ഇസ്രായേലിനെതിരെ ശക്തമായ നടപടിക്ക് സാധ്യത; അംബാസഡറെ തിരിച്ചുവിളിച്ച് തുര്‍ക്കി
അങ്കാറ: ഇസ്രായേലിനെതിരെ നിലപാട് കടുപ്പിച്ച് തുര്‍ക്കി. ഗാസയില്‍ ആക്രമണം തുടരുന്ന ഇസ്രായേല്‍ അന്താരാഷ്ട്ര ആവശ്യങ്ങള്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് അംബാസഡറെ തിരിച്ചുവിളിച്ചു. തുര്‍ക്കി വിദേശകാര്യ മന്ത്രിയാണ് ഇസ്രായേലിലെ തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ച കാര്യം അറിയിച്ചത്. ശക്തമായ തീരുമാനത്തിന് മുന്നോടിയായിട്ടാണ് തുര്‍ക്കിയുടെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ ജോര്‍ദാനും ബൊളീവിയയും ഇസ്രായേലില്‍ നിന്ന് തങ്ങളുടെ പ്രതിനിധികളെ പിന്‍വലിച്ചിരുന്നു. ഗാസയില്‍ ആക്രമണം നടത്തി സ്ത്രീകളും കുട്ടികളുമടങ്ങുന്ന പലസ്തീന്‍കാരെ കൂട്ടക്കൊല ചെയ്യുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഇരുരാജ്യങ്ങളുടെയും നടപടി. ആക്രമണം അവസാനിപ്പിച്ച് സഹായ വസ്തുക്കള്‍ ഗാസയിലെത്തിക്കാന്‍ വഴിയൊരുക്കണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യം ഇസ്രായേല്‍ ചെവികൊണ്ടിട്ടില്ല.

ശക്തമായ വ്യോമാക്രമണമാണ് ഇസ്രായേല്‍ സൈന്യം ഗാസയില്‍ തുടരുന്നത്. ഇവിടെ മരണം 9000 കടന്നിരിക്കുകയാണ്. ഹമാസിനെ സൈനികമായി നേരിടുന്നതിന് പകരം നിരപരാധികളെ കൊലപ്പെടുത്തുന്നത് ഇസ്രായേലിനെതിരായ വികാരം ശക്തിപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്. വെടിനിര്‍ത്തണമെന്ന യുഎന്‍ ആവശ്യവും ഇസ്രായേല്‍ തള്ളിയിരുന്നു. അതിനിടെ ചര്‍ച്ചയ്ക്ക് വേണ്ടി യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ജോര്‍ദാനിലെത്തുന്നുണ്ട്.
അയല്‍രാജ്യങ്ങളുടെ നിലപാടുകള്‍ ഇസ്രായേലിന് എതിരാണ്. ജോര്‍ദാന്‍, സൗദി അറേബ്യ, ഖത്തര്‍, മറ്റു ജിസിസി രാജ്യങ്ങള്‍, സിറിയ, ലബ്‌നാന്‍ എന്നീ രാജ്യങ്ങളെല്ലാം ഇസ്രായേലിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ലബ്‌നാനില്‍ നിന്ന് ഇസ്രായേലിനെതിരെയും തിരിച്ചും ആക്രമണം നടക്കുന്നുണ്ട്. അതിനിടെ യമനില്‍ നിന്നും ഇസ്രായേലിനെതിരെ ആക്രമണം തുടങ്ങിയിട്ടുണ്ട്. യമനില്‍ നിന്നുള്ള ആക്രമണം ഇസ്രായേലിനെ ബാധിച്ചിട്ടില്ല.
അതിനിടെയാണ് തുര്‍ക്കി അംബാസഡറെ തിരിച്ചുവിളിക്കുന്നത്. വെടിനിര്‍ത്തല്‍ ആവശ്യം ഇസ്രായേല്‍ തള്ളിയ സാഹചര്യത്തിലാണ് തുര്‍ക്കിയുടെ നടപടി. ഗാസയിലെ സാഹചര്യം ചര്‍ച്ച ചെയ്യാനാണ് അംബാസഡറെ വിളിപ്പിക്കുന്നതെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തുര്‍ക്കിയിലെ അമേരിക്കന്‍ സൈനിക താവണത്തിന് മുമ്പില്‍ യുദ്ധവിരുദ്ധ പ്രതിഷേധം നടന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗാസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പുറപ്പെട്ട തുര്‍ക്കിയില്‍ നിന്നുള്ള കപ്പല്‍ വ്യൂഹത്തെ ഇസ്രായേല്‍ സൈന്യം ആക്രമിച്ചിരുന്നു, നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് തുര്‍ക്കി ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചത്. പിന്നീട് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബന്ധം പുനഃസ്ഥാപിച്ചത്. പുതിയ സംഭവങ്ങള്‍ ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിലേക്ക് എത്തുമോ എന്നാണ് സംശയം.
നാറ്റോ സൈനിക സഖ്യത്തിലെ രണ്ടാമത്തെ ശക്തിയാണ് തുര്‍ക്കി. ഒന്നാമത്തെ ശക്തിയായ അമേരിക്ക ഇസ്രായേലിനൊപ്പമാണ്. രണ്ടാമത്തെ ശക്തിയായ തുര്‍ക്കി പലസ്തീനൊപ്പവും. നാറ്റോയിലെ മറ്റു അംഗരാജ്യങ്ങളായ യൂറോപ്യന്‍ രാഷ്ട്രങ്ങളും ഇസ്രായേലിനൊപ്പമാണ്. അമേരിക്കയുടെ വലിയ സൈനിക താവളം തുര്‍ക്കിയിലുണ്ട്. അതുകൊണ്ടുതന്നെ തുര്‍ക്കി സ്വീകരിക്കുന്ന നിലപാട് വളരെ നിര്‍ണായകമാകും.












Click it and Unblock the Notifications