സൗദി: കൊട്ടാര പടിക്കലും ഭീകരാക്രമണം, രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരടക്കം മൂന്നു മരണം
സൗദി: കൊട്ടാര പടിക്കലും ഭീകരാക്രമണം, രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരടക്കം മൂന്നു മരണം
ജിദ്ദ: സൗദിയിലെ രാജകൊട്ടാരമായ ജിദ്ദയിലെ അല്‍ സലാം പാലസിന്റെ ഗേറ്റുകളിലൊന്നില്‍ ഉണ്ടായ ആക്രമണത്തില്‍ രണ്ട് സൗദി സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ മുന്നു മരണം. ആക്രമണം നടത്തിയ സൗദി പൗരന്‍ മന്‍സൂര്‍ അല്‍ അംരിയെന്ന 28കാരനാണ് കൊല്ലപ്പെട്ട മൂന്നാമത്തെയാള്‍. സൗദി രാജാവ് റഷ്യന്‍ സന്ദര്‍ശനത്തിലായിരിക്കുമ്പോഴാണ് രാജകുടുംബത്തിന്റെ ഔദ്യോഗിക യോഗങ്ങള്‍ നടക്കുന്ന സുപ്രധാന കൊട്ടാരത്തിനു നേരെ ആക്രമണമുണ്ടായത്. രാജാവിന്റെ മകനും കിരീടാവകാശിയുമായ ശെയ്ഖ് മുഹമ്മദ് ആക്രമണ സമയത്ത് കൊട്ടാരത്തിലുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല.
കാറില്‍ വന്നിറങ്ങിയ യുവാവ് കൊട്ടാരത്തിനു പുറത്തുള്ള സൈനിക ഔട്ട്‌പോസ്റ്റിനെതിരേ ആക്രമണം നടത്തുകയായിരുന്നുവെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇയാള്‍ നടത്തിയ വെടിവയ്പ്പിലാണ് രണ്ട് സൗദി സൈനികര്‍ കൊല്ലപ്പെട്ടത്. മറ്റു മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ അക്രമി കൊല്ലപ്പെടുകയായിരുന്നുവെന്നും ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.

കഴിഞ്ഞ ദിവസം മൂന്ന് വ്യത്യസ്ത റെയിഡുകളിലായി സൗദിയില്‍ മൂന്ന് ഐ.എസ് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. തലസ്ഥാന നഗരിയില്‍ സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ രണ്ടു റെയിഡുകളിലായി രണ്ട് പേര്‍ വെടിയേറ്റു മരിക്കുകയും മറ്റൊരാള്‍ സ്വയം നടത്തിയ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയുമായിരുന്നുവെന്ന് സൗദി പോലിസ് അറിയിച്ചു. സംഭവത്തില്‍ അഞ്ചുപേരെ പിടികൂടുകയുമുണ്ടായി.
മൂന്നിടങ്ങളില്‍ നടത്തിയ റെയിഡില്‍ രണ്ട് കലാഷ്‌നിക്കോവ് തോക്കുകള്‍, വെടിയുണ്ടകള്‍, രാസപദാര്‍ഥങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. ഈ സംഭവവുമായി കൊട്ടാരം ആക്രമണത്തിന് ബന്ധമുണ്ടോ എന്ന കാര്യം പോലിസ് അന്വേഷിച്ചുവരികയാണ്.












Click it and Unblock the Notifications