കൊറോണ പ്രതിരോധ വാക്സിൻ ഇറ്റലിയിൽ നിന്ന്? ശാസ്ത്രജ്ഞർ പറയുന്നതിങ്ങനെ.. സത്യാവസ്ഥയെന്ത്?
റോം: കൊറോണ വൈറസിനെ നിർവീര്യമാക്കുന്ന വാക്സിൻ കണ്ടുപിടിച്ചെന്ന് ഇറ്റാലിയൻ ശാസ്ത്രജ്ഞർ. മനുഷ്യശരീരത്തിലെ കൊറോണ വൈറസിനെ നിർവീര്യമാക്കുന്ന രണ്ട് വാക്സിനുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നാണ് ഇറ്റാലിയൻ ഗവേഷകർ അവകാശപ്പെടുന്നത്.
കൊറോണ വൈറസ് ആന്റിബോഡിയെ വേർതിരിച്ചു: കൊറോണ ചികിത്സയിൽ സുപ്രധാന വഴിത്തിരിവ്, വിവരങ്ങൾ..
കൊറോണ വൈറസ് സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെയുള്ള പ്രശ്നങ്ങളിലേക്ക് നീങ്ങുമ്പോൾ ആഗോള തലത്തിൽ നൂറ് കണക്കിന് പരീക്ഷണങ്ങളാണ് കൊറോണ പ്രതിരോധ വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിനായി നടക്കുന്നത്. ഇതിനിടെ നിർണായക വഴിത്തിരിവാണ് ഇപ്പോഴുണ്ടായിട്ടുള്ളത്.

സത്യാവസ്ഥയെന്ത്?
ഇറ്റലിയിലെ ടാകീസ് എന്ന കമ്പനിയിലെ ശാസ്ത്രജ്ഞർ ചുണ്ടെലികളിൽ കൊറോണ വൈറസ് ആന്റിബോഡി വേർതിരിച്ചെടുത്താണ് ഇറ്റാലിയൻ വാർത്താ ഏജൻസിയെ ഉദ്ധരിച്ച് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഇത് കൊറോണ വൈറസ് മനുഷ്യ കോശങ്ങളെ ബാധിക്കുന്നത് തടയാൻ ഈ ആന്റിബോഡികൾക്ക് സാധിക്കും. റോമിലെ സ്പാലൻസാനി ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഇത് സംബന്ധിച്ച പരീക്ഷണങ്ങൾ നടന്നത്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

മസിലുകളിലേക്ക് കുത്തിവെയ്ക്കാൻ
ഡിഎൻഎ പ്രോട്ടീനായ സ്പൈക്കിന്റെ അടിസ്ഥാനമാക്കിയാണ് വാക്സിൻ വികസിപ്പിച്ചെടുത്തിട്ടുള്ളത്. മസിലുകളിലേക്ക് നേരിട്ട് കുത്തിവെക്കുന്ന തരത്തിലാണ് വാക്സിൻ വികസിപ്പിച്ചെടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ കൊറോണ വൈറസ് ഏറ്റവുമധികം ബാധിക്കുന്ന ശ്വാസകോശങ്ങളെ ബാധിക്കുന്ന സാഹചര്യത്തിൽ ആന്റിബോഡികൾ വൈറസുകളെ നിർവീര്യമാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ടാകീസിന്റെ സിഇഒ ല്വിഗ് ഓറിസിച്ചിയോയെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിട്ടിട്ടുള്ളത്. അന്താരാഷ്ട്രതലത്തിൽ മരുന്ന് വികസിപ്പിച്ചെടുക്കുന്നതിനായി സഹകരിക്കുന്നതിനും പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുമുള്ള ശ്രമങ്ങളാണ് നടന്നുവരുന്നതെന്നും കമ്പനി വ്യക്തമാക്കി.

