23 വര്‍ഷം മുമ്പ് പിന്നിലൊളിച്ച മകനെ ഇസ്രായേല്‍ വെടിവെച്ചിട്ടു, ജമാലിനെ തേടി വീണ്ടും ദുരന്തം
ജറുസലേം: ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ സര്‍വവും തകര്‍ന്ന് ജമാല്‍ അല്‍ ദുര. 23 വര്‍ഷം മുമ്പ് ജമാലിന്റെ കുടുംബത്തിന് താങ്ങാവുന്നതിലും വലിയ ദുരന്തം ജീവിതത്ില്‍ സംഭവിച്ചിരുന്നു. ഇന്ന് അത് വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്. ഇസ്രായേലിന്റെ ഗാസയിലെ പ്രത്യാക്രമണത്തില്‍ സ്വന്തം കുടുംബത്തിലെ നാല് പേരാണ് ജമാലിന് നഷ്ടമായത്. രണ്ടാം പലസ്തീന്‍ ഇന്‍തിഫാദ അഥവാ പലസ്തീന്‍ വിപ്ലവത്തിന്റെ സൂചകമായിട്ടാണ് ജമാല്‍ അറിയപ്പെടുന്നത്.
ഗാസ മുനമ്പ്, വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം എന്നിവിടങ്ങളില്‍ ഇസ്രായേല്‍ അധിനിവേശത്തിനൈതിരെ ആരംഭിച്ചതായിരുന്നു ഈ വിപ്ലവം. 2000ത്തിലായിരുന്നു ഇത്. അന്ന് സ്വന്തം മകനെയാണ് ജമാലിന് നഷ്ടമായത്. ഇന്ന് ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ജമാലിന് രണ്ട് സഹോദരന്മാരെയും, സഹോദര ഭാര്യയെയും, മകളെയുമാണ് നഷ്ടപ്പെട്ടത്. ഗാസയില്‍ ഇതിനോടകം 25000ലധികം പേരാണ് ഇസ്രായേല്‍ ആക്രമണത്തില്‍ മരിച്ചത്.

image credit: #Africa4Palestine twitter
23 വര്‍ഷം മുമ്പ് ജമാല്‍ അല്‍ ദുരയുടെ പതിനൊന്ന് വയസ്സുകാരന്‍ മകന്‍ മുഹമ്മദ് ദുരയാണ് കൊല്ലപ്പെട്ടത്. ഇസ്രായേലി സൈന്യവും, പല്‌സതീന്‍ പ്രക്ഷോഭകാരികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുമ്പോഴായിരുന്നു ക്രൂരമായ സംഭവം അരങ്ങേയറിയത്. ഈ ഏറ്റുമുട്ടലിന് ഇടയില്‍ ജമാലും മകന്‍ മുഹമ്മദും പെട്ട് പോവുകയായിരുന്നു. ഒരു കോണ്‍ക്രീറ്റ് സിലിണ്ടറിന് പിന്നിലേക്ക് ജമാല്‍ മകനെയും ചേര്‍ത്തുപിടിച്ച് മറഞ്ഞിരിക്കുകയായിരുന്നു.
ഫ്രാന്‍സില്‍ നിന്നുള്ള ഒരു മാധ്യമപ്രവര്‍ത്തകനാണ് ഈ ഭീകരത പകര്‍ത്തിയത്. അച്ഛന് പിന്നിലെ ഭീതിയോടെ പൊട്ടിക്കരഞ്ഞ് കൊണ്ട് ഇരിക്കുന്ന മുഹമ്മദിന്റെ ചിത്രമായിരുന്നു പുറത്തുവന്നത്. ഏറ്റുമുട്ടല്‍ നിര്‍ത്താന്‍ ഇവരോട് ജമാല്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. പക്ഷേ ആരും അത് കേട്ടില്ല. വൈകാതെ തന്നെ ഇവര്‍ക്ക് നേരെ ഇസ്രായേല്‍ വെടിയുതിര്‍ക്കുകയായിരുന്നു. ജമാലിന്റെ കൈകളിലേക്ക് മകന്‍ മരിച്ച് വീഴുന്നതാണ് പിന്നീട് കണ്ടത്.
രണ്ടാം ഇന്‍തിഫാദ പോരാട്ടത്തിന്റെ ഏറ്റവും രക്ത രൂക്ഷിതമായ മുഖമായിരുന്നു അന്ന് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അടക്കം നിറഞ്ഞ് നിന്നത്. 2005 വരെ ഈ പ്രക്ഷോഭം നീണ്ടുനിന്നിരുന്നു. മൂവായിരത്തില്‍ അധികം പലസ്തീനികളും, ആയിരത്തില്‍ അധികം ഇസ്രായേലികളും ആ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടിരുന്നു. മകന്‍ നഷ്ടപ്പെട്ട വേദന ഇപ്പോഴും ജമാലിനൊപ്പമുണ്ട്. അതിലേക്കാണ് കുടുംബാംഗങ്ങള്‍ കൂടി നഷ്ടമായ വേദനയെത്തുന്നത്. പലസ്തീന്റെ മകന്‍ മുഹമ്മദ് അല്‍ ദുരയെ ഇസ്രായേല്‍ കൊലപ്പെടുത്തിയതിന്റെ രക്തം ഇപ്പോഴും ഗസ മുനമ്പിലൂടെ ഒഴുകുന്നുണെന്നും ജമാല്‍ പറഞ്ഞു.












Click it and Unblock the Notifications