ഗാസയിലെ ആശുപത്രിയില്‍ ഇസ്രായേല്‍ വ്യോമാക്രമണം: മുതിർന്ന ഹമാസ് നേതാവ് ഇസ്മായിൽ ബർഹൂം കൊല്ലപ്പെട്ടു
ജറുസലേം: ഗാസയില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍ സേന. ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ മുതിർന്ന രാഷ്ട്രീയ നേതാവ് ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലെ നാസർ ആശുപത്രിയിലെ ശസ്ത്രക്രിയാ വിഭാഗത്തിന് നേരെയാണ് ഇസ്രായേൽ ആക്രമണം നടന്നതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു.
നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടെന്നും ഗാസ ആരോഗ്യ മന്ത്രാലയം അവകാശപ്പെടുന്നുണ്ടെങ്കിലും ആക്രമണം വിപുലമായ രഹസ്യാന്വേഷണ വിവരങ്ങളെ തുടർന്നാണെന്നും സ്ഥലത്തെ സാധാരണക്കാർക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിന് കൃത്യമായ ആയുധങ്ങളാണ് ഉപയോഗിച്ചതെന്നുമാണ് ഇസ്രായേല്‍ സൈന്യം അറിയിക്കുന്നത്.

ആക്രമണത്തിൽ തങ്ങളുടെ രാഷ്ട്രീയ ഓഫീസ് അംഗമായ ഇസ്മായിൽ ബർഹൂം എന്നയാള്‍ കൊല്ലപ്പെട്ടതായി ഹമാസ് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. ആക്രമണത്തിൽ ബർഹൂം കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സും പിന്നീട് സ്ഥിരീകരിച്ചു. എന്നാൽ അദ്ദേഹത്തെിന്റെ പേര് വ്യക്തമാക്കാതെ ഹമാസിലെ "ഒരു പ്രധാന തീവ്രവാദി" എന്നാണ് ഇസ്രായേല്‍ പരാമർശിച്ചത്. ഇസ്രായേലി ആക്രമണത്തിൽ ഉണ്ടായ പരിക്കിനെ തുടർന്ന് ഹമാസിന്റെ പ്രധാന വ്യക്തി ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഹമാസിന്റെ അൽ-അഖ്‌സ ടിവിയും റിപ്പോർട്ട് ചെയ്തിരുന്നു.
പലസ്തീൻ സംഘം നിഷേധിക്കുന്നുണ്ടെങ്കിലും ആക്രമണങ്ങളില്‍ നിന്നും രക്ഷ നേടുന്നതിനായി ആശുപത്രികളിലും സ്കൂളുകളിലും ഹമാസ് രഹസ്യ ഷെല്‍ട്ടററുകള്‍ സ്ഥാപിച്ചിരിക്കുകയാണെന്ന ആരോപണം ഇസ്രായേല്‍ നേരത്തെ തന്നെ ഉയർത്തുന്നുണ്ട്. കഴിഞ്ഞയാഴ്ച ഖാൻ യൂനിസിൽ നടന്ന മറ്റൊരു ആക്രമണത്തിൽ മറ്റൊരു ഹമാസ് നേതാവായ സലാഹ് അൽ-ബർദവീലും കൊല്ലപ്പെട്ടിരുന്നു. അതേസമയം രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ആക്രമണം ശക്തമായതോടെ ഗാസയില്‍ നിന്നും വീണ്ടും കൂട്ടപലായനം ആരംഭിച്ചു.
ഒന്നരവർഷത്തോളം നീണ്ട കനത്ത സംഘർഷത്തിന് ഒടുവില്‍ ജനുവരിയില്‍ ഇസ്രായേലും ഹമാസും വെടിനിർത്തില്‍ കരാറിലെത്തിയിരുന്നു. ജനുവരി 19 മുതൽ മാർച്ച് 1 വരെ നീണ്ടുനിന്ന വെടിനിർത്തല്‍ കരാറിന്റെ ആദ്യ ഘട്ടത്തിൽ, ഹമാസ് എട്ട് പേരുടെ മൃതദേഹങ്ങൾ ഉൾപ്പെടെ 25 ഇസ്രായേലി ബന്ദികളെ വിട്ടയച്ചു. 1800 ഓളം പലസ്തീൻ തടവുകാരെ ഇസ്രായേലും മോചിപ്പിച്ചു. മാരകമായ ആക്രമണങ്ങൾക്ക് ജീവപര്യന്തം തടവ് അനുഭവിക്കുന്ന മുതിർന്ന തീവ്രവാദികൾ ഉൾപ്പെടെ ഇസ്രായേല്‍ വിട്ടയച്ചവരിലുണ്ടായിരുന്നു.
ഇസ്രായേലി സൈന്യം ബഫർ സോണിലേക്ക് പിൻവാങ്ങിയതോടെ ലക്ഷക്കണക്കിന് പലസ്തീനികള്‍ ഗാസയിലേക്ക് മടങ്ങി എത്തുകയും ചെയ്തു. എന്നാല്‍ വെടിനിർത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാതെ ഇസ്രായേല്‍ ഗാസയിലെ ആക്രമണം കൂടുതല്‍ ശക്തമാക്കുകയായിരുന്നു.












Click it and Unblock the Notifications