ഗാസയുടെ പുനർനിർമാണം; ട്രംപിൻ്റെ ബോർഡ് ഓഫ് പീസിലേക്ക് ഇന്ത്യക്കും പാക്കിസ്ഥാനും ക്ഷണം
ഗാസയുടെ പുനർനിർമ്മാണം ലക്ഷ്യം വെച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച സമാധാന സമിതിയായ 'ബോർഡ് ഓഫ് പീസിലേക്ക്' ഇന്ത്യയ്ക്കും ക്ഷണം ലഭിച്ചതായി റിപ്പോർട്ട്. എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർ്ട്ട് ചെയ്തത്. സമിതിയിലേക്ക് തങ്ങൾക്ക് നേരത്തേ തന്നെ ക്ഷണം ലഭിച്ചതായി പാക്കിസ്ഥാൻ വ്യക്തമാക്കിയിരുന്നു. അതേസമയം ഇന്ത്യ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഗാസയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ഇന്ത്യയുടെ പങ്കാളിത്തം നിർണായകമായേക്കാമെന്നാണ് വിലയിരുത്തൽ.
ഇസ്രായേലുമായും പലസ്തീനുമായും വളരെ അടുത്ത ബന്ധം പുലർത്തുന്ന രാജ്യമാണ് ഇന്ത്യ. ഇസ്രായേലുമായി തന്ത്രപരമായ പങ്കാളിത്തമാണ് ഇന്ത്യ കാത്തുസൂക്ഷിക്കുന്നത്. പലസ്തീന് ആവശ്യമായ മാനുഷിക സഹായങ്ങളെല്ലാം ഇന്ത്യ ലഭ്യമാക്കിയിട്ടുണ്ട്. ഈജിപ്ത് വഴി ഗാസയിലേക്ക് സഹായം എത്തിച്ച ആദ്യ രാജ്യങ്ങളിലൊന്ന് കൂടിയാണ് ഇന്ത്യ. അതേസമയം പാക്കിസ്ഥാനുള്ള ക്ഷണത്തിൽ ഇസ്രായേലിന് അതൃപ്തിയുണ്ട്. പാകിസ്താന്റെ പങ്ക് ഇസ്രായേലിന് സ്വീകാര്യമാകില്ലെന്ന് ഇസ്രായേൽ പ്രതിനിധി റൂവെൻ അസാർ പറഞ്ഞു. ഇന്ത്യയെ കൂടാതെ ഏകദേശം 60 ഓളം രാജ്യങ്ങൾക്ക് യു.എസ് ക്ഷണം അയച്ചിട്ടുണ്ട്. ട്രംപിന്റെ അടുത്ത സഖ്യകക്ഷിയായ ഹംഗറി മാത്രമാണ് ക്ഷണത്തിന് നിരുപാധികം അംഗീകാരം നൽകിയത്. മറ്റ് രാജ്യങ്ങൾ പലതും ഇപ്പോഴും മൌനം തുടരുകയാണ്.

ജനുവരി 15 നാണ് സമാധാന സമിതി ട്രംപ് രൂപകരിച്ചത്.ഉന്നത സമിതിയുടെ അധ്യക്ഷൻ ട്രംപ് തന്നെയായിരിക്കും. ഭരണം നടത്താൻ പലസ്തീൻ ടെക്നോക്രാറ്റുകളുടെ സമിതി, ഉപദേശക റോളിലുള്ള എക്സിക്യൂട്ടീവ് ബോർഡ് എന്നിവയും സമിതിയിലുണ്ടാകുമെന്ന് വൈറ്റ് ഹൌസ് വ്യക്തമാക്കി.
11 അംഗ ഗാസ എക്സിക്യൂട്ടീവ് ബോർഡിൽ തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാൻ, യുഎൻ മിഡിൽ ഈസ്റ്റ് സമാധാന കോർഡിനേറ്റർ സിഗ്രിഡ് കാഗ്, യുഎഇ അന്താരാഷ്ട്ര സഹകരണ മന്ത്രി രീം അൽ-ഹാഷിമി, ഇസ്രായേൽ-സൈപ്രസ് ശതകോടീശ്വരൻ യാക്കിർ ഗാബേ, ഖത്തർ, യുഎഇ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവരും ഭാഗമാകും.ബോർഡ് അംഗങ്ങളുടെ ചുമതലകൾ വൈറ്റ് ഹൗസ് വിശദീകരിച്ചിട്ടില്ല. കൂടുതൽ അംഗങ്ങളെ വരും ആഴ്ചകളിൽ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.
ഭാവിയിൽ മറ്റ് ആഗോള സംഘർഷങ്ങൾ പരിഹരിക്കാനുള്ള വിശാലമായ സംവിധാനമായി ഈ സമിതി മാറിയേക്കാമെന്നാണ് വിലയിരുത്തൽ. ഇത് ഗാസയ്ക്കും അപ്പുറം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ മാതൃകയായേക്കാം .അതേസമയം ബോർഡിന്റെ ഘടന ഇസ്രായേലുമായി ഏകോപിപ്പിച്ചിട്ടില്ലെന്നും നയങ്ങൾക്ക് വിരുദ്ധമാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി. ഈ സമിതിയുടെ രൂപീകരണം ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളെ ബാധിച്ചേക്കാമെന്നാണ് ചില നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications