യുഎഇ ഹാപ്പി; ഇന്ത്യ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചു... ബംഗ്ലാദേശിനും സന്തോഷം, സവാള എത്തും
ദുബായ്: യുഎഇയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര ഇടപാടുകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. സ്വതന്ത്ര്യ വ്യാപാര കരാര്‍ ഒപ്പുവച്ചതും പ്രാദേശിക കറന്‍സികളില്‍ വ്യാപാരം നടത്താന്‍ തീരുമാനിച്ചതും ഇന്ത്യയ്ക്കും യുഎഇക്കും നേട്ടമാണ്. മാത്രമല്ല, ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഇന്ത്യയുടെ പുതിയ തീരുമാനം.
മാസങ്ങളായി നിര്‍ത്തിവച്ച സവാള കയറ്റുമതി ഇന്ത്യ പുനരാരംഭിക്കാന്‍ തീരുമാനിച്ചു. യുഎഇ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുക. ഇതുസംബന്ധിച്ച് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങള്‍ യുഎഇക്ക് സന്തോഷം നല്‍കുന്നതാണ്. മാത്രമല്ല, യുഎഇയിലെ സവാള വിലയില്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കാം. എന്തുകൊണ്ടാണ് ഇന്ത്യ ഇപ്പോള്‍ തീരുമാനം എടുക്കാന്‍ കാരണം എന്നതും അറിയേണ്ടതുണ്ട്.

14400 ടണ്‍ സവാള യുഎഇയിലേക്ക് കയറ്റുമതി ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. നാഷണല്‍ കോഓപറേറ്റീവ് എക്‌സ്‌പോര്‍ട്ട് ലിമിറ്റഡ് (എന്‍സിഇഎല്‍) വഴിയാണ് ഇന്ത്യ കയറ്റുമതി ചെയ്യുക എന്ന് വിദേശ വ്യാപാര ഡയറക്ട്രേറ്റ് അറിയിച്ചു. ബംഗ്ലാദേശിലേക്ക് 50000 ടണ്‍ വലിയ ഉള്ളി കയറ്റുമതി ചെയ്യാനും അനുമതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് കേന്ദ്ര സര്‍ക്കാര്‍ ഉള്ളി കയറ്റുമതി നിരോധിച്ചത്. മാര്‍ച്ച് 31 വരെ നിരോധനം തുടരുമെന്നാണ് അറിയിച്ചിരുന്നത്. ആഭ്യന്തര വിപണിയില്‍ ഉള്ളിയ്ക്ക് ആവശ്യം ഏറിയതും വില കുതിച്ചതുമാണ് കയറ്റുമതി നിരോധിക്കാന്‍ കാരണം. ഉള്ളി വില കുതിച്ചത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
നിലവില്‍ ഉള്ളി വിലയില്‍ സ്ഥിരത വന്നിട്ടുണ്ട്. തുടര്‍ന്നാണ് സൗഹൃദ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഡിസംബറില്‍ രാജ്യത്ത് ഉള്ളി വില കുതിച്ച സാഹചര്യത്തില്‍ വില്‍പ്പനവില കേന്ദ്രം നിശ്ചയിച്ചിരുന്നു. കിലോയ്ക്ക് 25 രൂപയ്ക്ക് വില്‍ക്കാനായിരുന്നു നിര്‍ദേശം. കുറഞ്ഞ കയറ്റുമതി വില ടണ്ണിന് 800 യുഎസ് ഡോളറാക്കി നിശ്ചയിക്കുകയും ചെയ്തു. കയറ്റുമതി നികുതി 40 ശതമാനം ചുമത്തിയതും ആഭ്യന്തര വിപണിയില്‍ ഉള്ളി ലഭ്യത ഉറപ്പാക്കാനായിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 1 മുതല്‍ ആഗസ്റ്റ് നാല് വരെ ഇന്ത്യയില്‍ നിന്ന് 9.75 ലക്ഷം ടണ്‍ ഉള്ളിയാണ് കയറ്റുമതി ചെയ്തത്. യുഎഇ, മലേഷ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് ഇന്ത്യയുടെ ഉള്ളി പ്രധാനമായും ഇറക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഉള്ളി എത്താതിരുന്നതോടെ മലേഷ്യയും യുഎഇയും ഇറാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളെ ആശ്രയിച്ചു. ബംഗ്ലാദേശില്‍ വില കുത്തനെ വര്‍ധിക്കുകയും ചെയ്തു. യുഎഇയിലും വിലയില്‍ മാറ്റം വന്നു. ഇന്ത്യയുടെ പുതിയ തീരുമാനം യുഎഇക്കും ബംഗ്ലാദേശിനും ആശ്വാസമാണ്.












Click it and Unblock the Notifications