ഇറാഖിലെ ഇസ്രയേലി ചാരപ്രവര്‍ത്തന കേന്ദ്രം ആക്രമിച്ച് ഇറാന്‍; അപലപിച്ച് അമേരിക്ക, ആശങ്ക
ടെഹ്റാന്‍: ഇറാഖിലെ സ്വയം ഭരണ പ്രദേശമായ കുര്‍ദിസ്ഥാന്‍ മേഖലയിലെ ഇസ്രായേലിന്റെ ചാരപ്രവര്‍ത്തന കേന്ദ്രം ആക്രമിച്ച് ഇറാന്‍. ഒന്നിലധികം കേന്ദ്രങ്ങളില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് മിസൈല്‍ ആക്രമണം നടത്തിയതായി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖി കുര്‍ദിസ്ഥാന്റെ തലസ്ഥാനമായ അര്‍ബിലിലെ ഒരു ചാര ആസ്ഥാനവും ഇറാനിയന്‍ വിരുദ്ധ തീവ്രവാദ ഗ്രൂപ്പുകളുടെ കേന്ദ്രവും ആക്രമണത്തില്‍ നശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
ഇസ്രായേലിന്റെ ചാര ഏജന്‍സിയായ മൊസാദിന്റെ സ്ഥാപനമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാഖിലെ കുര്‍ദിസ്ഥാന്‍ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ പ്രമുഖ വ്യവസായി പെഷ്റോ ദിസായിയും ഉള്‍പ്പെടുന്നുവെന്ന് കുര്‍ദിസ്ഥാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അറിയിച്ചു.

ഐ ആര്‍ ജി സി ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു സിറിയയിലെ ആക്രമണം. തെക്കന്‍ നഗരങ്ങളായ കെര്‍മാനും റാസ്‌കിലും ഇറാനികളെ കൊലപ്പെടുത്തിയ തീവ്രവാദ ഗ്രൂപ്പുകളുടെ സമീപകാല ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് സിറിയയിലെ ആക്രമണമെന്നും അത് കൂട്ടിച്ചേര്‍ത്തു. അതേസമയം ആക്രമണങ്ങളെ അപലപിച്ച് അമേരിക്ക രംഗത്തെത്തി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു.
ഇറാഖിന്റെ സുസ്ഥിരതയെ തകര്‍ക്കുന്ന ഇറാന്റെ വിവേചനരഹിതമായ മിസൈല്‍ ആക്രമണങ്ങളെ എതിര്‍ക്കുന്നു എന്നും അമേരിക്ക പറഞ്ഞു. എന്നാല്‍ ആക്രമണം യു എസ് കേന്ദ്രങ്ങളെ ബാധിച്ചിട്ടില്ലെന്നാണ് യു എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രായേലും ഹമാസും തമ്മില്‍ ആരംഭിച്ച പോരാട്ടത്തിന്റെ ഭാഗമായി ലെബനന്‍, സിറിയ, ഇറാഖ്, യെമന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇറാന്റെ സഖ്യകക്ഷികളും യുദ്ധരംഗത്തെത്തിയിരിക്കുകയാണ്.
ഇതോടെ മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം അതിരൂക്ഷമായിരിക്കുന്നു. ഇതിനിടയിലാണ് ഇറാന്റെ ആക്രമണം നടന്നിരിക്കുന്നത്. ഇസ്രായേല്‍ യുദ്ധത്തില്‍ ഹമാസിനൊപ്പമാണ് ഇറാന്‍. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിയെ അമേരിക്ക പിന്തുണയ്ക്കുന്നു എന്നാണ് ഇറാന്‍ ആരോപിക്കുന്നത്. ഇതിന് മുന്‍പും കുര്‍ദിസ്ഥാന്‍ മേഖലയില്‍ ഇറാന്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.
ഇറാനിയന്‍ വിഘടനവാദ ഗ്രൂപ്പുകളുടെയും ഇസ്രായേലിന്റെ ഏജന്റുമാരുടെയും കേന്ദ്രമാണ് ഇവിടം. ഈ മാസം ആദ്യം ഇറാന്റെ തെക്കുകിഴക്കന്‍ കെര്‍മാന്‍ നഗരത്തില്‍ നടന്ന സ്‌ഫോടനത്തില്‍ 100 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഉന്നത കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ സ്മാരകത്തില്‍ നടന്ന രണ്ട് സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications