‍ റഷ്യക്കെതിരെ ഉപരോധം പ്രഖ്യാപിച്ച പിന്നാലെ റഷ്യയുടെ ചരക്കുകപ്പല്‍ ഫ്രഞ്ച് നാവിക സേന പിടിച്ചെടുത്തു. റഷ്യയിലെ ബാള്‍ടിക് തുറമുഖ നഗരമായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്ക് കാറുകളുമായി പോയ കപ്പലാണ് ഫ്രഞ്ച് സേന പിടിച്ചത്. ഫ്രഞ്ച് നഗരമായ റൂയിനില്‍ നിന്ന് പുറപ്പെട്ടതായിരുന്നു ബാള്‍ടിക് ലീഡര്‍ എന്ന ചരക്കുകപ്പല്‍. ഫ്രഞ്ച് സേന ഇംഗ്ലീഷ് ചാനലില്‍ വച്ച് കപ്പല്‍ പിടികൂടി മറ്റൊരു തുറമുഖത്തേക്ക് കൊണ്ടുപോയി എന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. യുക്രൈന് ആയുധങ്ങള്‍ നല്‍കുമെന്നും ഫ്രാന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്.
യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ച ഉപരോധത്തിന്റെ പരിധിയില്‍ വരുന്ന കമ്പനിയുടെ കപ്പലാണിത് എന്നാണ് റിപ്പോര്‍ട്ട്. നാവിക സേനയുടെ പട്രോളിങ് ബോട്ടാണ് ആദ്യം കപ്പല്‍ വളഞ്ഞത്. വൈകാതെ കൂടുതല്‍ ഫ്രഞ്ച് സേനാ കപ്പലുകള്‍ എത്തി. ചരക്കുകപ്പലിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. കപ്പല്‍ നിയന്ത്രണത്തിലാക്കിയ ശേഷം ഫ്രഞ്ച് തുറമുഖത്തേക്ക് കൊണ്ടുപോകുകയായിരുന്നു. 417 അടി വലിപ്പമുള്ള ചരക്കുകപ്പലാണ് ഫ്രാന്‍സ് നിയന്ത്രണത്തിലാക്കിയിരിക്കുന്നത്. റഷ്യയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയാണ് ഫ്രാന്‍സിന്റെ നീക്കമെന്ന് സൂചനയുണ്ട്.

ചരക്കുകപ്പലിലുണ്ടായിരുന്ന ക്യാപ്റ്റന്‍ പാരിസിലെ റഷ്യയെ എംബസിയെ ഫോണില്‍ ബന്ധപ്പെട്ട് തടഞ്ഞുവച്ച കാര്യം അറിയിച്ചു. തുടര്‍ന്ന് കപ്പല്‍ തടഞ്ഞ വിഷയത്തില്‍ റഷ്യ ഫ്രാന്‍സിനോട് വിശദീകരണം തേടി. ഫ്രാന്‍സ് ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നാണ് വിവരം. യൂറോപ്യന്‍ യൂണിയന്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് റഷ്യയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചത്. റഷ്യയെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉപരോധം. റഷ്യയിലെ പ്രമുഖ വ്യക്തികള്‍, കമ്പനികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെയാണ് ഉപരോധം.
അതേസമയം, ആക്രമണം നടത്തുന്ന റഷ്യന്‍ സൈനികരെ നേരിടാന്‍ യുക്രൈന് അമേരിക്ക സഹായം പ്രഖ്യാപിച്ചു. 35 കോടി ഡോളറിന്റെ സൈനിക സഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെയും യുക്രൈന് അമേരിക്ക സഹായം നല്‍കിയിരുന്നു. ലോക നേതാക്കളുമായി ചര്‍ച്ച നടത്തി വരികയാണ് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി. ഇന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചു. ഐക്യരാഷ്ട്രസഭയില്‍ പിന്തുണയ്ക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് മോദിയോട് അഭ്യര്‍ഥിച്ചു. നാശനഷ്ടങ്ങളില്‍ മോദി ആശങ്ക അറിയിച്ചു. എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണമെന്നും ചര്‍ച്ചയുടെ പാതയിലേക്ക് എല്ലാ കക്ഷികളും വരണമെന്നും മോദി ആവശ്യപ്പെട്ടു. അതേസമയം, ഇന്ത്യയെ അഭിനന്ദിച്ച് റഷ്യ രംഗത്തുവന്നു. ഐക്യരാഷ്ട്ര സഭയില്‍ റഷ്യയ്‌ക്കെതിരായ പ്രമേയത്തില്‍ ഇന്ത്യ വോട്ട് ചെയ്യാതെ വിട്ടുനിന്നതിനാണ് അഭിനന്ദനം.












Click it and Unblock the Notifications