ലാന്‍ഡ് ചെയ്യാന്‍ മിനുട്ടുകള്‍, വിമാനം തിരിച്ച് വിളിച്ച് ബെലാറസ്, പിന്നാലെ ഞെട്ടിച്ച അറസ്റ്റ്
മിന്‍സ്‌ക്: ലോകരാജ്യങ്ങളെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ് ബെലാറസ് കഴിഞ്ഞ ദിവസം ഒരു വിമാനം തിരിച്ചിറക്കി അതിലുള്ള ഒരു മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. റോമന്‍ പ്രോട്ടസെവിക് എന്ന മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ് യൂറോപ്പിലാകെ ചര്‍ച്ചയായിരിക്കുകയാണ്. വലിയ വിമര്‍ശനങ്ങളും ഇതോടെ ഉയര്‍ന്നു. ഒരു വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്നായിരുന്നു ഈ കസ്റ്റഡി. എന്നാല്‍ 26കാരനായ പ്രോട്ടസെവിച്ചിനെ ഭരണകൂടം നോട്ടമിട്ട് വെച്ചിരിക്കുകയായിരുന്നു. അതിന് വേണ്ടിയുള്ള നാടകങ്ങളായിരുന്നു ഇത്.

പോളണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെക്സ്റ്റ ലൈവ് ചാനലിന്റെ എഡിറ്ററാണ് പ്രോട്ടസെവിച്ച്. ഇത് ടെലഗ്രാമില്‍ പ്രവര്‍ത്തിക്കുന്ന ആപ്പാണ്. ഒരു മില്യണില്‍ അധികം വരിക്കാരുമുണ്ട്. ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുക്കാഷെങ്കോയുടെ കിരാത നടപടികളെ ശക്തമായി എതിര്‍ക്കുന്ന ചാനലാണിത്. കഴിഞ്ഞ വര്‍ഷം റോഡിലിറങ്ങി ജനങ്ങള്‍ പ്രതിഷേധിച്ച സംഭവത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് ഈ ആപ്പായിരുന്നു. അന്ന് മുതല്‍ നെകസ്റ്റയെയും പ്രോട്ടസെവിച്ചിനെയും നോട്ടമിട്ട് വെച്ചിരിക്കുകയായിരുന്നു ലുക്കാഷെങ്കോ.
പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ വന്‍ കൃത്രിമത്വം ലുക്കാഷെങ്കോ കാണിച്ചെന്നായിരുന്നു പരാതി. പോലീസ് പ്രതിഷേധക്കാരെ കിരാതമായ രീതിയിലാണ് നേരിട്ടത്. അതിന്റെ ദൃശ്യങ്ങളും നെക്സ്റ്റ പുറത്തുവിട്ടിരുന്നു. വിദേശ മാധ്യമങ്ങളെ രാജ്യത്തേക്ക് കടത്താതെ സെന്‍സര്‍ ചെയ്യുകയായിരുന്നു ലുക്കാഷെങ്കോ. ആ സയമത്താണ് ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്. കഴിഞ്ഞ നവംബറില്‍ പ്രോട്ടസെവിക്ക് പുറത്തുവിട്ട ഒരു രേഖയില്‍ ബെലാറസ് തീവ്രവാദിയായി കാണുന്നവരുടെ പട്ടികയില്‍ അദ്ദേഹത്തിന്റെ പേരുമുണ്ടായിരുന്നു.
ബെലാറസില്‍ കലാപങ്ങള്‍ സംഘടിപ്പിച്ചത് പ്രോട്ടസെവിക്കായിരുന്നു എന്നാണ് ലുക്കാഷെങ്കോ ഭരണകൂടം ആരോപിച്ചിരുന്നത്. സമൂഹത്തില്‍ വിദ്വേഷം പരത്തി സാമൂഹിക ഘടനയെ താളം തെറ്റിക്കാന്‍ ശ്രമിച്ചു എന്നാണ് മറ്റൊരു ആരോപണം. ബെലാറസ് ഭരണകൂടത്തിന് എത്ര കാലം വേണമെങ്കിലും പ്രോട്ടസെവിക്കിനെ ജയിലില്‍ വെക്കാന് സാധിക്കും. 2019ലാണ് ബെലാറസില്‍ നിന്ന് പോളണ്ടിലേക്ക് പ്രോട്ടസെവിക് നാടുവിട്ടത്. അധികാരികളില്‍ നിന്നുള്ള സമ്മര്‍ദമായിരുന്നു കാരണം. മാതാപിതാക്കളെയും പോളണ്ടിലേക്ക് പ്രോട്ടസെവിക്കിന് കൊണ്ടുവരേണ്ടി വന്നു. മാതാപിതാക്കളെയും ഭരണകൂടം നിരീക്ഷിക്കാന്‍ തുടങ്ങിയിരുന്നു.
Recommended Video
കുറച്ച് കാലമായി ലിത്വാനിയയിലായിരുന്നു പ്രോട്ടസെവിക്. ലിത്വാനിയയുടെ തലസ്ഥാനം വില്‍നിയസിലായിരുന്നു ബെലാറസിന്റെ പ്രതിപക്ഷ നേതാവും താമസിച്ചിരുന്നത്. ഗ്രീസില്‍ നിന്ന് വില്‍നിയസിലേക്ക് മടങ്ങുന്നതിനിടെയാണ് വിമാനം മടക്കി വിളിച്ചത്. എന്നാല്‍ ഇത് വലിയൊരു നാടകമായിരുന്നുവെന്നാണ് തെളിയുന്നത്. ലാന്‍ഡ് ചെയ്യാന്‍ മിനുട്ടുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആ സമയത്താണ് ബെലാറസിന്റെ തലസ്ഥാനം മിന്‍സ്‌കിലേക്ക് വിമാനം മടക്കി വിളിക്കുന്നത്. വിമാനം മടങ്ങാനൊരുങ്ങുന്ന സമയത്ത് ലാപ്പ്‌ടോപ്പും മൊബൈല്‍ ഫോണും അടക്കം പ്രോട്ടസെവിക് തന്റെ പെണ്‍സുഹൃത്തിനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് സുരക്ഷിതമാണോ എന്ന് വ്യക്തമല്ല.












Click it and Unblock the Notifications