പ്രകടനക്കാര്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ത്തു; 15 പേര്‍ മരിച്ചു, 1500ലേറെ പേര്‍ക്ക് പരിക്ക്
ഗസ: ഭൂമി ദിനാചരണത്തിന്റെ 42-ാം വാര്‍ഷിക ദിനത്തില്‍ ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് ഫലസ്തീനികള്‍ നടത്തിയ പ്രകടത്തിനെതിരേ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ഗസയോട് ചേര്‍ന്ന് കിടക്കുന്ന അതിര്‍ത്തിയില്‍ അഞ്ച് കേന്ദ്രങ്ങളിലായി നടന്ന പ്രകടനങ്ങള്‍ക്കെതിരേ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.

പ്രകടനക്കാര്‍ക്കു നേരെ വെടിവയ്പ്പ്
വടക്കന്‍ ഗസയിലെ ജബലിയ്യയില്‍ പ്രകടനക്കാര്‍ക്കു നേരെ നടത്തിയ വെടിവയ്പ്പിലാണ് 25കാരനായ മുഹമ്മദ് നജ്ജാര്‍ വയറ്റത്ത് വെടിയേറ്റ് മരിച്ചത്. റഫയിലുണ്ടായ സംഘര്‍ഷത്തില്‍ 38കാരന്‍ മഹ്മൂദ് മുഅമ്മറും 22 കാരന്‍ മുഹമ്മദ് അബൂ ഉമറും കൊല്ലപ്പെട്ടു. അഹ്മദ് ഔദ (19), ജിഹാദ് ഫ്രെനഹ് (33), മഹ്മൂദ് സാദി റഹ്മി (33), അബ്ദുല്‍ ഫത്താഹ് അബ്ദുന്നബി (22), ഇബ്രാഹിം അബൂ ശഹര്‍ (20), അബ്ദുല്‍ ഖാദിര്‍ അല്‍ ഹവാജിരി, സാരി അബൂ ഔദ, ഹംദാന്‍ അബൂ അംഷെ, ജിഹാദ് അബൂ ജാമൂസ്, ബദര്‍ അല്‍ സബ്ബാഗ്, നാജി അബൂ ഹജൈര്‍ എന്നിവരാണ് ഇസ്രായേല്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മറ്റ് 11 പേര്‍. ഖാന്‍ യൂനുസിന് സമീപമുള്ള തന്റെ കൃഷി സ്ഥലത്ത് നില്‍ക്കുമ്പോഴാണ് പത്താമനായ ഉമര്‍ വഹീദ് അബു സമൂര്‍ കൊല്ലപ്പെട്ടത്.

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം
നിരായുധരായ പ്രകടനക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കുന്ന അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും പലസ്തീനിയന്‍ റൈറ്റ്‌സ് ഇന്‍ ഇസ്രായേല്‍ എന്ന സംഘടനാ വക്താവ് അദാല പറഞ്ഞു. അഞ്ഞൂറോളം പേര്‍ക്ക് വെടിവയ്പ്പിലും ലാത്തിച്ചാര്‍ജ്ജിലും പരിക്കേറ്റതായി പലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി വ്യക്തമാക്കി. പലരുടെയും പരിക്ക് അതീവ ഗുരുതരമാണ്.

സ്വന്തം മണ്ണിലേക്ക് തിരികെ വരാന്‍
1967ല്‍ സ്വന്തം മണ്ണിലേക്ക് തിരിച്ചുവരാനുള്ള തങ്ങളുടെ അവകാശത്തിനായി സമാധാനപരമായി പ്രതിഷേധിച്ച ആറ് പലസ്തീനികളെ ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊന്നതിന്റെ ഓര്‍മ പുതുക്കലായിട്ടാണ് മാര്‍ച്ച് 30ന് ഭൂമി ദിനമായി പലസ്തീനികള്‍ ആചരിക്കുന്നത്. 1948ല്‍ ഇസ്രായേലില്‍ നിന്ന് ആയിരക്കണക്കിന് ഫലസ്തീനികള്‍ ആട്ടിയോടിക്കപ്പെട്ടതിന്റെ ദുരന്ത സ്മരണയുണര്‍ത്തുന്ന നഖ്ബ ദിനമായ മെയ് 15 വരെ ഇസ്രായേല്‍ അതിര്‍ത്തിയില്‍ കുടില്‍കെട്ടി സമരം തുടരാനാണ് പലസ്തീനികളുടെ തീരുമാനം. ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്ക, തങ്ങളെ എംബസി മെയ് 15ഓടെ ഇവിടേക്ക് മാറ്റുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു

യുദ്ധ സജ്ജരായി ഇസ്രായേല്‍ സൈന്യം
പ്രതിഷേധക്കാരെ നേരിടാന്‍ അതിര്‍ത്തിയില്‍ അതിവിദഗ്ധരായ നൂറിലേറെ ഷാര്‍പ്പ് ഷൂട്ടര്‍മാരെ ഇസ്രായേല്‍ നിയോഗിച്ചിരുന്നു. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു ശേഷം അഞ്ചിടങ്ങളില്‍ നടന്ന ആയരങ്ങള്‍ അണിനിരന്ന പ്രകടനങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെ അവര്‍ക്കു നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പലയിടങ്ങളും പ്രതിഷേധക്കാരും ഇസ്രായേല്‍ സൈനികരും തമ്മില്‍ ഏറ്റുമുട്ടിയതായും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications