വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; വധൂവരന്‍മാരടക്കം 100 ലേറെ പേര്‍ വെന്ത് മരിച്ചു
ബാഗ്ദാദ്: വടക്കന്‍ ഇറാഖി പട്ടണമായ ഹംദാനിയയിലെ ഓഡിറ്റോറിയത്തില്‍ വിവാഹ ചടങ്ങിനിടെയുണ്ടായ തീപിടിത്തത്തില്‍ 100 പേര്‍ കൊല്ലപ്പെടുകയും 150 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൊസൂളിന് കിഴക്ക് ക്രിസ്ത്യന്‍ ഭൂരിപക്ഷ നഗരമായ ഹംദാനിയയിലെ പ്രധാന ആശുപത്രിയില്‍ ദുരന്തബാധിതരെ കൊണ്ടും രക്തദാനം ചെയ്യാനെത്തിയവരെക്കൊണ്ടും നിറഞ്ഞിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മരിച്ചവരില്‍ വധൂ വരന്‍മാരും ഉള്‍പ്പെടുന്നു എന്നാണ് വിവരം. തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറായി വടക്കന്‍ നഗരമായ മൊസൂളിന് പുറത്താണ് ഹംദാനിയ സ്ഥിതി ചെയ്യുന്നത്. വിവാഹഘോഷത്തിനിടെ പടക്കം പൊട്ടിച്ചതാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. ഹാളിലെ പ്രീ ഫാബ്രിക്കേറ്റഡ് പാനലുകളുടെ സാന്നിധ്യമാണ് തീപിടുത്തം രൂക്ഷമാക്കിയത് എന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ പറഞ്ഞു.

തീപിടിത്തത്തില്‍ സീലിംഗിന്റെ ചില ഭാഗങ്ങള്‍ ഇടിഞ്ഞ് വീഴാന്‍ കാരണമായത് ചെലവ് കുറഞ്ഞ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചത് കാരണമാണ് എന്നും അധികൃതര്‍ വ്യക്തമാക്കി. പരിക്കേറ്റവരെ നിനവേ മേഖലയില്‍ ഉടനീളമുള്ള ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇറാഖില്‍ നിര്‍മാണ-ഗതാഗത മേഖലകളിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പലപ്പോഴും അവഗണിക്കപ്പെടുന്നതായി ആക്ഷേപമുണ്ട്.
അപകടം നിര്‍ഭാഗ്യകരമാണെന്നും ഇരകള്‍ക്ക് വേണ്ട സഹായം എത്തിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി തീപിടിത്തത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുകയും രാജ്യത്തിന്റെ ആഭ്യന്തര, ആരോഗ്യ ഉദ്യോഗസ്ഥരോട് ദുരന്തത്തിലായവര്‍ക്ക് വേണ്ട സഹായം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.












Click it and Unblock the Notifications