സിറിയയില്‍ 'ഭൂകമ്പമുണ്ടാക്കി' ഇസ്രായേല്‍; സൈനികകേന്ദ്രം ലക്ഷ്യമാക്കി തൊടുത്തുവിട്ടത് 61 മിസൈലുകള്‍!
ഡമാസ്‌കസ്: സിറിയയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍. സിറിയന്‍ സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ 61 മിസൈലുകള്‍ തൊടുത്തതായി യുദ്ധനിരീക്ഷകരായ 'സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്' പറഞ്ഞു. ഇസ്രയേലി ജെറ്റ് വിമാനങ്ങള്‍ ടാര്‍ട്ടസിലെ സൈനിക സൈറ്റുകളില്‍ ആക്രമണം നടത്തിയതിന്റെ നാശം വളരെ തീവ്രമായിരുന്നു എന്നാണ് വിവരം.
റിക്ടര്‍ സ്‌കെയില്‍ 3.0 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനമാണ് സ്‌ഫോടനത്തില്‍ അനുഭവപ്പെട്ടത്. സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ കണക്കനുസരിച്ച് ഉപരിതല മിസൈല്‍ സ്റ്റോറുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സ്‌ഫോടനങ്ങളില്‍ വെടിമരുന്ന് ഡിപ്പോകള്‍ പൊട്ടിത്തെറിച്ചതായി വിവിധ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.

820 കിലോ മീറ്റര്‍ അകലെയുള്ള തുര്‍ക്കിയിലെ ഇസ്നിക്കില്‍ വരെ സ്‌ഫോടനത്തിന്റെ സിഗ്‌നലുകള്‍ ലഭിച്ചു. സ്‌ഫോടന സിഗ്‌നല്‍ സാധാരണ ഭൂകമ്പ തരംഗങ്ങളേക്കാള്‍ ഇരട്ടി വേഗത്തില്‍ നീങ്ങി എന്നാണ് ഗവേഷകനായ റിച്ചാര്‍ഡ് കോര്‍ഡാരോ പറയുന്നത്. വലിയ ആയുധ ശേഖരങ്ങള്‍ നശിപ്പിച്ചതാണ് സ്ഫോടനങ്ങളുടെ ഭീമമായ കാരണമായി വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
വിമതര്‍ രാജ്യതലസ്ഥാനമായ ഡമാസ്‌കസ് പിടിച്ചെടുക്കുകയും പ്രസിഡന്റ് ബഷര്‍ അല്‍ അസദ് രാജ്യം വിടുകയും ചെയ്തതോടെ സിറിയയില്‍ ഭരണപ്രതിസന്ധിയുണ്ട്. ഇത് മുതലാക്കിയാണ് ഇസ്രായേലിന്റെ നീക്കം. ഗോലാന്‍ കുന്ന് പിടിച്ചെടുക്കാനും ഇസ്രായേല്‍ ശ്രമിക്കുന്നുണ്ട്. അതേസമയം സിറിയയിലെ ആക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് വിമത നേതാവ് അബു മുഹമ്മദ് അല്‍ ജൂലാനി പറഞ്ഞു.
സിറിയയില്‍ ആക്രമണം നടത്തുന്നതിനെ ന്യായീകരിക്കാന്‍ ഇനി ഇസ്രയേലിനുമുന്നില്‍ കാരണങ്ങളൊന്നുമില്ല എന്നും ഇസ്രയേല്‍ പ്രതിരോധ സേനയുടെ ആക്രമണങ്ങള്‍ പരിധിവിട്ടു എന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളോളം നീണ്ട യുദ്ധത്താലും സംഘര്‍ഷങ്ങളാലും സിറിയ തളര്‍ന്നു. ഇനിയും സിറിയയെ കൂടുതല്‍ പ്രക്ഷുബ്ധമാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ജൂലാനി വ്യക്തമാക്കി.
രാജ്യത്തിന്റെ പുനര്‍നിര്‍മാണമാണ് ഞങ്ങളുടെ ലക്ഷ്യം. സിറിയന്‍ സാഹചര്യം പുതിയ സംഘര്‍ഷങ്ങളിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നും ജൂലാനി പറഞ്ഞു. അതേസമയം സുരക്ഷാ ഭീഷണികള്‍ തടയാനും ഇസ്രായേലിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ സ്ഥിരത നിലനിര്‍ത്താനുമാണ് ആക്രമണം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
'സിറിയയുമായുള്ള ഒരു സംഘട്ടനത്തില്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ല. സിറിയയില്‍ നിന്നുള്ള സാധ്യതകളെ തടയുന്നതിനും ഞങ്ങളുടെ അതിര്‍ത്തിക്ക് സമീപമുള്ള തീവ്രവാദ ഘടകങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനുമാണ് ഞങ്ങളുടെ ശ്രമം,' അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications