'ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങൾ ഇസ്രായേലിനൊപ്പം ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു'; പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: ഇസ്രായേൽ- പലസ്തീൻ സംഘർഷം രൂക്ഷമാകുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി ലോകനേതാക്കൾ. തങ്ങൾ ഇസ്രായിലിനൊപ്പം നിലകൊള്ളുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
"ഇസ്രായേലിലെ ഭീകരാക്രമണ വാർത്തയിൽ അഗാധമായ ഞെട്ടലുണ്ടായിരിക്കുന്നു. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും നിരപരാധികളായ ഇരകളോടും അവരുടെ കുടുംബങ്ങളോടും ഒപ്പം ഉണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങൾ ഇസ്രായേലിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു", പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ പോസ്റ്റ് ചെയ്തു.

"ഇന്ന് രാവിലെ ഇസ്രായേൽ പൗരന്മാർക്ക് നേരെ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തിൽ ഞാൻ ഞെട്ടിപ്പോയി. സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് സമ്പൂർണ്ണ അവകാശമുണ്ട്. ഞങ്ങൾ ഇസ്രായേലി അധികൃതരുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇസ്രായേലിലെ ബ്രിട്ടീഷ് പൗരന്മാർ യാത്രാ ഉപദേശം പാലിക്കണം," ബ്രിട്ടൻ പ്രധാനമന്ത്രി ഋഷി സുനാക് പറഞ്ഞു. .
"ഇസ്രായേലിനെതിരായ നിലവിലെ ഭീകരാക്രമണങ്ങളെ ഞാൻ ശക്തമായി അപലപിക്കുന്നു. ഇരകളോടും അവരുടെ കുടുംബങ്ങളോടും പ്രിയപ്പെട്ടവരോടും ഞാൻ പൂർണ്ണമായ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു," ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.
"ഇസ്രായേലിൽ നിന്ന് ഭയാനകമായ വാർത്തകൾ ഇന്ന് നമ്മെ തേടിയെത്തുന്നു. ഗാസയിൽ നിന്നുള്ള റോക്കറ്റ് വെടി വെയ്പ്പും വർദ്ധിച്ചുവരുന്ന അക്രമങ്ങളും നമ്മെ ആഴത്തിൽ ഞെട്ടിച്ചു. ഈ ഹമാസിന്റെ ആക്രമണങ്ങളെ ജർമ്മനി അപലപിക്കുകയും ഇസ്രായേലിനൊപ്പം നിലകൊള്ളുകയും ചെയ്യുന്നു," ജർമ്മനി ചാൻസലർ ഒലാഫ് ഷോൾസ് പറഞ്ഞു
അപ്രതീക്ഷിതമായിട്ടാണ് ഹമാസ് ഇന്ന് രാവിലെ ഇസ്രായേലിന് നേരെ ആക്രമണം ആരംഭിച്ചത്, ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രായേലിൽ 22 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. 500 ൽ അധികം പേർക്ക് പരിക്കേറ്റു എന്നും റിപ്പോർട്ടുണ്ട്. 35 ഇസ്രായേൽ സൈനികർ ഉൾപ്പെടെ ഉള്ളവരെ ഹമാസ് ബന്ദികളാക്കി.
അതേസമയം 20000ത്തോളം ഇന്ത്യക്കാർ ഇസ്രായേലിൽ കഴിയുന്നു എന്നാണ് കരുതുന്നത്. പലരും ബങ്കറുകളിലേക്ക് താമസം മാറ്റി. സംഘർഷം കനക്കുന്നതിനിടെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യക്കാർ ജാഗ്രത പുലർത്തണം എന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണം എന്നും ഇസ്രായേലിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചിട്ടുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കി സുരക്ഷ ഷെൽട്ടറുകൾക്ക് സമീപം കഴിയണം എന്നാണ് അഭ്യർത്ഥിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്, ഇസ്രായേലി ഹോം ഫ്രണ്ട് കമാൻഡ് വെബ്സൈറ്റ് (https://www.oref.org.il/en) പരിശോധിക്കാനും അടിയന്തിര സാഹചര്യങ്ങളിൽ +97235226748 എന്ന നമ്പറിൽ ബന്ധപ്പെടാനും അല്ലെങ്കിൽ [email protected] എന്ന വിലാസത്തിൽ സന്ദേശം അയക്കാനും ഉപദേശിച്ചു. എന്ത് ആവശ്യങ്ങൾക്കും എംബസി ഒപ്പം തന്നെയുണ്ടാകും എന്ന് വ്യക്തമാക്കി.












Click it and Unblock the Notifications