യുഎസിനെതിരേ സൈനിക നടപടി തുടങ്ങിയതായി ഇറാന്‍; ആക്രമണം നേരത്തെ അറിഞ്ഞിരുന്നതായി ട്രംപ്
ടെഹ്റാന്‍/വാഷിങ്ടണ്‍: ഖത്തറിലെ അമേരിക്കയുടെ സൈനിക താവളത്തിനു നേരെ നടന്ന ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇറാന്‍. അമേരിക്കയ്‌ക്കെതിരെ സൈനിക നടപടി തുടങ്ങിയെന്നും ഖത്തറിനെ ലക്ഷ്യമിട്ടിട്ടില്ലെന്നും ഇറാന്‍ വ്യക്തമാക്കി. ഇറാന്റെ പരമാധികാരത്തിന് എതിരായ അമേരിക്കയുടെ ആക്രമണത്തിനുള്ള മറുപടിയാണ് യുഎസ് സൈനിക താളത്തിന് നേരെയുള്ള ആക്രമണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി പറഞ്ഞു. അമേരിക്ക കൂടുതല്‍ സൈനിക നടപടികള്‍ സ്വീകരിച്ചാല്‍ ഇറാന്‍ വീണ്ടും തിരിച്ചടിക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലൂടെ അറിയിച്ചു.
അതേസമയം അമേരിക്കയുടെ വ്യോമ താവളത്തിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് പ്രതികാരം ഉണ്ടാകില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കി. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് താവളമായ അല്‍ ഉദെയ്ദ് എയര്‍ ബേസ് ദോഹയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയാണ്. പതിനായിരത്തോളം യുഎസ് സൈനികരും ഇവിടെയുണ്ട്. അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനങ്ങളാണ് ഇവിടെയുള്ളത്. ആക്രമണം മുന്‍കൂട്ടി കണ്ട് വ്യോമതാവളങ്ങളിലെ സൈനികരോട് ബങ്കറിലേക്ക് മാറാന്‍ നേരത്തേ നിര്‍ദേശമുണ്ടായിരുന്നു.

ഇറാന്‍ ആക്രമണം ദുര്‍ബലമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ആരുടെയും ജീവന്‍ നഷ്ടപ്പെടാതിരിക്കാനും ആര്‍ക്കും പരിക്കേല്‍ക്കാതിരിക്കാനും സാധ്യമാക്കിയ ഇറാനോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു ഇപ്പോള്‍ ഇറാന് സമാധാനത്തിലേക്കും ഐക്യത്തിലേക്ക് മുന്നേറാന്‍ കഴിയും. ഇസ്രായേലിനെയും അതിനു ഞാന്‍ പ്രേരിപ്പിക്കും' - വൈറ്റ് ഹൗസിലെ സിറ്റുവേഷന്‍ റൂമില്‍ ഖത്തര്‍ ആക്രമണത്തിന്റെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷം ആയിരുന്നു ട്രംപിന്റെ പ്രതികരണം.
ഇറാന്‍ 14 മിസൈലുകള്‍ തൊടുത്തു, 13 എണ്ണം വീഴ്ത്തി, ഒരെണ്ണം എങ്ങോട്ടോ പോയെന്നും ട്രംപ് പ്രതികരിച്ചു.
അമേരിക്കയിലെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിച്ചതിനെ തുടര്‍ന്നാണ് ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷം ഗള്‍ഫിലേക്ക് വ്യാപിക്കുന്നത്. ആക്രമണത്തിന് പിന്നാലെ ഇറാന്‍ യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടേക്കാമെന്ന് മുന്നറിയിപ്പിനെ തുടര്‍ന്ന് അമേരിക്ക അതീവ ജാഗ്രതയിലായിരുന്നു. ഖത്തറിലെ വ്യോമ താവളത്തില്‍ നിന്ന് ചില വിമാനങ്ങള്‍ നീക്കുകയും ചെയ്തിരുന്നുവെന്ന് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍ റിപ്പോര്‍ട്ട് ചെയ്തു
അതേസമയം ആക്രമണം ഖത്തറിനെ ലക്ഷ്യമില്ലെന്നും സഹോദര രാജ്യമായ ഖത്തറിനും അവിടുത്തെ ജനങ്ങള്‍ക്കും ഒരു ഭീഷണിയും ഉയര്‍ത്തുന്നില്ലെന്ന് ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വിശദീകരിച്ചു. ഖത്തറുമായുള്ള ഊഷ്മളവും ചരിത്രപരവും ആയി ബന്ധം നിലനിര്‍ത്തുന്നതിന് ഇറാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇറാന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇറാന്‍ വിക്ഷേപിച്ച മിസൈലുകള്‍ എല്ലാം തകര്‍ത്തതായി വ്യക്തമാക്കിയ ഖത്തര്‍ ആക്രമണത്തെ ശക്തമായി അപലപിച്ചു. ആക്രമത്തെ യുഎഇ, സൗദി അറേബ്യ, ഒമാന്‍ തുടങ്ങിയ മറ്റു ഗള്‍ഫ് രാജ്യങ്ങളും അപലപിച്ചു. ഇറാന്റെ ആക്രമണം അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
ഇറാന്റെ ആക്രമണത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications