സൗദിയുമായി ചേര്‍ന്ന് വമ്പന്‍ നീക്കത്തിന് ഇറാന്‍; കൂടെ മറ്റു ജിസിസി രാജ്യങ്ങളും, ഇന്ത്യയെ ക്ഷണിച്ചേക്കും
ടെഹ്‌റാന്‍: ഏഴ് വര്‍ഷത്തിന് ശേഷം സൗദി അറേബ്യയുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച ഇറാന്‍ പുതിയ നീക്കത്തിന്. സൗദിയുള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളുമായി ചേര്‍ന്ന് സംയുക്ത നാവിക സേന രൂപീകരിക്കാനാണ് പദ്ധതി. ഇറാന്‍ സൈനിക കമാന്ററുടെ പ്രഖ്യാപനം യാഥാര്‍ഥ്യമായാല്‍ അറബ് ലോകത്ത് സംഭവിക്കുന്ന വലിയ മാറ്റമാകുമിത്.
സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, ഇറാഖ് എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് നാവിക സഖ്യം രൂപീകരിക്കുമെന്നാണ് ഇറാന്‍ കമാന്റര്‍ ഷഹറാം ഇറാനി പറയുന്നത്. കഴിഞ്ഞ ദിവസം ടെലിവിഷനില്‍ നടന്ന പരിപാടിയിലാണ് കമാന്ററുടെ പ്രഖ്യാപനം. ഈ സഖ്യത്തിലേക്ക് ഇന്ത്യയെയും പാകിസ്താനെയും ഉള്‍പ്പെടുത്തുന്നതും ആലോചനയിലാണത്രെ.

അമേരിക്ക നേതൃത്വം നല്‍കുന്ന നാവിക സഖ്യസേനയില്‍ നിന്ന് പിന്മാറാന്‍ കഴിഞ്ഞ ദിവസം യുഎഇ തീരുമാനിച്ചിരുന്നു. ഗള്‍ഫ് ജലമേഖലയില്‍ സുരക്ഷ ഒരുക്കുന്നതിനുള്ള അമേരിക്കന്‍ സഖ്യത്തില്‍ നിന്നാണ് യുഎഇ പിന്മാറിയത്. തൊട്ടുപിന്നാലെ ഇറാന്റെ കമാന്റര്‍ പുതിയ പ്രഖ്യാപനം നടത്തിയതോടെ രണ്ട് നീക്കവും ചേര്‍ത്തുവായിക്കപ്പെടുന്നുണ്ട്.
പശ്ചിമേഷ്യയില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ സഖ്യത്തിന്റെ സൈന്യം ആവശ്യമില്ല എന്ന നിലപാടാണ് ഇറാനുള്ളത്. മേഖലയില്‍ സുരക്ഷ ഒരുക്കേണ്ടത് മേഖലയിലെ മാത്രം രാജ്യങ്ങളാണെന്നും ഇറാന്‍ വ്യക്തമാക്കുന്നു. പുതിയ നാവിക സഖ്യസേനയില്‍ മേഖലയില്‍ മാത്രമുള്ള രാജ്യങ്ങളുടെ പേരുകളാണ് ഇറാന്‍ പറയുന്നത്. ഇത് അമേരിക്കന്‍ താല്‍പ്പര്യത്തിന് വിരുദ്ധമാണ്.
പുതിയ സൈനിക സഖ്യം എന്ന് മുതല്‍ നിലവില്‍ വരുമെന്ന് ഇറാന്‍ വ്യക്തമാക്കിയില്ല. ജിസിസി രാജ്യങ്ങളും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. സൗദിയും ഇറാനും തമ്മിലുള്ള വൈരം മറന്ന് ഒന്നായത് കഴിഞ്ഞ മാസമാണ്. ചൈന നടത്തിയ മധ്യസ്ഥ നീക്കമാണ് ഇരുരാജ്യങ്ങളെയും ഒന്നിപ്പിച്ചത്. അമേരിക്കയുമായി സൗദിയും യുഎഇയും അകലുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍.
ഇറാനുമായി അകലം പാലിക്കുന്ന രാജ്യമാണ് അമേരിക്കയും ഇസ്രായേലും. എന്നാല്‍ ചൈനയുടെ നിലപാട് മറിച്ചാണ്. അവര്‍ ഇറാനുമായും സൗദിയുമായും നല്ല ബന്ധമാണ്. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയ്‌ക്കെതിരെയാണ് അമേരിക്കയുടെ നിലപാട്. എന്നാല്‍ റഷ്യയെ തള്ളിപ്പറയാന്‍ സൗദിയും ഇറാനും യുഎഇയും തയ്യാറായിട്ടില്ല. ഇതില്‍ അമേരിക്കക്ക് കടുത്ത അതൃപ്തിയുണ്ട്.
അമേരിക്കയുടെ നേതൃത്വത്തില്‍ ഗള്‍ഫ്-പശ്ചിമേഷ്യന്‍ മേഖലയുടെ ജലസുരക്ഷയ്ക്ക് നാവിക സേനാ സഖ്യം രൂപീകരിച്ചത് 2001ലാണ്. ഇതില്‍ നിന്ന് പിന്മാറുകയാണെന്ന് ബുധനാഴ്ച യുഎഇ പ്രഖ്യാപിച്ചു. എന്താണ് പിന്മാറാന്‍ കാരണം എന്ന് യുഎഇ വെളിപ്പെടുത്തിയതുമില്ല. തുടക്കത്തില്‍ ഈ സഖ്യത്തില്‍ 12 രാജ്യങ്ങളാണുണ്ടായിരുന്നത്. നിലവില്‍ 38 രാജ്യങ്ങളുണ്ട്. ബഹ്‌റൈന്‍ കേന്ദ്രമായിട്ടാണ് സഖ്യത്തിന്റെ പ്രവര്‍ത്തനം.












Click it and Unblock the Notifications