വാക്സിൻ ഗവേഷണം
കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാൻ കഴിയാത്തത് ആഗോള തലത്തിൽ തന്നെ ശാസ്ത്ര സമൂഹത്തെ വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട്. ഒരു വാക്സിൻ വികസിപ്പിച്ചെടുക്കാൻ അഞ്ച് വർഷത്തെ സമയം തന്നെ ആവശ്യമാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഈ സാഹചര്യത്തിൽ കുറഞ്ഞ കാലയളവിനുള്ളിൽ വാക്സിൻ വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇസ്രയേലും കൊറോണ വൈറസിനെതിരായ ആന്റിബോഡി വേർതിരിച്ചിരുന്നു. ഇന്ത്യയും അമേരിക്കയും ഉൾപ്പെടെ നിരവധ രാഷ്ട്രങ്ങളാണ് ഇത്തരത്തിൽ വാക്സിൻ വികസിപ്പിക്കുന്നതായുള്ള ഗവേഷണങ്ങൾ നടത്തിവരുന്നുണ്ട്.

കാത്തിരിപ്പ് കൂടുതൽ നീളും
വാക്സിൻ വികസിപ്പിച്ചെടുക്കാൻ ഒമ്പത് മാസം മുതൽ രണ്ട് വർഷം വരെ സമയമെടുക്കുമെന്നാണ് ആഗോള തലത്തിൽ കൊറോണ വൈറസ് പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ബിൽഗേറ്റ്സ് ചൂണ്ടിക്കാണിക്കുന്നത്. ശരീരത്തിലേക്ക് ഒരു രോഗകാരിയുടെ ആന്റിജൻ കുത്തിവെക്കുന്നതിന് പകരം ശരീരത്തിന് സ്വയം ആന്റിജൻ ഉൽപ്പാദിക്കുന്നതിനുള്ള ജനിത കോഡ് നൽകുകയാണ് ഈ പരീക്ഷണത്തിലെന്നാണ് ബിൽഗറ്റ്സ് പ്രതികരിച്ചത്. കോശങ്ങൾക്ക് പുറത്ത് ആന്റിജൻ പ്രത്യക്ഷപ്പെടുമ്പോൾ ശരീരത്തിന്റെ പ്രതിരോധ ശേഷി ഇതിനെ നശിപ്പിക്കും. ശരീരത്തെ സ്വയം പ്രതിരോധിക്കാൻ പ്രാപ്തമാക്കുകയാണ് വേണ്ടതെന്നും ബിൽഗേറ്റ്സ് അടുത്തിടെ പുറത്തിറക്കിയ കുറിപ്പിൽ ചൂണ്ടിക്കാണിച്ചിരുന്നു. അതേ സമയം സുരക്ഷിതവും ഫലപ്രദവുമായ ഒരു വാക്സിനായി കുടുതൽ കാത്തിരിക്കേണ്ടിവരുമെന്ന സൂചനയും അദ്ദേഹം നൽകി.

മോണോ ക്ലോണൽ ആന്റിബോഡികൾ
രോഗം ബാധിച്ച് ഭേദമായ ഒറ്റ കോശത്തിൽ നിന്ന് ക്ലോൺ ചെയ്തെടുക്കുന്നവയാണ് മോണോ ക്ലോണൽ ആന്റിബോഡികൾ. എളുപ്പത്തിൽ നിർമിച്ചെടുക്കാനും ഉപയോഗിക്കാനും കഴിയുമെന്നതാണ് ഇത്തരം ആന്റിബോഡികളുടെ പ്രത്യേകത. ഒന്നിലധികം കോശങ്ങളിൽ നിന്ന് ഉരുത്തിരിയുന്ന പോളിക്ലോണൽ ആന്റിബോഡികളെക്കാൾ നിർമിച്ചെടുക്കാനും കൈകാര്യം ചെയ്യാനും സാധിക്കുന്നത് മോണോ ക്ലോണൽ ആന്റിബോഡികളാണ്. രോഗം ബാധിച്ച ആളുടെ ശരീരത്തിലെത്തുന്ന ആന്റിബോഡി വൈറസുകളെ ആക്രമിച്ച് നിർവീര്യമാക്കുന്നതാണ് ആന്റിബോഡിയുടെ പ്രവർത്തന രീതി.