'തിരിച്ചടിച്ചാൽ ഇതുവരെ കാണാത്ത ആയുധങ്ങൾ പലതും പുറത്തെടുക്കും'; ഇസ്രായേലിനെ വെല്ലുവിളിച്ച് ഇറാൻ
ടെഹ്‌റാൻ: ഇറാനെതിരായ തിരിച്ചടിക്കായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഉത്തരവ് കാത്തിരിക്കുകയാണെന്ന ഇസ്രായേൽ സൈനിക തലവന്റെ പ്രസ്‌താവനയ്ക്ക് പിന്നാലെ നിലപാട് കടുപ്പിച്ച് ഇറാൻ രംഗത്ത്. ഇസ്രായേൽ തങ്ങളെ ആക്രമിച്ചാൽ സെക്കന്റുകൾക്കുള്ളിൽ തിരിച്ചടിക്കുമെന്ന് പറഞ്ഞ അവർ മുൻപൊരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത, പുറംലോകം അറിയാത്ത ആയുധങ്ങൾ ഉൾപ്പെടെ ഇതിനായി വിന്യസിക്കുമെന്നും ഭീഷണി മുഴക്കി.
കഴിഞ്ഞ ദിവസമാണ് ഇസ്രായേൽ സൈനിക തലവൻ ഇറാന്റെ അക്രമണത്തോട് പ്രതികരിക്കുമെന്നും പ്രധാനമന്ത്രിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും പറഞ്ഞത്. മിഡിൽ ഈസ്‌റ്റിലെ സംഘർഷ സാഹചര്യം കൂടുതൽ കടുപ്പത്തിലേക്ക് നീങ്ങുമോ എന്ന സംശയ നിഴലിൽ കാര്യങ്ങൾ നീങ്ങവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം വന്നത്. എന്നാൽ അതിനോടാണ് ഇറാൻ ഭീഷണി സ്വരത്തിൽ പ്രതികരിച്ചത്.

ഇസ്രായേലി സൈനിക മേധാവി ഹെർസി ഹലേവി, രാജ്യം വിഷയത്തിൽ അടുത്ത ഘട്ട നടപടികൾ പരിഗണിക്കുകയാണെന്നും ഏപ്രിൽ 13ന് നടന്ന ഇറാനിയൻ ആക്രമണത്തിന് തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്‌തിരുന്നു. എന്നാൽ ഇതിനോട് പ്രതികരിച്ച ഇറാൻ രാഷ്ട്രീയകാര്യ ഉപ വിദേശകാര്യ മന്ത്രി അലി ബഗേരി കാൻ ഭീഷണി സ്വരത്തിലാണ് സംസാരിച്ചത്. ഇസ്രായേൽ തിരിച്ചടിച്ചാൽ മറുപടി സെക്കൻഡുകൾക്ക് ഉള്ളിൽ ഉണ്ടാവുമെന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം, ഇറാന്റെ ആക്രമണവുമായി ബന്ധപ്പെട്ട വിഷയത്തിൽ 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാർ ക്യാബിനറ്റ് രണ്ടാം തവണയും വിളിച്ചു ചേർത്തു. എന്നാൽ സർക്കാർ ഇതുവരെ ഇക്കാര്യത്തിൽ അന്തിമ തീരുമാനങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. യുഎസ് ഉന്നത ഉദ്യോഗസ്ഥരുമായി ഇസ്രായേൽ നിരന്തരം ബന്ധം പുലർത്തുന്നു എന്നാണ് ലഭ്യമായ വിവരം.
ഇസ്രായേലിലെ ചാനൽ 12 പറയുന്നത് അനുസരിച്ച് വാർ ക്യാബിനറ്റ് യോഗത്തിൽ വിവിധ തരത്തിലുള്ള ചർച്ചകൾ നടന്നിരുന്നു എന്നാണ് സൂചന. ഇറാന്റെ ഡ്രോൺ-മിസൈൽ അക്രമണത്തോട് തിരിച്ചടിക്കുമ്പോൾ തന്നെ പൂർണമായ യുദ്ധത്തിലേക്ക് കടക്കാതിരിക്കാനുള്ള വഴികൾ ഉൾപ്പെടെ കാബിനറ്റിൽ ചർച്ചയായി എന്നാണ് വിവരം.
ഇതിനിടെ മേഖലയിൽ നിലനിൽക്കുന്ന സംഘർഷ സാധ്യത കൂടുതൽ വഷളാക്കാതിരിക്കാൻ ഇസ്രായേൽ രാജ്യാന്തര തലത്തിൽ സമ്മർദ്ദം നേരിടുന്നുണ്ട്. വിഷയത്തിൽ കൂടുതൽ സംയമനം പാലിക്കണമെന്ന് യുഎസ് ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഇസ്രായേലിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇത് കൂടി പരിഗണിച്ചാവും അവർ ഇക്കാര്യത്തിൽ ഒരു അന്തിമ തീരുമാനം എടുക്കുക.
ഏപ്രിൽ 13 ശനിയാഴ്‌ചയാണ് ഇറാൻ തങ്ങളുടെ പ്രധാന എതിരാളികളായ ഇസ്രയേലിനെതിരെ നേരിട്ട് ആക്രമണം നടത്തിയത്. മുന്നൂറിലധികം ഡ്രോണുകളും മിസൈലുകളുമാണ് അവർക്ക് നേരെ ഇറാൻ തൊടുത്തുവിട്ടത്. സിറിയൻ തലസ്ഥാന നഗരമായ ഡമാസ്‌കസിലെ ഇറാൻ കോൺസുലേറ്റ് കെട്ടിടത്തിന് നേരെ ഏപ്രിൽ 1ന് നടന്ന വ്യോമാക്രമണത്തിന് തിരിച്ചടിയാണ് ഇതെന്നായിരുന്നു ഇറാന്റെ വിശദീകരണം.












Click it and Unblock the Notifications