റഷ്യക്കെതിരെ ഇന്ത്യയുടെ വോട്ട്, യുക്രൈനിൽ റഷ്യയുടെ അധിനിവേശം അവസാനിപ്പിക്കണമെന്ന് ഐസിജെ
ഹേഗ് : യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിൽ റഷ്യക്കെതിരെ വോട്ട് ചെയ്‌ത് ഇന്ത്യൻ ജഡ്‌ജ്. അന്താരാഷ്‌ട്ര നീതിന്യായ കോടതിയിലെ ജസ്റ്റിസ് ദൽവീർ ഭൻധാരിയാണ് റഷ്യക്കെതിരെ വോട്ട് രേഖപ്പെടുത്തിയത്. യുക്രൈനിൽ റഷ്യ സേനകളെ ഉപയോഗിച്ചുകൊണ്ട് നടത്തുന്ന ആക്രമണത്തിൽ ഐസിജെ ആശങ്ക രേഖപ്പെടുത്തി. റഷ്യ അധിനിവേശം അവസാനിപ്പിക്കണമെന്ന് ജസ്റ്റിസ് ജൊവാൻ ഡൊണോഗ് പറഞ്ഞു. റഷ്യയുടെ നിലവിലെ ഈ നടപടി അന്താരാഷ്‌ട്ര നിയമങ്ങളിൽ പ്രതിസന്ധി സൃഷ്‌ടിക്കുമെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ ഇന്ത്യ റഷ്യയെ തള്ളിപ്പറയാൻ തയ്യാറായിട്ടില്ല. ഇരുരാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കണമെന്നും ചർച്ചയിലൂടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണം എന്നാണ് ഇതുവരെ ഇന്ത്യ അന്താരാഷ്‌ട്ര വേദികളിൽ സ്വീകരിച്ച നിലപാട്. എന്നാൽ ഈ നിലപാടിനെ തള്ളുന്ന തീരുമാനമാണ് ഐസിജെയിൽ ഇന്ത്യൻ ജഡ്‌ജ് സ്വീകരിച്ചിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെയും വ്യത്യസ്‌ത മിഷനുകളുടെയും പിന്തുണയോടെയാണ് ജസ്റ്റിസ് ഭൻധാരി ഐസിജെയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

വിഷയത്തിൽ യുഎന്നിൽ അടക്കം ഇരുപക്ഷത്തെയും പിന്തുണക്കാതെ വോട്ടിങ്ങിൽ ഭാഗമാകാതിരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. യുക്രൈൻ പ്രവിശ്യകളിൽ വംശഹത്യ നടത്തുകയാണെന്നാണ് റഷ്യ ആരോപിക്കുന്നതെന്നും എന്നാൽ ഇത് തീർത്തും തെറ്റാണെന്നും യുക്രൈൻ പറഞ്ഞു.
അടിയന്തരമായി റഷ്യയുടെ സൈനിക നടപടി അവസാനിപ്പിക്കാൻ ഉത്തരവിടണമെന്നും യുക്രൈൻ ഐസിജെയിൽ ആവശ്യപ്പെട്ടു.
റഷ്യയുടെ അധിനിവേശം അവസാനിപ്പിക്കണമെന്നും ഇതിനായി കോടതിക്ക് പങ്കുവഹിക്കാനാകുമെന്നും യുക്രൈൻ പ്രതിനിധി കഴിഞ്ഞ ആഴ്‌ച ഐസിജെയിൽ പറഞ്ഞിരുന്നു. മാർച്ച് ഏഴിനും എട്ടിനും കോടതിയിൽ നടന്ന വാദപ്രതിവാദങ്ങളിൽ റഷ്യൻ പ്രതിനിധി പങ്കെടുത്തിരുന്നില്ല. അതേ സമയം യുക്രൈന്‍റെ സുരക്ഷ ഉറപ്പാക്കണമെന്നാണ് ഐസിജെയിൽ യുക്രൈൻ ആവശ്യപ്പെട്ടു. റഷ്യ സ്വയം പ്രതിരോധത്തിനായാണ് ഈ നടപടി സ്വീകരിച്ചതെന്നാണ് റഷ്യയുടെ വാദം.
ഫെബ്രുവരി 24നാണ് യുക്രൈനിൽ റഷ്യ അധിനിവേശം ആരംഭിക്കുന്നത്. നാറ്റോയിൽ ചേരാനുള്ള യുക്രൈന്റെ തീരുമാനത്തെ എതിർത്തുകൊണ്ടാണ് റഷ്യ യുക്രൈന് മേൽ അധിനിവേശം തുടരുന്നത്. മൂന്നാമത്തെ ആഴ്‌ചയും യുക്രൈനിൽ ഇരുസേനകളും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. ഫെബ്രുവരി അവസാന ആഴ്‌ചയിലാണ് റഷ്യൻ അധിനിവേശത്തിനെതിരെ യുക്രൈൻ അന്താരാഷ്‌ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. പ്രതിദിനം യുക്രൈനിൽ നിന്ന് അഭയാർഥികളായി രാജ്യം വിടുന്നവരുടെ എണ്ണം വർധിക്കുകയാണ്. പോളണ്ടിലേക്കാണ് കൂടുതൽ പേരും പലായനം ചെയ്യുന്നത്.












Click it and Unblock the Notifications