'വലിയ രാജ്യങ്ങള്‍ അന്താരാഷ്ട്ര നിയമം ലംഘിക്കുന്നത് അപകടകരം'; ഇന്ത്യയ്‌ക്കെതിരെ വീണ്ടും ട്രൂഡോ
ഒട്ടാവ: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി വീണ്ടും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. വലിയ രാജ്യങ്ങള്‍ക്ക് അനന്തരഫലങ്ങളില്ലാതെ അന്താരാഷ്ട്ര നിയമം ലംഘിക്കാന്‍ കഴിയുമെങ്കില്‍ ലോകം എല്ലാവര്‍ക്കും കൂടുതല്‍ അപകടകരമായി മാറുമെന്ന് ജസ്റ്റിന്‍ ട്രോഡൂ പറഞ്ഞു. സ്മാര്‍ട്ട് എനര്‍ജി ഗ്രിഡിന്റെ ഉദ്ഘാടന വേളയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാനഡയില്‍ വെച്ച് ഒരു കനേഡിയന്‍ പൗരന്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് അറിഞ്ഞ ആദ്യ നിമിഷം തൊട്ട് തങ്ങളോട് സഹകരിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നതായി ട്രൂഡോ പറഞ്ഞു. ഞങ്ങളുടെ സുഹൃത്തുക്കളോടും അമേരിക്കയെപ്പോലുള്ള സഖ്യകക്ഷികളോടും ഈ ഗുരുതരമായ അന്താരാഷ്ട്ര ലംഘനങ്ങളില്‍ ചര്‍ച്ച നടത്താന്‍ ഞങ്ങള്‍ ശ്രമിച്ചു,' അദ്ദേഹം പറഞ്ഞു.

ഇത് തങ്ങള്‍ വളരെ ഗൗരവമായി എടുക്കുന്ന കാര്യമാണ് എന്നും നിയമപാലകരും അന്വേഷണ ഏജന്‍സികളും അവരുടെ ജോലി ചെയ്യുന്നത് തുടരുന്നതിനാല്‍ തങ്ങള്‍ എല്ലാ പങ്കാളികളുമായും പ്രവര്‍ത്തിക്കുന്നത് തുടരും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമവാഴ്ചയ്ക്കായി എപ്പോഴും നിലകൊള്ളുന്ന രാജ്യമാണ് കാനഡ എന്നും അദ്ദേഹം പറഞ്ഞു. വളരെ ഗുരുതരമായ ഈ വിഷയത്തില്‍ ഇന്ത്യയുമായി ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ കാനഡ ആഗ്രഹിക്കുന്നുവെന്ന് ട്രൂഡോ പറഞ്ഞു.
ഇത് ഗൗരവമായി കാണണം. അതുകൊണ്ടാണ് ഇന്ത്യ വിയന്ന കണ്‍വെന്‍ഷന്‍ ലംഘിക്കുകയും 40 ലധികം കനേഡിയന്‍മാരുടെ നയതന്ത്ര പ്രതിരോധം ഏകപക്ഷീയമായി റദ്ദാക്കുകയും ചെയ്തപ്പോള്‍ തങ്ങള്‍ നിരാശരായത് എന്നും അദ്ദേഹം പറഞ്ഞു. 'കനേഡിയന്‍ മണ്ണില്‍ ഒരു കനേഡിയന്‍ പൗരനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് വിശ്വസിക്കാന്‍ ഞങ്ങള്‍ക്ക് കാരണങ്ങളുണ്ട്.
വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരമുള്ള അവകാശങ്ങള്‍ ലംഘിച്ച് കനേഡിയന്‍ നയതന്ത്രജ്ഞരെ മുഴുവന്‍ പുറത്താക്കുക എന്നതാണ് ഇന്ത്യയുടെ പ്രതികരണം. അത് ലോകമെമ്പാടുമുള്ള രാജ്യങ്ങളെ ആശങ്കപ്പെടുത്തുന്നു,' കാനഡ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുമായി ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ കാനഡ ശ്രമിച്ചിട്ടുണ്ടെന്നും അത് തുടരുമെന്നും ട്രൂഡോ പറഞ്ഞു.
അതേസമയം ട്രൂഡോയുടെ പുതിയ പരാമര്‍ശങ്ങളോട് പ്രതികരിക്കാന്‍ വിദേശകാര്യ മന്ത്രാലയം ഇതുവരെ തയ്യാറായിട്ടില്ല. കാനഡ തങ്ങള്‍ക്ക് തെളിവുകള്‍ കൈമാറിയിട്ടില്ല എന്നാണ് ഇന്ത്യ ആവര്‍ത്തിക്കുന്നത്. ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് ട്രൂഡോ ആരോപിച്ചതു മുതല്‍ ന്യൂദല്‍ഹിയും ഒട്ടാവയും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
ജൂണില്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്താണ് നിജ്ജാര്‍ വെടിയേറ്റ് മരിച്ചത്. നിരോധിത ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ തലവനും ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരരില്‍ ഒരാളുമായിരുന്നു നിജ്ജാര്‍.












Click it and Unblock the Notifications