കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കി ഗോൾഡ് തോൽക്കും ഈ മലാനയ്ക്ക് മുൻപിൽ... ഞെട്ടും മലാന എന്ന ഹിമാലയൻ ഗ്രാമത്തെക്കുറിച്ച് കേട്ടാൽ!

  • By kisha
Google Oneindia Malayalam News

രഹസ്യങ്ങളുറങ്ങുന്ന ഹിമാലയൻ മലനിരകളിൽ നി​ഗൂഢതകൾ ഒളിപ്പിച്ച ഒരു ​ഗ്രാമം. ഹിമാചൽ‌പ്രദേശിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ കുളുവിൽ നിന്ന് 50 മീറ്റർ അകലെയുള്ള മലാനയെന്ന ​ഗ്രാമത്തെ കുറിച്ച് ഒറ്റവാക്കിൽ‌ ഇങ്ങനെ പറയാം. ഹാഷിഷ് പ്രേമികൾ ഒരിക്കലെങ്കിലും ഉപയോ​ഗിക്കണമെന്ന് ആ​ഗ്രഹിക്കുന്ന മലാന ക്രീമിന്റെ ഉത്ഭവ കേന്ദ്രം. ഇന്ത്യയിലാണെങ്കിലും സ്വന്തമായി നിയമങ്ങളും വ്യത്യസ്ത ആചാരങ്ങളുമുള്ളവർ. ലോകത്തിലെ തന്നെ ആദ്യത്തെ ജനാധിപത്യ​ഗ്രാമങ്ങളിലൊന്ന്. പറഞ്ഞാൽ തീരാത്ത വിശേഷങ്ങളുടെ ഉറവിടമാണ് മലാന.

പാർവതി താഴ്‌വരയ്ക്കും കുളു മലനിരകൾക്കും ഇടയിലുള്ള മലാന, ശാന്തവും സുന്ദരവുമാണ്. മുന്തിയ ഇനം ഹാഷിഷിൽ നിന്ന് ഉണ്ടാക്കുന്ന ചരസാണ് പുറംലോകത്തിന്റെ ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്ന ഈ ​ഗ്രാമത്തിന് ലോക പ്രശസ്തി നേടിക്കൊടുത്തത്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഇവിടുത്തെ കഞ്ചാവ് കൃഷിക്ക്. ലഹരി എന്നതിലുപരി പല രോ​ഗങ്ങൾക്കുമുള്ള ഔഷധമായിരുന്നു മലാനക്കാർക്ക് കഞ്ചാവ്. രാജ്യത്തിന്റെ മറ്റ് ഭാ​ഗങ്ങളിലുള്ളവർ ​ഗോതമ്പും നെല്ലുമൊക്കെ കൃഷി ചെയ്യുമ്പോൾ മലാനകൾ കഞ്ചാവ് കൃഷി ചെയ്തു. അവരുടെ ഏക വരുമാന മാർ​ഗവും ഇത് തന്നെയായിരുന്നു.

malana

1985ൽ കഞ്ചാവിന്റെ ഉത്പാദനവും ഉപയോ​ഗവും സർക്കാർ നിരോധിച്ചെങ്കിലും ഇതല്ലാതെ മറ്റൊരു ജീവനോപാധി ഇതുവരെ കണ്ടെത്താൻ മലാനകൾക്ക് കഴി‌ഞ്ഞിട്ടില്ല. അവർ ഇപ്പോഴും കഞ്ചാവ് കൃഷി ചെയ്യുന്നു. മുൻപ് പാടങ്ങളിലായിരുന്നു കൃഷിയെങ്കിൽ ഇപ്പോഴത് ഉൾക്കാടുകളിലാണെന്ന് മാത്രം. പൊലീസിന് എത്തിപ്പെടാനാകാത്ത ഇടങ്ങളിലാണ് കൃഷി. മലാനയിൽ 593 ഏക്കറോളം പ്രദേശത്ത് കഞ്ചാവ് കൃഷി നടക്കുന്നുണ്ടെന്ന് 2016ൽ പ്രാദേശിക ഭരണകൂടം നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. യഥാർഥ സംഖ്യ ഇതിലും വലുതാണ്.

ചരസിന് ആവശ്യക്കാർ കൂടിയത് മലാനകൾക്ക് ​ഒരേ സമയം ​ഗുണവും ദോഷവുമാണ്. ഉയർന്ന വില ലഭിക്കുന്നത് കൃഷി തുടരാൻ പ്രേരണയാകുന്നു. വിദേശികളും സ്വദേശികളുമടക്കം നിരവധിപ്പേരാണ് മുന്തിയ ഇനം ഹാഷിഷ് തേടി ഇവിടെ എത്തുന്നത്. അതുകൊണ്ട് തന്നെ മുൻകാലങ്ങളെ അപേക്ഷിച്ച് സർക്കാരും കഞ്ചാവ വേട്ട സജീവമാക്കിയിട്ടുണ്ട്. മലാനയിലെ മലനിരകളിലെ കഞ്ചാവ് തോട്ടങ്ങൾ കണ്ടെത്തുക എളുപ്പമല്ലാത്തതിനാൽ പ്രത്യേകം പരിശീലനം കിട്ടിയവരെയാണ് ഇവിടേക്ക് അയക്കുന്നത്. പക്ഷേ പാടങ്ങളുപേക്ഷിച്ച് മലാനകൾ കാട് കയറിതിനാൽ ഉടമസ്ഥരെ കണ്ടെത്തുന്നതും ശിക്ഷിക്കുന്നതും എളുപ്പമല്ല. തോ‍ട്ടങ്ങൾ നശിപ്പിക്കുന്നതിനാണ് പൊലീസ് പ്രാമുഖ്യം നൽകുന്നതെങ്കിലും കഞ്ചാവ് ചെടികൾ നിറഞ്ഞു നിൽക്കുന്ന ഒരു പ്രദേശം മുഴുവൻ നശിപ്പിക്കുക എന്നത് പലപ്പോഴും പ്രായോ​ഗികമല്ല.

എൺപതാം വയസ്സിലും കഞ്ചാവ് കൃഷി ചെയ്യുന്ന, അതിൽ നിന്ന് മുന്തിയ ഇനം ചരസുണ്ടാക്കുന്ന ​ഗോരി മാസിയെ പോലെയുള്ളവർ മലാനയുടെ അവിഭാജ്യ ഘടകമാണ്. കഞ്ചാവല്ലാതെ മറ്റൊന്നും ഇവിടുത്തെ മണ്ണിൽ വളരില്ലെന്നാണ് മലാനകൾ പറയുന്നത്. ഒരു പക്ഷേ തങ്ങൾക്ക് മറ്റൊരു ജീവനോപാധി കണ്ടെത്തി തരാൻ സർക്കാരിന് കഴി‍ഞ്ഞാൽ കൃഷി ഉപേക്ഷിക്കാൻ തയ്യാറാണെന്ന് പുതിയ തലമുറയിൽപ്പെട്ട ജബേ റാമിനെ പോലെയുള്ളവർ പറയുന്നു. പക്ഷേ അപ്പോഴും റാം ഉറപ്പിച്ച് പറയുന്ന മറ്റൊരു കാര്യമുണ്ട്. 'ഒരു പക്ഷേ ഞങ്ങൾക്ക് ജയിലിൽ പോകേണ്ടി വന്നേക്കാം, പക്ഷേ പട്ടിണി കിടക്കാൻ ഞങ്ങളെ കിട്ടില്ല'.

English summary
In remote Indian village, cannabis is its only livelihood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X