ഗാസയിലെ പുരാതന ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം; നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
ഗാസ: വീടുകളില്‍ നിന്ന് പലായനം ചെയ്ത 500 ഓളം പലസ്തീനികള്‍ താമസിക്കുന്ന ഗാസയിലെ ഓര്‍ത്തഡോക്‌സ് ഗ്രീക്ക് പള്ളിയില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആഭ്യന്തര മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്ന് പള്ളിയിലെ അധികാരികളും ആരോപിച്ചു. ഗാസയിലെ ഏറ്റവും പഴക്കം ചെന്ന പള്ളിയാണ് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സെന്റ് പോര്‍ഫിറിയസ് പള്ളി.
ഗാസയുടെ അല്‍ നഗരമായ അല്‍-സെയ്ടൂണിലാണ് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളി സ്ഥിതി ചെയ്യുന്നത്. അതേസമയം അല്‍ നാബിയിലെ ജനവാസ കേന്ദ്രത്തിലും ഇസ്രയേല്‍ ഷെല്‍ ആക്രമണം നടത്തിയതായാണ് വിവരം. യുദ്ധം ആരംഭിച്ചതിന് ശേഷം മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ അഭയം തേടിയെത്തിയിരുന്നു. തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആളുകളെ രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

നിരവധി പേര്‍ ആക്രമണ സമയത്ത് പള്ളിയിലുണ്ടായിരുന്നതായാണ് വിവരം. കുട്ടികളും കുഞ്ഞുങ്ങളും ഉള്‍പ്പെടെയുള്ള അഭയാര്‍ഥികള്‍ ഉറങ്ങിക്കിടന്നിരുന്ന പള്ളിയുടെ രണ്ട് ഹാളുകളില്‍ ആണ് ബോംബ് പതിച്ചത്. 150-200 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരങ്ങള്‍. പള്ളിക്ക് നേരെയുള്ള ഏത് ആക്രമണവും മതത്തിന് നേരെയുള്ള ആക്രമണം മാത്രമല്ല മനുഷ്യത്വത്തിന് നേരെയുള്ള കടന്നാക്രമണവുമാണെന്ന് ഫാദര്‍ ഏലിയാസ് പറഞ്ഞു.
അതേസമയം ഇസ്രായേലി വ്യോമാക്രമണത്തെ ജെറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാട്രിയാര്‍ക്കേറ്റ് അപലപിച്ചു. ഗാസ നഗരത്തിലെ ദേവാലയ വളപ്പില്‍ നടന്ന വ്യോമാക്രമണത്തെ ശക്തമായി അപലപിക്കുന്നു എന്നും കഴിഞ്ഞ പതിമൂന്ന് ദിവസങ്ങളിലായി ജനവാസ മേഖലകളില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് അഭയകേന്ദ്രമായ ഇടങ്ങളെ ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണെന്നും പാട്രിയാര്‍ക്കേറ്റ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള മൂന്നാമത്തെ പള്ളിയാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. വ്യത്യസ്തമായ വാസ്തുവിദ്യയാണ് ഈ ആരാധനാലയത്തിന്റെ പ്രത്യേകത. അതിനിടെ ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് പള്ളി നശിപ്പിക്കപ്പെട്ടതായി സ്ഥിരീകരിക്കുന്ന പ്രസ്താവന പുറത്തിറക്കി.
'ആര്‍ച്ച് ബിഷപ്പ് അലക്‌സിയോസിനെ കണ്ടെത്തിയെന്നാണ് വിവരം. അദ്ദേഹം ജീവിച്ചിരിപ്പുണ്ട്. എന്നാല്‍ അദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ടോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല,' പ്രസ്താവനയില്‍ പറയുന്നു. യുദ്ധം തുടങ്ങിയ ശേഷം ഒക്ടോബര്‍ 7 മുതല്‍ 3000 പേര്‍ കൊല്ലപ്പെടുകയും 12500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം പറയുന്നത്. ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തില്‍ 1500 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.












Click it and Unblock the Notifications