സംഗീത നിശയെ കുറിച്ച് ഹമാസിന് അറിവില്ലായിരുന്നു, ആക്രമണം മുന്‍കൂട്ടി തീരുമാനിച്ചതല്ലെന്ന് ഇസ്രായേല്‍
ടെല്‍ അവീവ്: ഇസ്രായേലിലെ സംഗീത നിശയ്ക്ക് നേരെ ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണം മുന്‍കൂട്ടി പ്ലാന്‍ ചെയ്തതല്ലെന്ന് ഇസ്രായേല്‍. ഹമാസ് അവിടെ എത്തിയ ശേഷമാണ് സംഗീതോത്സവത്തെ കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് സ്‌പോട്ടില്‍ വെച്ച് ആക്രമിക്കുകയായിരുന്നുവെന്നും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പോലീസിനെയും സുരക്ഷാ സേനകളെയും ഉദ്ധരിച്ചാണ് ഇവര്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇസ്രായേല്‍ പോലീസ് റിപ്പോര്‍ട്ടില്‍ ആക്രമണത്തെ കുറിച്ച് വിശദമായി പറയുന്നുണ്ട്. ഇസ്രായേലിലെ ചാനല്‍ പന്ത്രണ്ടാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ഹമാസ് സമീപത്തുള്ള കിബുറ്റ്‌സ് റെയിം ആക്രമിക്കാനാണ് ലക്ഷ്യമിട്ടത്. അതുപോലെ ഗാസ അതിര്‍ത്തിയിലെ മറ്റ് ഗ്രാമങ്ങളെ ആക്രമിക്കാനും പദ്ധതിയിട്ടിരുന്നു. ഡ്രോണുകള്‍ വഴിയാണ് ഇവര്‍ സംഗീതോത്സവത്തെ കുറിച്ച് അറിഞ്ഞത്.

ഇസ്രായേലില്‍ ഇവര്‍ എത്തിയപ്പോള്‍ മാത്രമാണ് ഇക്കാര്യം മനസ്സിലാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 4400ഓളം ആളുകള്‍ ഈ സംഗീത പരിപാടിയില്‍ ഉണ്ടായിരുന്നു. ആ സമയത്താണ് ഇസ്രായേലിന്റെ സുരക്ഷാ വലയം ഭേദിച്ച് ഹമാസ് എത്തിയത്. റഡാര്‍ സംവിധാനങ്ങളെയും, അണ്ടര്‍ഗ്രൗണ്ട് സെന്‍സറുകളുടെയും കണ്ണുവെട്ടിച്ചാണ് ഹമാസ് സംഘം ഇസ്രായേലില്‍ എത്തിയതെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ദക്ഷിണ ഇസ്രായേലിലെ സൈനിക പോസ്റ്റുകളെയും, ഗ്രാമങ്ങളെയുമാണ് ഹമാസ് ലക്ഷ്യമിട്ടത്. 1200 പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭൂരിഭാഗവം സാധാരണക്കാരാണെന്ന് ഇസ്രായേല്‍ അധികൃതര്‍ പറയുന്നു. ഇസ്രായേല്‍ സുരക്ഷാ സംവിധാനത്തില്‍ കാര്യമായ അവലോകനം നടക്കുന്നുണ്ടെന്ന് ഇസ്രായേല്‍ മാധ്യമമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പോലീസ് അന്വേഷണം, കസ്റ്റഡിയിലെടുത്ത ഹമാസ് അംഗങ്ങള്‍ എന്നിവരെ ചോദ്യം ചെയ്തതിലൂടെ ലഹബിച്ച വിവരങ്ങള്‍ എന്നിവ വിശകലനം ചെയ്തതിലൂടെയാണ് സംഗീത നിശയ്ക്ക് നേരെയുള്ള ആക്രമണം മുന്‍കൂട്ടി പ്ലാന്‍ ചെയ്തതല്ലെന്ന് കണ്ടെത്തിയത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹമാസ് അംഗങ്ങളില്‍ നിന്ന് ഈ പ്രദേശത്തിന്‍രെ ലൊക്കേഷന്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അതിലൊന്നിലും സംഗീത നിശ നടക്കുന്ന സ്ഥലത്തിന്റേതില്ല.
അതിര്‍ത്തിയില്‍ നിന്നല്ല ഹമാസ് സംഘം സംഗീത നിശ നടക്കുന്ന ഇടത്തേക്ക് എത്തിയത്. ഹൈവേയില്‍ നിന്നാണ് ഇവിടേക്ക് എത്തിയത്. വ്യാഴവും, വെള്ളിയുമായിട്ടായിരുന്നു ഈ സംഗീത നിശ നടത്താനിരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ശനിയാഴ്ച്ചത്തേക്ക് കൂടി പരിപാടി നീട്ടിയത്. ഹമാസ് സംഘം ഇവിടെ വന്ന് കൂട്ടക്കൊല ആരംഭിക്കും മുമ്പ് തന്നെ നിരവധി പേര്‍ ഈ വേദി വിട്ടിരുന്നു.
വ്യോമാക്രമണത്തിന് മുമ്പ് തന്നെ ഇവിടം വിട്ടുപോകാന്‍ നിര്‍ദേശമുണ്ടായിരുന്നു.അതുകൊണ്ട് വലിയ തോതില്‍ തന്നെ ജനങ്ങള്‍ ഇവിടെ നിന്ന് പോയിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇസ്രായേല്‍ സൈന്യത്തിന്റെ ഹെലികോപ്ടറില്‍ ഹമാസിന് നേരെ പ്രത്യാക്രമണം നടത്തിയെങ്കിലും, സംഗീത നിശയില്‍ പങ്കെടുത്തവരില്‍ ചിലര്‍ക്ക് വെടിയേറ്റതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.












Click it and Unblock the Notifications