പലസ്തീനില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം; ഒമ്പത് മരണം, നിരവധി പേര്‍ക്ക് പരിക്ക്
ജറുസലേം: പലസ്തിനില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വ്യോമാക്രമണം. വെസ്റ്റ് ബാങ്ക് നഗരമായ ജെനിനില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് പലസ്തീനികള്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയരാനാണ് സാധ്യതയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 27 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 10 ഓളം വ്യോമാക്രമണങ്ങളാണ് നടന്നത് എന്നും ആക്രമണത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നതായുമാണ് പുറത്ത് നിന്ന് വരുന്ന റിപ്പോര്‍ട്ട്.
ജെനിനിലെ അഭയാര്‍ത്ഥി ക്യാംപ് ലക്ഷ്യമാക്കിയായിരുന്നു ഇസ്രായേല്‍ ആക്രമണം. അതേസമയം ജെനിനിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി മധ്യ അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍ അടിയന്തര യോഗം ചേരുമെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് അറിയിച്ചു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണ് ഇസ്രായേല്‍ നടത്തിയിരിക്കുന്നത് എന്ന് ജോര്‍ദാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് സിനാന്‍ അല്‍-മജാലി പറഞ്ഞു.

ഇസ്രായേല്‍ ആക്രമണം തടയാനും അധിനിവേശ പ്രദേശത്ത് പലസ്തീനികള്‍ക്കായി സംരക്ഷണം നല്‍കാനും അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തരമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണത്തെ ഈജിപ്തും ഖത്തറും അപലപിച്ചു. ജെനിന്‍ നഗരത്തിനെതിരായ ആവര്‍ത്തിച്ചുള്ള ആക്രമണത്തെ ഖത്തര്‍ ശക്തമായാണ് അപലപിച്ചത്. ഇസ്രയേലിന്റെ തുടര്‍ച്ചയായ ആക്രമണം മൂലം സമാധാനത്തിനുള്ള അവസരങ്ങള്‍ മങ്ങുകയാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
പലസ്തീന്‍ ജനതയ്ക്ക് ആവശ്യമായ സംരക്ഷണം നല്‍കുന്നതിന് അന്താരാഷ്ട്ര സമൂഹം അടിയന്തിരമായി നീങ്ങേണ്ടതിന്റെ ആവശ്യകതയും ഖത്തര്‍ ചൂണ്ടിക്കാട്ടി. 2002 ന് ശേഷം അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ നടത്തുന്ന ഏറ്റവും വലിയ സൈനിക നടപടിയാണ് ജെനിന് നേരെയുള്ള ആക്രമണം.
ഏകദേശം 150 കവചിത വാഹനങ്ങള്‍, എലൈറ്റ് സ്പെഷ്യല്‍ ഫോഴ്സ്, മിലിറ്ററി, ജനറല്‍ ഇന്റലിജന്‍സ്, പൊലീസ്, ബോര്‍ഡര്‍ പൊലീസ് എന്നിവയില്‍ നിന്നുള്ള ആയിരത്തോളം സൈനികര്‍ എന്നിവരാണ് ഇസ്രായേലിന്റെ ജെനിന്‍ ഓപ്പറേഷനില്‍ പങ്കെടുക്കുന്നത് എന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനസാന്ദ്രതയേറിയ ക്യാമ്പിനുനേരെ ഇസ്രായേല്‍ സൈന്യം മിസൈല്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
പിന്നാലെ ഹെലികോപ്റ്ററുകളും ഡ്രോണുകളും ശക്തമായ ആക്രമണം നടത്തി. സൈനികര്‍ പലസ്തീന്‍ പ്രതിരോധ സേനയുമായി വെടിവെപ്പ് നടത്തുകയും ചെയ്തു. നഗരത്തിലും ക്യാമ്പിലും സ്ഥിതി ആശങ്കാജനകമാണ് എന്നാണ് ജെനിനില്‍ നിന്നുള്ള അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ മുഹമ്മദ് കമാന്‍ജി അല്‍ ജസീറയോട് പറഞ്ഞത്. ഇസ്രായേലി അധിനിവേശ സേന വന്‍തോതില്‍ നഗരത്തിലേക്കും ക്യാമ്പിലേക്കും ഇരച്ചുകയറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരണപ്പെട്ടവരില്‍ ചെറിയ കുട്ടികളടക്കമുണ്ടെന്നാണ് മുഹമ്മദ് കമാന്‍ജി പറയുന്നത്.












Click it and Unblock the Notifications