ഹമാസ് തടവിലാക്കിയ മൂന്ന് ബന്ദികളെ ഇസ്രായേല്‍ വധിച്ചു, അബദ്ധത്തില്‍ സംഭവിച്ചതെന്ന് സൈന്യം
ജറുസലേം: ഗസയില്‍ ഹമാസ് തടവിലാക്കിയ മൂന്ന് ബന്ദികളെ ഇസ്രായേല്‍ സൈന്യം അബദ്ധത്തില്‍ വധിച്ചതായി സൈനിക വക്താവ്. ഗാസയില്‍ തീവ്രവാദികളുമായുള്ള പോരാട്ടത്തിനിടെയാണ് ബന്ദികള്‍ കൊല്ലപ്പെട്ടതെന്ന് സൈന്യം പറഞ്ഞു, സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ 'പൂര്‍ണ്ണ സുതാര്യത' ഉണ്ടാകുമെന്ന് പറഞ്ഞു. കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നതായും സൈന്യം പറഞ്ഞു.
ഗാസയിലെ തീവ്രമായ യുദ്ധത്തിനിടെ 'മൂന്ന് ഇസ്രായേലി ബന്ദികളെ ഭീഷണിയായി തിരിച്ചറിഞ്ഞു' എന്ന് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. തത്ഫലമായി സൈന്യം അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും കൊല്ലപ്പെടുകയുമായിരുന്നു. കൊല്ലപ്പെട്ട ബന്ദികളില്‍ രണ്ട് പേരില്‍ ഒരാള്‍ കിബ്ബട്ട്‌സ് ക്ഫാറില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യോതം ഹൈം, കിബ്ബത്ത്‌സ് നിര്‍ ആമില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സമീര്‍ തലാല്‍ക്ക എന്നിവരാണ് എന്ന് സൈന്യം പറയുന്നു.

ഒക്ടോബര്‍ 7 ന് ആണ് ഇരുവരും ഹമാസ് പിടിയിലായത്. സമീപ ദിവസങ്ങളില്‍ ഹമാസ് - ഇസ്രായേല്‍ യുദ്ധം തീവ്രമായിരുന്നു. ബുധനാഴ്ച 24 മണിക്കൂറിനുള്ളില്‍ 10 സൈനികര്‍ ആണ് കൊല്ലപ്പെട്ടത്. ബന്ദികളുടെ മരണത്തില്‍ അഗാധമായ ദുഃഖത്തില്‍ തല കുനിക്കുന്നു എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രായേലിന്റെ ടെല്‍ അവീവിലെ സെന്‍ട്രല്‍ മിലിട്ടറി ബേസിന് പുറത്ത് ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധ പ്രകടനം നടത്തി.
നൂറിലധികം ബന്ദികള്‍ ഇപ്പോഴും ഗാസയില്‍ അവശേഷിക്കുന്നുണ്ട്. ചിലര്‍ മരിച്ചതായി ഇസ്രായേല്‍ അധികാരികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രായേലില്‍ നുഴഞ്ഞ് കയറി ആക്രമിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്. ഹമാസ് ആക്രമണത്തില്‍ 1200 ഓളം ഇസ്രായേലികള്‍ കൊല്ലപ്പെടുകയും 240 ഓളം പേരെ ബന്ദികളാക്കുകയും ചെയ്തു. പിന്നാലെ ഇസ്രായേല്‍ പ്രത്യാക്രമണം നടത്തി.
ഇതില്‍ കനത്ത നാശനഷ്ടമാണ് പലസ്തീന് സംഭവിച്ചത്. ഇസ്രായേല്‍ പ്രത്യാക്രമണത്തില്‍ 19000 ത്തോളം ആളുകള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ലക്ഷക്കണക്കിന് ആളുകള്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഗാസയിലെ പ്രധാന ആശുപത്രികളില്‍ എല്ലാം ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയിരുന്നു. അതിനിടെ നവംബര്‍ അവസാനം നാല് ദിവസത്തേക്ക് ഹമാസും ഇസ്രായേലും വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു.
ഈ സമയത്ത് ബന്ദികളെ കൈമാറാനും ഗാസ മുനമ്പിലേക്ക് സഹായം എത്തിക്കാനും ധാരണയായിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ച ശേഷം വീണ്ടും ഇസ്രായേല്‍ ആക്രമണം നടത്തുകയായിരുന്നു. അതിനിടെ സഖ്യകക്ഷിയായ അമേരിക്ക ഇസ്രായേലിനെ തള്ളി രംഗത്തെത്തുകയും ചെയ്തു.












Click it and Unblock the Notifications