ഓടിയെത്താന്‍ നോക്കി, എറിഞ്ഞിട്ട് പ്രതിപക്ഷം; ഇമ്രാനും തിരുത്താനാവാതെ പാകിസ്താന്റെ ആ ചരിത്രം
ഇസ്ലാമാബാദ്: ഏറെ നാളത്തെ ആകാംക്ഷകള്‍ക്ക് ഒടുവില്‍ പാകിസ്താന്‍ പ്രധാനമന്ത്രി പദത്തില്‍ നിന്നും ഇമ്രാന്‍ ഖാന്‍ പുറത്തായി. ദേശീയ അസംബ്ലിയിൽ അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരം കൂടിയായ ഇമ്രാന്‍റെ പടിയിറക്കം. പാകിസ്താന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ആദ്യമായി അവിശ്വാസ പ്രമേയത്തിലൂടെ പുറത്താവുന്ന പ്രധാനമന്ത്രിയായും ഇതോടെ അദ്ദേഹം മാറി.
ദേശീയ അസംബ്ലിയിൽ അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പ് നടക്കാതിരിക്കുന്നത് തടയാനുള്ള ശ്രമങ്ങള്‍ അവസാന നിമിഷം വരെ ഇമ്രാന്‍ ഖാന്റെ ഭാഗത്ത് നിന്നും ഉണ്ടായെങ്കിലും ഇന്നലെ അർധരാത്രിക്ക് ശേഷം വോട്ടെടുപ്പ് നടക്കുകയായിരുന്നു.

ഭരണകക്ഷിയായ പാകിസ്ഥാൻ തെഹ്‌രീകെ -ഇൻസാഫ് (പിടിഐ) അംഗങ്ങള്‍ സഭയില്‍ ഹാജരായില്ലെങ്കിലും
342 അംഗ സഭയിൽ 174 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു. പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ പ്രകാരം ഇതുവരെ ഒരു പ്രധാനമന്ത്രിയും പാകിസ്ഥാനിൽ അഞ്ച് വർഷത്തെ മുഴുവൻ കാലാവധി പൂർത്തിയാക്കിയിട്ടില്ല എന്ന ചരിത്രം ഇത്തവണയും തിരുത്താന്‍ പാക് പാർലമെന്റിന് സാധിച്ചില്ല.
ലളിതം സുന്ദരം ഒപ്പം കരുത്തും; ഇത് മഞ്ജു വാര്യർ സ്റ്റൈല്‍, വൈറലായി പുതിയ ചിത്രങ്ങള്‍

ഭരണകക്ഷിയായ പിടിഐ നേതൃത്വത്തിലുള്ള സഖ്യത്തിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളാനുള്ള ഡെപ്യൂട്ടി സ്പീക്കറുടെ തീരുമാനം സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ ദേശീയ അസംബ്ലിയിൽ ഉയർന്ന രാഷ്ട്രീയ നാടകത്തിന് ശേഷമായിരുന്നു വോട്ടെടുപ്പ് നടന്നത്. അവിശ്വാസ വോട്ടിലൂടെ തന്നെ പുറത്താക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കത്തെ "വിദേശ ഗൂഢാലോചന"യുമായി ബന്ധിപ്പിക്കാൻ ഇന്നലേയും ശ്രമിച്ചു.

കൂടാതെ തന്റെ പ്രസംഗങ്ങളിൽ അമേരിക്കയെ അദ്ദേഹം പേരെടുത്ത് പരാമർശിക്കുകയും ചെയ്തു. എന്നാൽ, അദ്ദേഹത്തിന്റെ ആരോപണങ്ങൾ അമേരിക്ക തള്ളിക്കളഞ്ഞു. തന്നെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ സംയുക്ത പ്രതിപക്ഷം ഉറച്ചുനിൽക്കുമ്പോൾ ജനങ്ങൾ തെരുവിലിറങ്ങണമെന്നും ഇമ്രാൻ ഖാൻ ആഹ്വാനം ചെയ്തെങ്കിലും അന്തിമ ഫലം അദ്ദേഹത്തിന് എതിരായി ഭവിക്കുകയായിരുന്നു.

