കുര്‍ദ് പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാവുന്നു; കിര്‍ക്കുക്ക് ഗവര്‍ണറെ ഇറാഖ് നീക്കി

  • Posted By:
Subscribe to Oneindia Malayalam

ബാഗ്ദാദ്: സപ്തംബര്‍ 25ന് നടക്കാനിരിക്കുന്ന കുര്‍ദ് സ്വാതന്ത്ര്യ ഹിതപ്പരിശോധനയുമായി ബന്ധപ്പെട്ട പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുന്നു. കുര്‍ദ് ശക്തികേന്ദ്രവും ഇറാഖിന്റെ ഭാഗവുമായ കിര്‍ക്കുക്കിലെ ഗവര്‍ണര്‍ നജ്മുദ്ദീന്‍ കരീമിനെ തല്‍സ്ഥാനത്ത് നിന്ന് ഇറാഖ് പാര്‍ലമെന്റ് വോട്ടെടുപ്പിലൂടെ നീക്കിയതാണ് ഇതില്‍ ഒടുവിലത്തേത്. കുര്‍ദ് ഹിതപ്പരിശോധനയെ എതിര്‍ക്കാന്‍ ഇറാഖി പാര്‍ലമെന്റ് ചൊവ്വാഴ്ച നടത്തിയ വോട്ടെടുപ്പില്‍ തീരുമാനമെടുത്ത പശ്ചാത്തലത്തിലാണ് ഗവര്‍ണറെ നീക്കിയത്. കുര്‍ദ് ഹിതപ്പരിശോധനയില്‍ പങ്കെടുക്കുമെന്ന് കഴിഞ്ഞ മാസം കിര്‍ക്കുക്ക് പ്രൊവിന്‍ഷ്യല്‍ കൗണ്‍സില്‍ തീരുമാനമെടുത്തതാണ് ഇത്തരമൊരു നീക്കത്തിലേക്ക് നയിച്ചത്. വോട്ടെടുപ്പ് കുര്‍ദ് പാര്‍ലമെന്റംഗങ്ങള്‍ ബഹിഷ്‌ക്കരിച്ചു.

ഹിതപ്പരിശോധനയില്‍ നിന്ന് പിന്‍മാറാന്‍ കുര്‍ദുകള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ഈ നീക്കത്തിന്റെ പിന്നിലെന്നാണ് സൂചന. സ്വാതന്ത്ര്യ ഹിതപ്പരിശോധനയുടെ ശക്തനായ വക്താവായ കിര്‍ക്കുക് ഗവര്‍ണറെ സ്ഥാനത്തു നിന്ന് നീക്കം ചെയ്യാന്‍ ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി തീരുമാനിക്കുകയായിരുന്നു. കരീമിനെ നീക്കാനുള്ള വോട്ടടെടുപ്പിലെ ഒപ്പുകള്‍ ആധികാരികമല്ലെന്ന് ചൂണ്ടിക്കാണിച്ച് ചില പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

iraq

അതേസമയം, ഇറാഖികള്‍ എന്തൊക്കെ തീരുമാനിച്ചാലും നജ്മുദ്ദീന്‍ കരീം കിര്‍ക്കുക് ഗവര്‍ണറായി തുടരുമെന്നും ഹിതപ്പരിശോധന നിശ്ചയിച്ച പോലെ നടക്കുമെന്നാണ് കുര്‍ദുകള്‍ പറയുന്നത്. അംഗീകൃത കുര്‍ദിസ്താന്‍ പ്രദേശങ്ങളുടെ ഭാഗമല്ലെങ്കിലും എണ്ണ സമ്പന്നമായ കിര്‍ക്കുക്കിന്റെ കാര്യത്തില്‍ ഇറാഖികളും കുര്‍ദുകളും തമ്മില്‍ നേരത്തേ മുതല്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. വലിയ കുര്‍ദ് ജനസംഖ്യയുള്ള ഈ പ്രദേശമാവട്ടെ, കുര്‍ദ് സൈനികരുടെ നിയന്ത്രണത്തിലുമാണ്.

ഇറാഖിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അര്‍ധ സ്വയംഭരണാധികാരമുള്ള കുര്‍ദ് മേഖലയായ കുര്‍ദിസ്താന്‍ റീജ്യണല്‍ ഗവണ്‍മെന്റാണ് (കെ.ആര്‍.ജി) ഇറാഖില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന്റെ മുന്നോടിയായി 25ന് ഹിതപ്പരിശോധന നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഹിതപരിശോധനയ്‌ക്കെതിരേ ഇറാഖി പാര്‍ലമെന്റ് വോട്ടെടുപ്പ് നടത്തിയതിന് ശേഷവും അതുമായി മുന്നോട്ടുപോവുമെന്ന് കുര്‍ദ് നേതാവും കുര്‍ദിസ്താന്‍ റീജ്യണല്‍ ഗവമെന്റിന്റെ പ്രസിഡന്റുമായ മസൂദ് ബര്‍സാനി വ്യക്തമാക്കിയിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Iraq's parliament has voted to remove the governor of Kurdish-controlled Kirkuk from office,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്