കളി മാറ്റി ഇന്ത്യ: റഷ്യ വീണാല്‍ രക്ഷകരായി അമേരിക്കയും ഇറാഖും സൗദിയും, കപ്പല്‍ പുറപ്പെട്ടു
പശ്ചാത്യ രാജ്യങ്ങള്‍ റഷ്യൻ ക്രൂഡ് ഓയിലിന്‍മേലുള്ള ഉപരോധം കർശനമാക്കുന്നതിനിടയിൽ അമേരിക്കയില്‍ നിന്നും കൂടുതല്‍ ക്രൂഡ് ഇറക്കുമതി ചെയ്യാന്‍ ഇന്ത്യന്‍ എണ്ണ കമ്പനികള്‍. പ്രതിദിനം 250,000 ബാരലിലധികം യുഎസ് ക്രൂഡ് ഓയില്‍ അടുത്ത മാസം മുതല്‍ ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഏറ്റവും ഉയർന്ന വിഹിതമാണ് ഇതെന്നും കപ്പൽ ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതിക്കാരും ഉപഭോക്താവുമായ ഇന്ത്യ 2022 ലെ ഉക്രൈന്‍ അധിനിവേശത്തിന് ശേഷമാണ് റഷ്യയില്‍ നിന്നും വലിയ തോതില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ ആരംഭിച്ചത്. റഷ്യ വലിയ തോതില്‍ വിലക്കിഴിവ് പ്രഖ്യാപിച്ചതോടെ പരമ്പരാഗത ക്രൂഡ് വ്യാപാര പങ്കാളികളായ അറബ് രാഷ്ട്രങ്ങളെ പിന്തള്ളി റഷ്യ ഒന്നാമതെത്തുകയായിരുന്നു.
എന്നാല്‍ അടുത്തിടെ റഷ്യക്കെതിരായ ഉപരോധം അമേരിക്ക അടങ്ങുന്ന രാജ്യങ്ങള്‍ കൂടുതല്‍ ശക്തമാക്കി. ഇതോടെ റഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് ചരക്ക് വരുന്നതില്‍ കാലതാമസം ഉള്‍പ്പെടേയുള്ള പ്രതിസന്ധി രൂപപ്പെട്ടു. ഇതോടെയാണ് എണ്ണ വിതരണം വൈവിധ്യവത്കരിക്കാനായി ഇന്ത്യ ശ്രമം തുടങ്ങിയത്. ഇതിന്റെ ഭാഗമായാണ് അമേരിക്കയില്‍ നിന്നും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്.
ഏകദേശം 7.6 ദശലക്ഷം ബാരൽ, അല്ലെങ്കിൽ പ്രതിദിനം 256,000 ബാരൽ (ബി പി ഡി) എണ്ണ മൂന്ന് വലിയ ക്രൂഡ് കാരിയറുകളിലും മൂന്ന് സൂയസ്മാക്‌സ് കപ്പലുകളിലുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടുവെന്നാണ് കപ്പൽ ട്രാക്കിംഗ് സ്ഥാപനമായ കെപ്ലർ കാണിക്കുന്നത്. സാമ്പത്തിക സ്ഥാപനമായ എൽഎസ്ഇജിയുടെ കണക്കുകൾ പ്രകാരം റിലയൻസ് ഇൻഡസ്ട്രീസ്, വിറ്റോൾ, ഇക്വിനോർ, സിനോകോർ തുടങ്ങിയ കമ്പനികളാണ് പ്രധാനമായും ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തേക്ക് എത്തുന്ന കപ്പലുകൾ ചാർട്ടർ ചെയ്തത്.
ലോകത്തിലെ ഏറ്റവും വലിയ റിഫൈനിംഗ് കോംപ്ലക്‌സിൻ്റെ ഓപ്പറേറ്ററായ ഇന്ത്യയുടെ റിലയൻസ്, യു എ സ് ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍സോവ്‌കോംഫ്ലോട്ട് പ്രവർത്തിപ്പിക്കുന്ന ടാങ്കറുകളിൽ എത്തിക്കുന്ന റഷ്യൻ എണ്ണ വാങ്ങില്ലെന്ന് റോയിട്ടേഴ്സ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. കൂടുതൽ ഇന്ത്യൻ റിഫൈനർമാർ സോവ്‌കോംഫ്ലോട്ട് കപ്പലുകൾ ഒഴിവാക്കാൻ പദ്ധതിയിടുന്നുട്ട്.
റഷ്യന്‍ എണ്ണയുടെ വിവിഹതത്തില്‍ കുറവ് വരുന്നതോടെ അമേരിക്കയില്‍ നിന്ന് മാത്രമല്ല ഇറാഖ്, സൌദി അറേബ്യ, യു എ ഇ എന്നിവടങ്ങളില്‍ നിന്നും കൂടുതല്‍ ക്രൂഡ് ഓയില്‍ എണ്ണ ഇറക്കുമതി ചെയ്തേക്കും. അതുപോലെ തന്നെ അമേരിക്കന്‍ ഉപരോധം നീങ്ങിയതോടെ വെനസ്വേലയില്‍ നിന്നും ഇന്ത്യന്‍ കമ്പനികള്‍ കൂടുതല്‍ ക്രൂഡ് ഓയിലുകള്‍ ഇറക്കുമതി ചെയ്ത് തുടങ്ങിയിട്ടുണ്ട്. പുതിയ കണക്കുപ്രകാരം കഴിഞ്ഞ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഓയില്‍ ഇറക്കുമതി ചെയ്ത രാജ്യങ്ങളുടെ പട്ടികയില്‍ വെനസ്വേല അഞ്ചാമതായി.
2023 ഒക്‌ടോബർ 18 മുതൽ ആറ് മാസത്തേക്ക് വെനസ്വേലയ്‌ക്കെതിരായ ഉപരോധം യുഎസ് നീക്കിയിരുന്നു. ഇതോടെയാണ് മൂന്ന് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം 2023 ഡിസംബർ മുതൽ ഇന്ത്യ വെനസ്വേലയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യാന്‍ ആരംഭിച്ചത്. ഇന്ത്യ ജനുവരിയിൽ 2,54,000 ബി പി ഡിയില്‍ അധികവും 2023 ഡിസംബറിൽ 1,91,000 ബി പി ഡിയില്‍ അധികവും വെനസ്വേലയന്‍ എണ്ണ ഇറക്കുമതി ചെയ്തു. 2019 വരെ യുഎ സിനും ചൈനയ്ക്കും ശേഷം വെനസ്വേലയുടെ മൂന്നാമത്തെ വലിയ ഇടപാടുകാരായും ഇന്ത്യ മാറി.












Click it and Unblock the Notifications