നാല് വർഷങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഏറെ പ്രതീക്ഷയോടെയായിരുന്നു പാക് ജനത ഇമ്രാനെ കണ്ടത്. എന്നാല്‍ തന്റെ മുന്‍ഗാമികളെ അപേക്ഷിച്ചുള്ള മെച്ചപ്പെട്ട യാതൊരു പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ക്രിക്കറ്റ് കളത്തില്‍ നിന്നും രാഷ്ട്രിയത്തിലേക്ക് എത്തിയ ഇമ്രാന്‍ ഖാനും കളി തീരുന്നതിന് മുമ്പേ ഔട്ടായി പുറത്താവേണ്ടി വരുമ്പോള്‍ പാകിസ്താന്‍ വീണ്ടും രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്ക് പോകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

1992 ലോകകപ്പ് ഫൈനലിൽ രാജ്യത്തെ വിജയത്തിലേക്ക് നയിച്ച ഇമ്രാന്‍ ഖാന്‍ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം രാഷ്ട്രീയത്തിൽ ചേരുകയായിരുന്നു അദ്ദേഹം. പരമ്പരാഗത രാഷ്ട്രീയ കക്ഷികളോട് വിമുഖത കാട്ടിയ അദ്ദേഹം പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) എന്ന പാർട്ടി രൂപീകരിച്ചായിരുന്നു പ്രവർത്തനം. പാർട്ടിയുടെ സ്ഥാപക ചെയർമാന്‍ കൂടിയാണ് അദ്ദേഹം.

1997-ലാണ് ഇമ്രാന്‍ ഖാന്‍ പിടിഐ സ്ഥാപിച്ചത്. 2002 ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ദേശീയ അസംബ്ലി സീറ്റിലേക്ക് മത്സരിച്ച ഖാൻ, 2007 വരെ മിയാൻവാലിയിലെ NA-71-ൽ നിന്ന് പാർലമെന്റ് അംഗമായി പ്രവർത്തിച്ചു.സൈനിക ഭരണത്തിനും ഷരീഫിന്റെയും ഭൂട്ടോ കുടുംബങ്ങളുടെയും നേതൃത്വത്തിലുള്ള രണ്ട് പരമ്പരാഗത മുഖ്യധാരാ പാർട്ടികളുടെ വർദ്ധിച്ചുവരുന്ന രാഷ്ട്രീയ നിരയ്ക്ക് ഒരു ബദർല്‍ എന്ന നിലയില്‍ 2013 ന് ശേഷമാണ് പിടിഐയുടെ ജനസ്വാധീനം വർധിച്ച് വരാന്‍ തുടങ്ങിയത്. 2016ൽ അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പ്രതിക്കൂട്ടിലാക്കിയ പനാമ പേപ്പേഴ്സ് ചോർച്ചയെ തുടർന്ന് ഇസ്‌ലാമാബാദിൽ വൻ റാലി സംഘടിപ്പിക്കുകയും നഗരം സ്തംഭിപ്പിക്കുമെന്നും ആഹ്വാനം ചെയ്‌തപ്പോൾ സൈന്യത്തിന്റേയും മൌനാനുവാദം ലഭിച്ചു എന്നുള്ളത് പരസ്യമായ രഹസ്യമാണ്.

പാകിസ്ഥാൻ സൈന്യത്തിന്റെ അനുഗ്രഹവും ആശീർവാദവും ലഭിച്ച ഇമ്രാന്‍ ഖാന്‍ അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി സ്വയം അവരോധിക്കപ്പെടുകയായിരുന്നു. 2018ൽ തിരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളുടെ ഉള്‍പ്പടെ പിന്തുണയോടെ 176 വോട്ടുകൾ നേടിയ ഇമ്രാന്‍ ഖാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി പദത്തിലെത്തുകയും ചെയ്തു.

