അവസാന അടവുകളുമായി ഇമ്രാന്‍ ഖാന്‍; ദേശസുരക്ഷാ കമ്മിറ്റി യോഗം, സുപ്രീംകോടതിയില്‍ ഹര്‍ജി
ഇസ്ലാമാബാദ്: സഖ്യകക്ഷികളും കൈവിട്ട സാഹചര്യത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം പാര്‍ലമെന്റില്‍ പാസാകുമെന്ന് ഉറപ്പായി. ഈ ഘട്ടത്തില്‍ വിശ്വാസ വോട്ടെടുപ്പ് നീട്ടാനുള്ള തന്ത്രങ്ങളാണ് ഇമ്രാന്‍ ഖാന്‍ ആവിഷ്‌കരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വ്യാഴാഴ്ച പാര്‍ലമെന്റിന്റെ ദേശീയ അസംബ്ലി യോഗം ചേരുകയാണ്. 24 ഇനങ്ങളാണ് അജണ്ടയിലുള്ളത്. നാലാമത്തെ അജണ്ടയാണ് അവിശ്വാസ പ്രമേയ ചര്‍ച്ച. ഈ സാഹചര്യത്തില്‍ വ്യാഴാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ ഇമ്രാന്‍ ഖാന്‍ തീരുമാനിച്ചു.
രണ്ടു പ്രബല പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിരിക്കുന്നത്. ബേനസീര്‍ ഭൂട്ടോയുടെ പിപിപിയും നവാസ് ശെരീഫിന്റെ പാകിസ്താന്‍ മുസ്ലീം ലീഗുമാണ് പ്രമേയം അവതരിപ്പിച്ചത്. ഭരണമുന്നണിയില്‍പ്പെട്ട ചില കക്ഷികള്‍ കൂടി പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നതോടെയാണ് ഇമ്രാന്‍ ഖാന്റെ നില പരുങ്ങലിലായത്. ഇന്ന് വൈകീട്ട് നാല് മണിക്ക് പാര്‍ലമെന്റ് യോഗം ആരംഭിച്ചു.

അതേസമയം, ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിദേശ ശക്തികള്‍ ഗൂഢാലോചന നടത്തുന്നുവെന്നും അമേരിക്കയാണ് പിന്നിലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഈ ആരോപണം അമേരിക്കന്‍ വിദേശകാര്യ വകുപ്പ് നിഷേധിച്ചു. വിദേശ ശക്തികളുടെ ഇടപെടലിന് തെളിവായി ഒരു കത്ത് കൈവശമുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ നേരത്തെ പറഞ്ഞിരുന്നു. ഈ കത്ത് വിദേശകാര്യ വകുപ്പിന് കൈമാറി എന്നാണ് സര്‍ക്കാര്‍ പറയുന്നത്. വിദേശ ശക്തികള്‍ക്ക് പാകിസ്താനെ വിട്ടുകൊടുക്കരുതെന്ന് പാകിസ്താന്‍ മന്ത്രി ഫാറൂഖ് ഹബീബ് പ്രതികരിച്ചു.
അതേസമയം, വിശ്വാസ വോട്ടെടുപ്പ് ചര്‍ച്ച നടക്കാനിരിക്കെ ദേശസുരക്ഷാ സമിതിയുടെ യോഗം വിളിച്ചിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍. സുരക്ഷാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പാകിസ്താന്റെ ഏറ്റവും വലിയ സമിതിയാണിത്. ഭരണ പ്രതിപക്ഷ നേതാക്കള്‍ ഈ സമിതിയില്‍ അംഗങ്ങളാണ്. വിദേശ ശക്തികള്‍ രാജ്യത്തിന്റെ ആഭ്യന്തര വിഷയത്തില്‍ ഇടപെടുകയും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സുരക്ഷാ സമിതി യോഗം വിളിച്ചിരിക്കുന്നത്.
അതേസമയം, ദേശ സുരക്ഷാ സമിതി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചു. വിദേശ ശക്തികള്‍ ഇടപെടുന്നു എന്ന വിവരം പുറത്തുവന്നതിനാല്‍ വിശ്വാസ വോട്ടെടുപ്പ് ചര്‍ച്ച നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ആരോപണം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ അനുവദിക്കരുതെന്നും വിശ്വാസ വോട്ടെടുപ്പ് തടയണമെന്നുമാണ് ആവശ്യം. എന്നാല്‍ ഇതിന് പിന്നില്‍ ഭരണകക്ഷിയുടെ തന്ത്രമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.












Click it and Unblock the Notifications