ഗാസയില്‍ മരണനിരക്ക് 11000 പിന്നിട്ടു, പ്രധാന ആശുപത്രി സംരക്ഷിക്കപ്പെടണമെന്ന് ബൈഡന്‍
ടെല്‍ അവീവ്: ഗാസയില്‍ മരണനിരക്ക് 11240 ആയതായി ഹമാസ്. തിങ്കളാഴ്ച്ചവരെയുള്ള കണക്കുകളാണിത്. 4630 കുട്ടികളാണ് ഇതുവരെ മരിച്ചത്. 3130 സ്ത്രീകളും മരിച്ചിട്ടുണ്ട്. അതേസമയം ഗാസയിലെ ജബാലിയ ക്യാമ്പില്‍ ഇസ്രായേല്‍ ബോംബിട്ടു. മുപ്പതോളം പേരാണ് കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ മരിച്ചത്. കഴിഞ്ഞ ദിവസം ഗാസയിലെ സുപ്രധാന ആശുപത്രിക്ക് പുറത്ത് ടാങ്കറുകളുമായി ഇസ്രായേല്‍ സൈന്യം എത്തിയിരുന്നു.
അഞ്ച് ദിവസത്തെ വെടിനിര്‍ത്തലിനെ തുടര്‍ന്ന് എഴുപതോളം കൂട്ടികളെയും സ്ത്രീകളെയും മോചിപ്പിക്കാമെന്ന് ഹമാസ് അറിയിച്ചു. കഴിഞ്ഞ 3 ദിവസത്തിനിടെ 32 രോഗികളാണ് കൊല്ലപ്പെട്ടതെന്ന് ഹമാസ് ആരോഗ്യ മന്ത്രാലയം വക്താവ് അഷ്‌റഫ് അല്‍ ഖിദ്ര വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് ദിവസമായി കൊല്ലപ്പെട്ടവരില്‍ നവജാത ശിശുക്കളുമുണ്ടെന്ന് വക്താവ് പറയുന്നു. ആശുപത്രികളുടെ പ്രവര്‍ത്തനം നിശ്ചലമായതായും, വൈദ്യുതി ഇല്ലാത്തതുമെല്ലാം ആളുകള്‍ക്ക് ദുരിതമായി മാറിയിരിക്കുകയാണ്.

ആശുപത്രിയില്‍ ഇനിയും 650ഓളം രോഗികള്‍ ഉണ്ട്. ഇവരെ ഒഴിപ്പിക്കേണ്ടതുണ്ടെന്നും അല്‍ ഖിദ്ര പറഞ്ഞു. അതേസമയം ആശുപത്രികളെ ആക്രമിക്കരുതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു. ഇസ്രായേല്‍ ഈ ആശുപത്രിയെ ലക്ഷ്യമിടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബൈഡന്റെ പ്രതികരണ . ഇസ്രായേലിനെ ആശങ്കയറിയിക്കുമെന്നും ബൈഡന്‍ പറഞ്ഞു.
ഇസ്രായേലുമായി ഈ വിഷയത്തില്‍ സംസാരിച്ചിട്ടുണ്ട്. തീര്‍ച്ചയായും ആശുപത്രികള്‍ സംരക്ഷിക്കപ്പെടണമെന്നും ബൈഡന്‍ പറഞ്ഞു. ഖത്തറിന്റെ മേല്‍നോട്ടത്തില്‍ ബന്ദികളെ മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും ബൈഡന്‍ വ്യക്തമാക്കി. അല്‍ഷിഫ ആശുപത്രിയില്‍ നൂറുകണക്കിന് ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന് ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിലെ ഡോക്ടര്‍മാര്‍ പറയുന്നു.
ഇവരുടെ ജീവിതം തീര്‍ത്തും നരകതുല്യമാണെന്നും, ഇവിടെ താമസിക്കാന്‍ അനുയോജ്യമല്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അല്‍ ഷിഫാ ആശുപത്രിക്കുള്ളില്‍ ഹമാസ് സൈനിക ആസ്ഥാനം നിര്‍മിച്ചിട്ടുണ്ടെന്നാണ് ഇസ്രായേല്‍ ആരോപിക്കുന്നു. ഹമാസ്ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. ജനറേറ്ററുകളില്‍ ഇന്ധനം ഇല്ലാത്ത സാഹചര്യമാണെന്നും നവജാത ശിശുക്കള്‍ അടക്കം മരിച്ചുവീഴുമെന്നും യുഎന്‍ ഏജന്‍സികള്‍ അടക്കം മുന്നറിയിപ്പ് നല്‍കി.
അതേസമയം ആശുപത്രികളുടെ കാര്യത്തില്‍ സുരക്ഷ പാലിക്കാന്‍ കര്‍ശനമായി ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ പറഞ്ഞു. ഏറ്റുമുട്ടലുകള്‍ ആശുപത്രികളില്‍ വെച്ച് നടക്കാന്‍ ആഗ്രഹിക്കുന്നില്ല. രോഗികള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. ആശുപത്രികളും അതുപോലെ സംരക്ഷിക്കപ്പെടണം. ഇസ്രായേല്‍ സര്‍ക്കാരുമായി ഇക്കാര്യം സംസാരിച്ചു. ആശങ്കകള്‍ അറിയിച്ചിട്ടുണ്ടെന്നും സള്ളിവന്‍ പറഞ്ഞു.












Click it and Unblock the Notifications