സൗദി അറേബ്യയ്ക്ക് വന്‍ നേട്ടം; വിപണി പൊടുന്നനെ മാറി; ഇന്ത്യയ്ക്ക് വലിയ തിരിച്ചടി, എണ്ണ വില കൂടി
ആഗോള വിപണിയില്‍ എണ്ണ വില കുതിക്കുന്നു. രണ്ട് കാരങ്ങളാണ് എണ്ണ വില കുതിക്കാന്‍ ഇടയാക്കുന്നത്. പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളും അമേരിക്കയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ആവശ്യം ഏറി വരുന്നതും. ഇതോടെ ഇന്ന് ബ്രെന്റ് ക്രൂഡ് ബാരലിന് 87.99 ഡോളര്‍ വരെ വില ഉയര്‍ന്നു. സൗദി അറേബ്യയ്ക്കും റഷ്യയ്ക്കും സന്തോഷം നല്‍കുന്ന കാര്യമാണിതെങ്കിലും ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.
എണ്ണ വില ബാരലിന് 90 ഡോളറിലധികം എത്തണമെന്നാണ് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള എണ്ണ രാജ്യങ്ങളുടെ താല്‍പ്പര്യം. ഉല്‍പ്പാദനം വെട്ടിക്കുറച്ച് ഈ ലക്ഷ്യത്തിലേക്കെത്താന്‍ അവര്‍ ഏറെ കാലമായി ശ്രമിക്കുന്നു. അതിനിടെയാണ് പശ്ചിമേഷ്യയില്‍ ഇന്നലെ പുതിയ സംഭവങ്ങളുണ്ടായിരിക്കുന്നത്. എണ്ണ ചരക്കു കടത്ത് നിലയ്ക്കുമോ എന്നാണ് പുതിയ ഭയം.

ചൈനീസ് സാമ്പത്തിക രംഗം കൂടുതല്‍ കരുത്താര്‍ജിക്കുന്നു എന്നാണ് പുതിയ വിവരം. മാര്‍ച്ചില്‍ ചൈനയിലെ ഉല്‍പ്പാദന രംഗം സജീവമായിട്ടുണ്ട്. ആറ് മാസത്തിനിടെ ആദ്യമായിട്ടാണ് ചൈനയില്‍ ഇത്രയും സജീവത കാണുന്നത്. അമേരിക്കയിലും സമാനമാണ് കാര്യങ്ങള്‍. ഇവ തെളിയിക്കുന്നത് രണ്ട് രാജ്യങ്ങളില്‍ നിന്നുമുള്ള എണ്ണ ആവശ്യം വര്‍ധിപ്പിക്കുമെന്നാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയാണ്. രണ്ടാം സ്ഥാനത്ത് അമേരിക്കയും. രണ്ട് രാജ്യങ്ങളില്‍ നിന്നും എണ്ണ ആവശ്യം വര്‍ധിക്കുമെന്ന സൂചന വന്നതോടെയാണ് എണ്ണ വില ഉയരാന്‍ തുടങ്ങിയത്. അതിനിടെയാണ് ഇസ്രായേല്‍ നടത്തിയ പുതിയ ആക്രമണം. സിറിയയിലെ ഇറാന്‍ എംബസി ആക്രമിച്ച് നിരവധി പേരെ കൊലപ്പെടുത്തുകയായിരുന്നു ഇസ്രായേല്‍.
ഇത് പശ്ചിമേഷ്യയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് ഇടവരുത്തുമോ എന്ന ആശങ്കയും ഉയര്‍ന്നു. ചരക്കു കടത്ത് തടസം നേരിടാന്‍ സാധ്യതയുണ്ട് എന്ന വിലയിരുത്തലുമുണ്ടായി. ഇതോടെയാണ് വില അതിവേഗം കുതിക്കാന്‍ തുടങ്ങിയത്. ചെങ്കടലില്‍ വഴിയുള്ള ചരക്കുകടത്തിന് നേരത്തെ ചില പ്രതിസന്ധിയുണ്ട്. ഹോര്‍മുസ് വഴിയുള്ള ചരക്കുകടത്ത് നിലയ്ക്കുമോ എന്നാണ് പുതിയ ആശങ്ക.
എണ്ണ വില കുതിക്കുന്നത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകും. ആവശ്യമുള്ളതിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഉയര്‍ന്ന വില കൊടുത്ത് എണ്ണ ഇറക്കുമതി ചെയ്യുമ്പോള്‍ ആഭ്യന്തര വിപണിയിലെ വിലയും കുതിക്കും. സമാനമായ വര്‍ധനവ് അവശ്യ വസ്തുക്കളിലും രേഖപ്പെടുത്തും. ഇതോടെ പണപ്പെരുപ്പം ഉയരുന്നതിനും രാജ്യത്തിന്റെ വ്യാപാര കമ്മി കൂടുന്നതിനും ഇടയാക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എണ്ണ വില ഉയര്‍ത്താന്‍ സാധ്യതയില്ല. നിലവില്‍ എണ്ണ വില വര്‍ധിപ്പിച്ചാല്‍ പ്രതിപക്ഷം പ്രചാരണ ആയുധമാക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വില വര്‍ധനവിന് സാധ്യതയുണ്ട്. ഇതാകട്ടെ, ജനങ്ങള്‍ക്ക് വലിയ തിരിച്ചടിയുമാകും.












Click it and Unblock the Notifications