1952 നവംബർ 25 ന് പാകിസ്ഥാനിലെ ലാഹോറിലെ ഒരു പഷ്തൂൺ കുടുംബത്തിലെ ഏഴാമത്തെ അംഗമായിട്ടാണ് ഇമ്രാന്‍ ഖാന്‍ ജനിക്കുന്നത്. ലാഹോറിലെ ഐച്ചിസൺ കോളേജിൽ പഠിച്ച അദ്ദേഹം പിന്നീട് ഉപരിപഠനത്തിനായി ഓക്സ്ഫോർഡിലേക്ക് എത്തുകയും ചെയ്തു. ക്രിക്കറുമായി കുടുംബപരമായി തന്നെ ബന്ധമുള്ള നേതാവ് കൂടിയായിരുന്നു ഇമ്രാന്‍. കസിൻമാരായ ജാവേദ് ബുർക്കിയും മജീദ് ഖാനും പാകിസ്താന്‍ ടീമിന്റെ ക്യാപ്റ്റന്‍മാരായിരുന്നു.

തന്റെ 13-ാം വയസ്സിലാണ് ഖാന്‍ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത്. തുടക്കത്തിൽ തന്റെ കോളേജിനായി കളിച്ച അദ്ദേഹം പിന്നീട് ഇംഗ്ലീഷ് കൗണ്ടി വോർസെസ്റ്ററിനെ പ്രതിനിധീകരിച്ച്.1971-ൽ ബർമിംഗ്ഹാമിൽ നടന്ന ഇംഗ്ലീഷ് പരമ്പരയിൽ 18-ആം വയസ്സിൽ പാക്കിസ്ഥാനുവേണ്ടി അരങ്ങേറ്റം കുറിച്ചു. വൈകാതെ ടീമിൽ സ്ഥിരം സ്ഥാനം നേടിയ അദ്ദേഹം 75 ടെസ്റ്റുകളിൽ നിന്ന് ഓൾറൗണ്ടറുടെ ട്രിപ്പിൾ നേട്ടം സ്വന്തമാക്കുക്കയും ചെയ്തു.
ഇംഗ്ലീഷ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മുൻനിര ഓൾറൗണ്ടറെന്ന നിലയിൽ 1976ലും 1980ലും ഖാനെ 'ദി ക്രിക്കറ്റ് സൊസൈറ്റി വെതറൽ അവാർഡ്' ന് അർഹനാക്കി. 1983-ൽ വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് 1983-ൽ 'പ്രസിഡന്റ്സ് പ്രൈഡ് ഓഫ് പെർഫോമൻസ്' അവാർഡും ലഭിച്ചു. 1985-ൽ സസെക്‌സ് ക്രിക്കറ്റ് സൊസൈറ്റി പ്ലെയർ ഓഫ് ദി ഇയർ അവാർഡും അദ്ദേഹത്തിന് ലഭിച്ചു, 1990-കളിൽ യുണിസെഫിന്റെ സ്‌പോർട്‌സിന്റെ പ്രത്യേക പ്രതിനിധിയായി സേവനമനുഷ്ഠിച്ചു. 2010 ജൂലൈ 14-ന് 'ഐസിസി ഹാൾ ഓഫ് ഫെയിമിലും' ഖാനെ ഉൾപ്പെടുത്തിയിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ 3,807 റൺസിന്റെയും 362 വിക്കറ്റുകളുടെയും റെക്കോർഡോടെ 1992-ൽ പാക്കിസ്ഥാനുവേണ്ടിയുള്ള ആദ്യ ഏകദിന ലോകകപ്പ് വിജയത്തിന് ശേഷം ഇമ്രാന്‍ കരിയർ അവസാനിപ്പിക്കുകയായിരുന്നു. 1991-ൽ ഷൗക്കത്ത് ഖാനം മെമ്മോറിയൽ ട്രസ്റ്റ് സ്ഥാപിച്ചാണ് ഇമ്രാന്‍ ആദ്യമായി പൊതുരംഗത്തേക്ക് കടക്കുന്നത്. ക്യാൻസറിന്റെയും മറ്റ് അനുബന്ധ രോഗങ്ങളുടെയും ഗവേഷണത്തിലും വികസനത്തിലും സജീവമായി പ്രവർത്തിക്കുന്നതായിരുന്നു ഈ സംഘടന. 1994-ൽ ഷൗക്കത്ത് ഖാനം മെമ്മോറിയൽ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററും അദ്ദേഹം സ്ഥാപിച്ചു.












Click it and Unblock the Notifications