ഗാസയുടെ നിയന്ത്രണം തിരിച്ചുപിടിച്ചെന്ന് ഇസ്രായേല്‍, കനത്ത ബോംബിങ്, മരണനിരക്ക് 3000 പിന്നിട്ടു
ജറുസലേം: ഗാസയുടെ നിയന്ത്രണം തിരിച്ചുപിടിച്ചതായി ഇസ്രായേല്‍ സൈന്യം. ചൊവ്വാഴ്ച്ചയാണ് ഇക്കാര്യം അവര്‍ സ്ഥിരീകരിച്ചത്. ഹമാസുമായുള്ള യുദ്ധത്തിന്റെ നാലാം ദിനത്തിലാണ് ഗാസയുടെ നിയന്ത്രണം വീണ്ടും ഇസ്രായേലിന്റെ അധീനതയിലായത്. അതേസമയം മരണനിരക്ക് മൂവായിരം പിന്നിട്ടിരിക്കുകയാണ്. നൂറ്റമ്പതോളം സൈനികരെയും, സാധാരണ ജനങ്ങളെയും ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുകയാണെന്ന് ഇസ്രായേല്‍ ആരോപിക്കുന്നു.
ഇതിനിടെ ഗാസ സ്‌ട്രൈക്കിന്റെ ധനമന്ത്രി ജവാദ് അബു ഷമാലയെയും മുതിര്‍ന്ന ഹമാസ് രാഷ്ട്രീയ നേതാവായ സക്കറിയ അബു മാമറിനെയും ഇസ്രായേല്‍ പ്രതിരോധ സേന കഴിഞ്ഞ ദിവസം വധിക്കുകയും ചെയ്തു. അതേസമയം ഗാസയില്‍ മാത്രമായി ആയിരത്തോളം പേരാണ് മരിച്ചത്. കുടിവെള്ളവും, ഭക്ഷണവുമില്ലാത്ത അവസ്ഥയിലാണ് ഗാസ നിവാസികള്‍. മരണസംഖ്യ ഇനിയും ഉയരും. വെസ്റ്റ്ബാങ്കില്‍ 21 പലസ്തീനികളും കൊല്ലപ്പെട്ടിട്ടുണ്ട്.

ഗാസയില്‍ അഞ്ചാം ദിനവും അതിശക്തമായ ബോംബിംഗ് തുടരുകയാണ്. ഇത്രയും ദിവസമായി മേഖലയില്‍ വൈദ്യുതിയില്ല. ഗാസയിലെ ആരോഗ്യ മേഖല ഒന്നാകെ തകര്‍ന്നിരിക്കുകയാണ്. ഇവരെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുന്നില്ലെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കി.
കാനഡ അടക്കമുള്ള രാഷ്ട്രങ്ങള്‍ ഇസ്രായേലില്‍ നിന്ന് പൗരന്മാരെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങളും ആരംഭിച്ചു. യുഎഇ ഇതിനിടെ പലസ്തീന്‍ ജനതയ്ക്ക് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് കോടി ഡോളര്‍ സഹായം എത്തിക്കാനാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദേശം നല്‍കിയത്.അതേസമയം യുഎസ് വീണ്ടുമൊരിക്കല്‍ കൂടി ഇസ്രായേലിന് പിന്തുണ അറിയിച്ചു.
ഹമാസിനെതിരായ തിരിച്ചടിക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പിന്തുണ അറിയിക്കുകയും ചെയ്തു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അദ്ദേഹം നേരിട്ട് വിളിച്ചാണ് കാര്യങ്ങള്‍ അറിയിച്ചത്. ഗാസ മുനമ്പില്‍ നിന്ന് പിന്‍വാങ്ങാനോ സംയമനം പാലിക്കാനോ ഇസ്രായലിനോട് പറയില്ലെന്ന് ബൈഡന്‍ വ്യക്തമാക്കി. ഹമാസിനെതിരെ തിരിച്ചടിയുമായി അവര്‍ക്ക് മുന്നോട്ട് പോകാമെന്നും ബൈഡന്‍ അറിയിച്ചു.
ഹമാസിന്റെ ആക്രമണത്തെ ബൈഡന്‍ വീണ്ടും അപലപിച്ചു. ഇരുപതോളം അമേരിക്കക്കാരെ ഹമാസ് ബന്ദികളാക്കിയതായും ബൈഡന്‍ സ്ഥിരീകരിച്ചു. പതിനാല് പേരെ ഹമാസ് വധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രോഷത്തോടെയും, വൈകാരികപരമായിട്ടുമായിരുന്നു ബൈഡന്‍ പ്രതികരിച്ചത്. നിരപരാധികളായ ആളുകളെയാണ് ഹമാസ് കൂട്ടക്കുരുതി നടത്തുന്നത്. ഐസിസിന്റെ രീതികളാണ് ഹമാസിന്റെ ആക്രമണത്തിലൂടെ ഓര്‍മ വരുന്നതെന്നും ബൈഡന്‍ വ്യക്തമാക്കി.
അതേസമയം ഗാസ മുനമ്പില്‍ പ്രവേശിക്കുമെന്ന് ബൈഡനെ നെതന്യാഹു അറിയിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്ന് ഇസ്രായേലിനെ വിലക്കില്ലെന്ന് ബൈഡന്‍ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹമാസും ഇസ്രായേലും തമ്മില്‍ വ്യത്യാസമുണ്ടെന്ന് കാണിക്കണം. സാധാരണക്കാരെ ലക്ഷ്യമിടരുത്. യുദ്ധ നിയമങ്ങള്‍ പാലിക്കുന്നവരാണ് നമ്മള്‍. അക്കാര്യം പ്രധാനപ്പെട്ടതാണെന്നും ബൈഡന്‍ നെതന്യാഹുവിനെ അറിയിച്ചു.












Click it and Unblock the Notifications