യുഎഇ മാത്രമല്ല, ക്രൂഡ് ഓയിലിന് മറ്റു 3 രാജ്യങ്ങള്‍ കൂടി; റഷ്യന്‍ എണ്ണ ഒഴിവാക്കുമ്പോള്‍ മറുമരുന്ന്
റഷ്യയുടെ ക്രൂഡ് ഓയില്‍ വാങ്ങുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മനസിലാക്കിയ ഇന്ത്യന്‍ എണ്ണ കമ്പനികള്‍ മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നു. കഴിഞ്ഞ മാസം വരെ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത് റഷ്യയില്‍ നിന്നാണ്. എങ്കിലും സെപ്തംബറിന് ശേഷം റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറച്ചുകൊണ്ടുവരുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
റഷ്യയില്‍ നിന്ന് റിലയന്‍സ് ഉള്‍പ്പെടെ ഇന്ത്യയിലെ സ്വകാര്യ എണ്ണ കമ്പനികളും എണ്ണ വാങ്ങുന്നുണ്ട്. എന്നാല്‍ പൊതുമേഖലാ കമ്പനികള്‍ മറ്റു രാജ്യങ്ങളെ നേരത്തെ ആശ്രയിക്കാന്‍ തുടങ്ങി. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, ഒഎന്‍ജിസി എന്നിവരാണ് മൂന്ന് രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങുന്നത് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇവര്‍ യുഎഇയെ മാത്രമല്ല ആശ്രയിക്കുന്നത്.

യുഎഇ, അമേരിക്ക, ഇറാഖ് എന്നീ രാജ്യങ്ങളെയാണ് ഈ എണ്ണ കമ്പനികള്‍ ആശ്രയിക്കാന്‍ തുടങ്ങിയത്. അമേരിക്കയുടെ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് 20 ലക്ഷം ബാരലും യുഎഇയുടെ മര്‍ബണ്‍ ക്രൂഡ് 20 ലക്ഷം ബാരലുമാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയം വാങ്ങിയത്. പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒഎന്‍ജിസിയുടെ മംഗലാപുരം റിഫൈനറി ആന്റ് പെട്രോകെമിക്കല്‍സിലേക്ക് 10 ലക്ഷം ബാരല്‍ എണ്ണയും അധികമായി വാങ്ങി. ഇത് ഇറാഖിലെ ബസറയില്‍ നിന്നാണ് വാങ്ങിയത്. ജനുവരിയിലാണ് ഈ ക്രൂഡ് ചരക്ക് ഇന്ത്യയിലെത്തുക. റഷ്യയില്‍ നിന്ന് ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്തിരുന്നത് റുസ്‌നെഫ്റ്റ്, ലുക്കോയില്‍ ക്രൂഡുകളായിരുന്നു. ഇവയ്ക്ക് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതാണ് ഇന്ത്യയെ വെട്ടിലാക്കിയത്.
അംഗോളയുടെ എണ്ണ കൂടി വരും
നവംബര്‍ 21 മുതലാണ് അമേരിക്കയുടെ ഉപരോധം നിലവില്‍ വരിക. എങ്കിലും റഷ്യയുടെ ക്രൂഡ് ഓയില്‍ പൂര്‍ണമായും ഇന്ത്യന്‍ കമ്പനികള്‍ നിര്‍ത്തിവയ്ക്കില്ല എന്നാണ് മനസിലാക്കുന്നത്. അതേസമയം, പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ അംഗോളയെ ഇന്ത്യ ക്രൂഡ് ഓയിലിന് വേണ്ടി ആശ്രയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അംഗോളയുമായി ദീര്‍ഘകാല കരാറിന് ശ്രമിക്കുന്നു എന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അടുത്തിടെ പറഞ്ഞിരുന്നു.
ഇന്ത്യയുടെ ഊര്‍ജ സുരക്ഷയില്‍ അംഗോളയ്ക്ക് മുഖ്യ പങ്കുണ്ടെന്നാണ് ദ്രൗപതി മുര്‍മു പറഞ്ഞത്. അംഗോളയില്‍ നിന്ന് എണ്ണയും വാതകവും വാങ്ങുന്ന പ്രധാന രാജ്യമാണ് ഇന്ത്യ. റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ കുറയ്‌ക്കേണ്ടി വരുമ്പോള്‍ ഈ നാല് രാജ്യങ്ങളെ ഇന്ത്യ കൂടുതല്‍ ആശ്രയിക്കുമെന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നത്.
ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. റഷ്യ, ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളെ ആയിരുന്നു ഇന്ത്യ പ്രധാനമായും എണ്ണയ്ക്ക് വേണ്ടി ആശ്രയിച്ചിരുന്നത്. ഇപ്പോള്‍ അമേരിക്ക, യുഎഇ, അംഗോള എന്നീ രാജ്യങ്ങളെ കൂടി ആശ്രയിക്കുകയാണ്. വില കുറച്ച് ലഭിക്കുന്ന രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങുക എന്നതാണ് ഇന്ത്യയുടെ നയം. ആഫ്രിക്കയിലെ നൈജീരിയയെയും ഇന്ത്യ എണ്ണയ്ക്ക് വേണ്ടി ആശ്രയിക്കുന്നുണ്ട്.












Click it and Unblock the Notifications