പ്രണയം നിരസിച്ചതിലെ പക; ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനിയെ ഓസ്ട്രേലിയയിൽ ജീവനോടെ കുഴിച്ചുമൂടി
കാൻബെറ: ഓസ്ട്രോലിയയിൽ ഇന്ത്യൻ വംശജയായ നഴ്സിംഗ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചിട്ട സഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചു. ഇന്ത്യൻ വംശജനായ താരിക്ജോത് സിംഗ് ആണ് പ്രതി. 21 കാരിയായ ജാസ്മിൻ കൗറിനെയായിരുന്നു ഇയാൾ കൊലപ്പെടുത്തിയത്. 2021 മാർച്ചിലായിരുന്നു ഞെട്ടിക്കുന്ന കൊല നടന്നത്. പ്രണയം നിരസിച്ചതിലുള്ള പകയെ തുടർന്നായിരുന്നു കൊലപാതകം.
ജാസ്മിൻ കൗറിനെ അഡ്‌ലെയ്ഡിലെ ജോലി സ്ഥലത്തു നിന്ന് പ്രതി തട്ടിക്കൊണ്ടുപോകുകയായിരുന്നു. യുവതിയുടെ കൈകാലുകൾ കേബിൾ വയർ കൊണ്ട് കെട്ടി, വായ പ്ലാസ്റ്റർ കൊണ്ട് മൂടി കാറിന്റെ ബൂട്ടിൽ തള്ളിയ ശേഷം ഏകദേശം 650 കിലോമീറ്ററോളം ഇയാൾ കാറുമായി പോയി. ജാസ്മിന്റെ കഴുത്ത് പ്രതി മുറിച്ചിരുന്നു. എന്നാൽ ഈ മുറിവ് ആഴത്തിലുള്ളതായിരുന്നില്ല. പിന്നീട് പെൺകുട്ടിയെ കേബിളുകൾ കൊണ്ടും ടേപ്പ് കൊണ്ടും വരിഞ്ഞ് മുറുക്കി കെട്ടിയ ശേഷം ജീവനോടെ കുഴിയിലേക്ക് തള്ളുകയായിരുന്നു.

കൊലയ്ക്ക് പിന്നാലെ തന്നെ പ്രതി താരിക് ജോത് സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇയാൾ കുറ്റംസമ്മതിച്ചിരുന്നില്ല. വിചാരണ വേളയിൽ ഈ വർഷം ഫെബ്രുവരിയിലായിരുന്നു ഇയാൾ കുറ്റസമ്മതം നടത്തിയത്. പിന്നാലെ പെൺകുട്ടിയെ മറവ് ചെയ്ത സ്ഥലം പോലീസ് കണ്ടെത്തി. കേബിളുകൾ കൊണ്ട് കെട്ടിയ നിലയിലായിരുന്നു മൃതദേഹം.
അതേസമയം പ്രതി കൊടും ക്രൂരതയാണ് ജാസ്മിനോട് കാണിച്ചതെന്ന് വിചാരണ വേളയിൽ പ്രോസിക്യൂട്ടറായ കാർമെൻ മാറ്റിയോ പറഞ്ഞു. പെണ്‍കുട്ടി മരണ വെപ്രാളത്തിൽ മണ്ണ് വരെ തിന്നതായി പോസ്റ്റുമോർട്ടിൽ ഉണ്ടെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി. പ്രണയം നിരസിച്ചതിലുള്ള പ്രതികാരമാണ് കൊലയിൽ കലാശിച്ചത്. ഇയാൾ പെൺകുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. തുടർന്ന് പെൺകുട്ടി ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. പരാതി നൽകി ഒരു മാസത്തിന് ശേഷമാണ് ഇയാൾ കൊല നടത്തിയതെന്നും പ്രോസിക്യൂട്ടറെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പ്രതി കുറ്റം നിരസിച്ചിരുന്നു. ജാസ്മിൻ ആത്മഹത്യ ചെയ്തതാണെന്നും പിന്നീട് താൻ ജാസ്മിന്റെ ശരീരം മറവ് ചെയ്യുകയായിരുന്നുവെന്നുമാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. എന്നാൽ പിന്നീട് ഇയാൾ കുറ്റസമ്മതം നടത്തി. അതേസമയം തന്റെ മകളെ പ്രതി നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി ജാസ്മിന്റെ അമ്മയും പറഞ്ഞു.












Click it and Unblock the Notifications