അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ദോഹ വഴി തിരിച്ചെത്തിക്കും: നീക്കങ്ങൾ ഇങ്ങനെ
ദില്ലി: അഫ്ഗാനിസ്ഥാനിൽ നിന്ന് ചില ആഭ്യന്തരവിമാന സർവീസ് ആരംഭിച്ചതിന് പിന്നാലെ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. കാബൂളിനും ഇന്ത്യയ്ക്കുമിടയിൽ ഉടൻ നേരിട്ട് വിമാന സർവീസ് ആരംഭിക്കുമെന്നാണ് സൂചനകളെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർക്ക് പുറമേ അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നവരെയും തിരിച്ചെത്തിക്കാനാണ് ഇന്ത്യയുടെ നീക്കം.

ഖത്തർ വഴി ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനാണ് നീക്കമെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യയ്ക്ക് ഗ്രൗണ്ട് സ്റ്റാഫ് ഇല്ല. അവർക്ക് വിമാനയാത്ര സുഗമമാക്കാൻ കഴിയുമെന്നും ഈ വൃത്തങ്ങൾ ചൂണ്ടിക്കാണിച്ചു.

ആഗസ്റ്റ് 15 -ന് കാബൂൾ താലിബാൻ ഏറ്റെടുക്കുന്നതിനുമുമ്പ് നേരത്തെ ദില്ലിയിൽ നിന്ന് കാബൂളിലേക്ക് എയർ ഇന്ത്യയും കെഎഎം എയറും നേരിട്ട് വിമാന സർവീസ് നടത്തിയിരുന്നു. കാബൂളിലേക്കുള്ള അവസാന എയർ ഇന്ത്യ വിമാനം ഓഗസ്റ്റ് 16-ന് എത്തിച്ചേരാൻ കഴിഞ്ഞില്ല, വിമാനത്താവളം താലിബാന്റെ നിയന്ത്രണത്തിലായതിനാൽ താൽക്കാലികമായി അടച്ചിട്ടുണ്ട്.
വൃത്തങ്ങൾ അനുസരിച്ച്, അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ അംബാസഡർ രുദ്രേന്ദ്ര ടണ്ടൻ ഉൾപ്പെടെയുള്ള മുഴുവൻ നയതന്ത്ര ഉദ്യോഗസ്ഥരും കാബൂളിൽ നിന്ന് പുറപ്പെട്ട അതേ ദിവസം തന്നെ എയർ ഇന്ത്യ ജീവനക്കാർ ഒഴിപ്പിച്ചിട്ടുണ്ട്.

ആ സമയത്ത്, രണ്ട് എയർ ഇന്ത്യ ജീവനക്കാർ മാത്രമാണ് കാബൂളിൽ ഉണ്ടായിരുന്നത് - കൺട്രി മാനേജരും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും, അവർ രണ്ടുപേരും ഇപ്പോൾ ഇന്ത്യയിൽ തിരിച്ചെത്തിയതായി വൃത്തങ്ങൾ അറിയിച്ചു. കേന്ദ്ര സർക്കാരിനെ സംബന്ധിച്ചിടത്തോളം, കാബൂളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് അടിസ്ഥാന സാഹചര്യത്തെ ആശ്രയിച്ചിരിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കിയത്. ഈ ഘട്ടത്തിൽ, കാബൂളിലേക്കുള്ള യാത്ര ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഒഴിപ്പിക്കലിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നുമാണ് ഇന്ത്യൻ വൃത്തങ്ങൾ പറഞ്ഞു.

ഇപ്പോൾ, കാബൂൾ അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും പ്രവർത്തിക്കുന്നുണ്ടെങ്കിലും, ഖത്തർ എയർവേയ്‌സ് ഒഴികെയുള്ള അന്താരാഷ്ട്ര വിമാനങ്ങൾ ഇതുവരെ പുനരാരംഭിച്ചിട്ടില്ല എന്നതാണ് നിലവിലെ സാഹചര്യം. അതിനാൽ ഖത്തർ വഴി ഇന്ത്യക്കാരെയും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹമുള്ളവരെയും തിരിച്ചെത്തിയ്ക്കാനാണ് നീക്കം.

തിങ്കളാഴ്ച, പാകിസ്ഥാനും അഫ്ഗാനിസ്ഥാനുമിടയിലുള്ള വാണിജ്യ വിമാനങ്ങളും പുനരാരംഭിച്ചിട്ടുണ്ട്. ഇതോടെ ഇസ്ലാമാബാദിൽ നിന്നുള്ള ഒരു വിമാനം കുറച്ച് യാത്രക്കാരുമായി കാബൂളിലെത്തുകയായിരുന്നു. ഇപ്പോൾ കാബൂളിൽ ഇറങ്ങുന്ന വിമാനങ്ങളിൽ ഭൂരിഭാഗവും സഹായ തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും വഹിക്കുന്ന ചാർട്ടേഡ് വിമാനങ്ങളാണ്. കൂടുതൽ വാണിജ്യ അന്താരാഷ്ട്ര വിമാനങ്ങൾ ഒക്ടോബർ മുതൽ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

"ഒരു അടുത്ത അയൽരാജ്യമെന്ന നിലയിൽ, ഇന്ത്യ ആശങ്കയോടെയാണ് അഫ്ഗാനിലെ സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നത്. ദാരിദ്ര്യത്തിന്റെ തോത് 72 ശതമാനത്തിൽ നിന്ന് 97 ശതമാനമായി ഉയരുമെന്ന് യുഎൻഡിപി അടുത്തിടെ വിലയിരുത്തി. ഇത് പ്രാദേശിക സ്ഥിരതയ്ക്ക് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും," ജയശങ്കറിന്റെ ഉദ്ധരിച്ച് എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു.
അതേ സമയം അഫ്ഗാനിസ്ഥാനിലും പുറത്തും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തടസ്സമില്ലാതെ യാത്രാ സൗകര്യങ്ങൾ അനുവദിക്കണമെന്ന് ജയശങ്കർ പറഞ്ഞു. അഫ്ഗാൻ ജനതയ്‌ക്കൊപ്പം നിൽക്കാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിലെയും ഇന്ത്യൻ വികസന പദ്ധതികളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം പ്രതിഫലിക്കുന്നതായി അഫ്ഗാൻ ജനതയുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ ബന്ധങ്ങളെ പരാമർശിച്ചുകൊണ്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. "ഗുരുതരമായ അടിയന്തിര സാഹചര്യങ്ങളിൽ, മുൻകാലങ്ങളിലെന്നപോലെ അഫ്ഗാൻ ജനതയ്‌ക്കൊപ്പം നിൽക്കാൻ ഇന്ത്യ സന്നദ്ധമാണ്. അഫ്ഗാൻ ജനതയ്ക്ക് മാനുഷിക സഹായം നൽകുന്നതിന് സാധ്യമായ ഏറ്റവും മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി അന്താരാഷ്ട്ര സമൂഹം ഒത്തുചേരണമെന്ന് ജയശങ്കർ അഭ്യർത്ഥിച്ചു.












Click it and Unblock the Notifications