പാകിസ്താന്റെ മണ്ണില്‍ കയറി അടിച്ച് ഇറാന്‍: മിസൈല്‍ ആക്രമണത്തില്‍ 2 കുട്ടികളുള്‍പ്പെടെ കൊല്ലപ്പെട്ടു
പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ തീവ്രവാദ താവളങ്ങൾക്ക് നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്റെ റെവല്യൂഷണറി ഗാർഡ്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ആക്രമണം ഉണ്ടായത്. മിസൈലുകളും ഡ്രോണുകളും ഉൾപ്പെട്ട ആക്രമണമാണ് സുന്നി തീവ്രവാദി സംഘടനയായ ജെയ്‌ഷ് അൽ-അദ്ലിനെ ലക്ഷ്യമിട്ട് ഇറാന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
ഇറാന്‍ ആക്രമണം ലക്ഷ്യം തെറ്റിയതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തില്‍ , രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തില്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ട് പാകിസ്താന്‍ രംഗത്ത് വന്നു. രാജ്യത്തിന്റെ പരമാധികാരത്തിന്റെ "പ്രകോപനരഹിതമായ ലംഘനം" എന്നാണ് ആക്രമണത്തെ പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയും വിശേഷിപ്പിച്ചത് ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കും ഉഭയകക്ഷി വിശ്വാസത്തിന് വിള്ളലുണ്ടാക്കുന്നുവെന്നും പാകിസ്താന്‍ കൂട്ടിച്ചേർത്തു.

പാക്കിസ്ഥാനിലെ ജെയ്‌ഷ് അൽ-ആദലിന്റെ രണ്ട് പ്രധാന താവളങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയാതി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങളില്‍ എലൈറ്റ് റെവല്യൂഷണറി ഗാർഡുകൾ മിസൈൽ ആക്രമണം നടത്തിയതിന് ശേഷമാണ് ബലൂചിസ്ഥാനിലും ആക്രമണമുണ്ടാകുന്നത്.
"പാക്കിസ്ഥാനിലെ ജയ്‌ഷ് അൽ-ദുൽമിന്റെ (ജയ്‌ഷ് അൽ-അദ്‌ൽ) തീവ്രവാദ ഗ്രൂപ്പിന്റെ രണ്ട് പ്രധാന ശക്തികേന്ദ്രങ്ങൾ" ഈ ഓപ്പറേഷന്റെ കേന്ദ്രബിന്ദുവായിരുന്നു. "പ്രത്യേകിച്ച് ടാർഗെറ്റുചെയ്‌ത കേന്ദ്രങ്ങള്‍ വിജയകരമായി തകർത്തു" എന്നും ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജന്‍സിയായ തസ്‌നിം റിപ്പോർട്ട് ചെയ്യുന്നു.
ആരാണ് ജെയ്ഷ് അൽ-അദ്ൽ
"ആർമി ഓഫ് ജസ്റ്റിസ്" എന്നറിയപ്പെടുന്ന ജെയ്ഷ് അൽ-അദ്ൽ, പാകിസ്ഥാനിൽ ഗണ്യമായ സാന്നിധ്യമുള്ള 2012 ൽ സ്ഥാപിതമായ ഒരു സുന്നി തീവ്രവാദ വിഭാഗമാണ്. തെക്കുകിഴക്കൻ പ്രവിശ്യയായ സിസ്താൻ-ബലൂചിസ്ഥാനിലെ ഇറാനിയൻ പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ മാസം നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ ഈ സംഘടനയായിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് ഇപ്പോഴത്തെ ആക്രമം. പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ 11 ഇറാനിയൻ പോലീസ് ഉദ്യോഗസ്ഥരായിരുന്നു കൊല്ലപ്പെട്ടത്.
സംഭവത്തിലെ പ്രതിഷേധം രേഖപ്പെടുത്താൻ ഇറാനിയൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചതായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇത്തരം ഏകപക്ഷീയമായ പ്രവൃത്തികൾ നല്ല അയൽപക്ക ബന്ധങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും ഉഭയകക്ഷി വിശ്വാസവും ആത്മവിശ്വാസവും ഗുരുതരമായ രീതിയില്‍ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനും ഇറാനും തമ്മിൽ ആശയവിനിമയത്തിനുള്ള നിരവധി ചാനലുകൾ നിലവിലുണ്ടെങ്കിലും ഈ നിയമവിരുദ്ധ പ്രവൃത്തി നടന്നുവെന്നത് കൂടുതൽ ആശങ്കാജനകമാണെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
"മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും തീവ്രവാദം ഒരു പൊതു ഭീഷണിയാണെന്ന് പാകിസ്ഥാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്, അതിന് ഏകോപിത പ്രവർത്തനം ആവശ്യമാണ്. ഇത്തരം ഏകപക്ഷീയമായ പ്രവർത്തനങ്ങൾ നല്ല അയൽപക്ക ബന്ധങ്ങളുമായി പൊരുത്തപ്പെടുന്നില്ല, മാത്രമല്ല ഉഭയകക്ഷി വിശ്വാസവും ആത്മവിശ്വാസവും ഗുരുതരമായി തകർക്കും." പാകിസ്താന്‍ വിദേശ കാര്യമന്ത്രാലയം പറഞ്ഞു












Click it and Unblock the Notifications