ഈജിപ്തിലും ആക്രമണം; ഇസ്രായേലുകാര്‍ കൊല്ലപ്പെട്ടു... സഹായം തേടി നെതന്യാഹു സര്‍ക്കാര്‍
കെയ്‌റോ: പശ്ചിമേഷ്യയില്‍ ഇസ്രായേലിനെ ലക്ഷ്യമിട്ട് കൂടുതല്‍ അക്രമങ്ങള്‍ നടക്കുന്നു. ഹമാസ് ആക്രമണത്തിന് പിന്നാലെ ലബ്‌നാനും ഇസ്രായേലിനെതിരെ ആക്രമണം നടത്തി. തൊട്ടുപിന്നാലെ ഈജിപ്തില്‍ ഇസ്രായേലുകാര്‍ക്ക് നേരെ വെടിവയ്പ്പുണ്ടായി. ബ്രിട്ടനിലും യൂറോപ്പിലെ പല ഭാഗങ്ങളിലും കുവൈത്തിലും യമനിലും ഇറാനിലും ഹമാസിനെ അനുകൂലിച്ച് റാലി നടന്നു.
നിരവധി ഇസ്രായേലുകാരെ ഹമാസ് തടവിലാക്കിയിട്ടുണ്ട്. സൈനികര്‍ ഉള്‍പ്പെടെ 100 പേരെയാണ് തടവിലാക്കിയതെന്ന് ഇസ്രായേല്‍ അറിയിച്ചു. അതേസമയം, 750 ഇസ്രായേലുകാരെ കാണാനില്ലെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരെ മോചിപ്പിക്കാന്‍ ഇസ്രായേല്‍ സഹായം തേടിയിട്ടുണ്ടെന്ന് ഈജിപ്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെയാണ് ഈജിപ്തില്‍ ആക്രമണമുണ്ടായത്.

ഈജിപ്തിലെ അലക്‌സാണ്ട്രിയയിലാണ് ഒരു പോലീസുകാരന്‍ ഇസ്രായേലുകാര്‍ക്ക് നേരെ വെടിവച്ചത്. രണ്ട് ഇസ്രായേലുകാര്‍ കൊല്ലപ്പെട്ടു. ഒരു ഈജിപ്ഷ്യന്‍ പോലീസുകാരനും കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഇസ്രായേല്‍ ഹമാസ് യുദ്ധവുമായി ഈ സംഭവത്തിന് ബന്ധമുണ്ടോ, അതോ മറ്റെന്തെങ്കിലുമാണോ ആക്രമണത്തിന് കാരണം എന്ന് അറിവായിട്ടില്ല.
ഈജിപ്ത് സന്ദര്‍ശിക്കാനെത്തിയ ഇസ്രായേല്‍ ടൂറിസ്റ്റുകളെയാണ് പോലീസുകാരന്‍ വെടിവച്ചതെന്ന് എക്‌സ്ട്രാ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഈജിപ്തിലെ സുരക്ഷാ ഏജന്‍സികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചാനലാണിത്. വെടിവച്ച പോലീസുകാരനെ ഉടന്‍ പിടികൂടി. സംഭവം നടന്ന ഉടനെ വെടിയേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇസ്രായേലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുസ്ലിം രാജ്യമാണ് ഈജിപ്ത്. ഇസ്രായേലുമായി ആദ്യം നയതന്ത്ര ബന്ധം സ്ഥാപിച്ച മുസ്ലിം രാജ്യവും ഈജിപ്താണ്. ഗാസയ്‌ക്കെതിരെ ഈജിപ്ത് ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ അതുമായി ഈജിപ്ത് സഹകരിച്ചിരുന്നു. ഈജിപ്തിലേക്ക് തുരങ്കമുണ്ടാക്കിയാണ് ഗാസയിലുള്ളവര്‍ അവശ്യവസ്തുക്കള്‍ എത്തിച്ചിരുന്നത്. എന്നാല്‍ ഈ തുരങ്കം ഈജിപ്ത് ഇരുമ്പ് ഉപയോഗിച്ച് അടയ്ക്കുകയായിരുന്നു.
സാധാരണ പലസ്തീന്‍ ഇസ്രായേല്‍ യുദ്ധമുണ്ടാകുന്ന വേളയില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് മുന്‍കൈയ്യെടുക്കുന്ന രാജ്യങ്ങളിലൊന്നാണ് ഈജിപ്ത്. എന്നാല്‍ ഈജിപ്തുമായി അകന്ന് കഴിയുകയാണ് നിലവില്‍ ഹമാസ്. അതുകൊണ്ടുതന്നെ ബന്ദികളാക്കിയ ഇസ്രായേലികളെ വിട്ടയക്കുന്നതില്‍ ഈജിപ്തിന് ബന്ധപ്പെടാന്‍ പരിമിതിയുണ്ടാകും. ജിസിസി രാജ്യങ്ങളുടെ സഹായം ഇസ്രായേല്‍ അഭ്യര്‍ഥിച്ചേക്കുമെന്നും വാര്‍ത്തകളുണ്ട്.
അതേസമയം, യൂറോപ്യന്‍ യൂണിയനും അമേരിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളും ഇസ്രായേലിനെ പിന്തുണച്ച് രംഗത്ത് വന്നു. ഇറാനും ഖത്തറും ഹമാസിനെ പിന്തുണച്ചു. എല്ലാ അറബ് രാജ്യങ്ങളും യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കണം എന്ന് ആവള്യപ്പെട്ടു. കുവൈത്തില്‍ ഹമാസിനെ അനുകൂലിച്ച് റാലി നടന്നു. യമനിലെ റാലിയുടെ വീഡിയോ റോയിട്ടേഴ്‌സ് പുറത്തുവിട്ടു. ബ്രിട്ടനിലും ഹമാസിനെ അനുകൂലിച്ച് റാലി നടന്നു. ചില ഫുട്‌ബോള്‍ ക്ലബ്ബുകളും പലസ്തീനികളെ പിന്തുണച്ച് രംഗത്തുവന്നു.












Click it and Unblock the Notifications