
ഒരു ഭാര്യ മതി!! പുതിയ സര്‍വ്വെ റിപ്പോര്‍ട്ട്; 96 പേര്‍ നാല് വിവാഹം ചെയ്തു... കുവൈത്തിലെ വിവരങ്ങള്‍
കുവൈത്ത് സിറ്റി: ജിസിസി രാജ്യമായ കുവൈത്തിലെ വിവാഹങ്ങളുമായി ബന്ധപ്പെട്ട പുതിയ കണക്കുകള്‍ ഏറെ രസകരമാണ്. കുവൈത്തിലെ സ്ത്രീകള്‍ ഇതര രാജ്യക്കാരെ വിവാഹം കഴിക്കുന്നത് കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞിട്ടുണ്ട്. 19000ത്തിലധികം കുവൈത്തി യുവതികള്‍ വിദേശികളെ വിവാഹം ചെയ്തു.
അതേസമയം, കുവൈത്തിലുള്ളവര്‍ ഒരു വിവാഹം മതി എന്ന് അഭിപ്രായമുള്ളവരാണ്. രണ്ടും മൂന്നും നാലും വിവാഹം കഴിച്ച പുരുഷന്മാരുമുണ്ടെങ്കിലും കൂടുതല്‍ പേരും ഒരു വിവാഹം മതി എന്നാണ് അഭിപ്രായപ്പെട്ടത്. പുതിയ സര്‍വ്വെയിലെ വിവരങ്ങള്‍ ഇങ്ങനെ...

അറബ് ദിന പത്രമായ അല്‍ റായ് നടത്തിയ സര്‍വ്വെയിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സര്‍വ്വെയില്‍ ഭാഗമായവരില്‍ 94 ശതമാനം പുരുഷന്മാരും പറയുന്നത് ഒരു വിവാഹം മതി എന്നാണ്. വിവാഹിതരായ 187145 കുവൈത്തി പുരുഷന്മാരിലാണ് സര്‍വ്വെ സംഘടിപ്പിച്ചത്. ഇതില്‍ 176093 പേരും ഒരു വിവാഹത്തെയാണ് ഇഷ്ടപ്പെടുന്നത്.

ആറ് ശതമാനം പേര്‍ ബഹുഭാര്യത്വം ഇഷ്ടപ്പെടുന്നു. 10213 പേര്‍ രണ്ടു വിവാഹം ചെയ്തിട്ടുണ്ട്. 743 പേര്‍ മൂന്ന് വിവാഹം ചെയ്തിട്ടുണ്ട്. 96 പേര്‍ നാല് വിവാഹവും ചെയ്തു. ഇസ്ലാമിക രാജ്യമാണ് കുവൈത്ത്. നിബന്ധനകളോടെ നാല് ഭാര്യമാര്‍ വരെ ആകാം എന്നാണ് മതപരമായ നിര്‍ദേശം. ഭാര്യമാര്‍ക്കിടയില്‍ നീതി പുലര്‍ത്താന്‍ സാധിക്കില്ലെങ്കില്‍ ഒരു വിവാഹം മതിയെന്നും ഇസ്ലാം നിര്‍ദേശിക്കുന്നു.

അതേസമയം, കുവൈത്തി വനിതകള്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പുരുഷന്മാരെ വിവാഹം ചെയ്യുന്നത് കുറഞ്ഞിട്ടുണ്ട് എന്ന മറ്റൊരു റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 19429 കുവൈത്തി സ്ത്രീകള്‍ കുവൈത്തികളല്ലാത്ത പുരുഷന്മാരെ വിവാഹം ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 20128 ആയിരുന്നു കണക്ക്.

ഈ വര്‍ഷം 17429 കുവൈത്തി സ്ത്രീകള്‍ പാശ്ചാത്യരായ പുരുഷന്മാരെ വിവാഹം ചെയ്തിട്ടുണ്ട്. 688 പേര്‍ ഏഷ്യന്‍ വംശജരായ പുരുഷന്മാരെ വിവാഹം ചെയ്തു. വടക്കന്‍ അമേരിക്കയില്‍ നിന്നുള്ള 379 പുരുഷന്മാരെയും യൂറോപ്പില്‍ നിന്നുള്ള 246 പേരെയും സൗത്ത് അമേരിക്കയില്‍ നിന്നുള്ള 57 പേരെയും ആഫ്രിക്കയില്‍ നിന്നുള്ള 49 പേരെയും 39 ആസ്‌ത്രേലിയക്കാരെയും കുവൈത്തി വനിതകള്‍ വിവാഹം ചെയ്തു.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം മറ്റു രാജ്യക്കാരായ പുരുഷന്മാരെ വിവാഹം ചെയ്ത കുവൈത്തി വനിതകളില്‍ 4329 പേര്‍ക്ക് മക്കളില്ല. 2552 വനിതകള്‍ക്ക് ഒരു കുട്ടി വീതമുണ്ട്. 2571 വനിതകള്‍ക്ക് രണ്ടു മക്കളുണ്ട്. 2519 വനിതകള്‍ക്ക് മൂന്ന് കുട്ടികളുമുണ്ട്. എന്നാല്‍ 10 കുട്ടികള്‍ വരെയുള്ള കുവൈത്തി വനിതകളുമുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതര രാജ്യക്കാരില്‍ ഒമ്പതിലധികം മക്കളുള്ള 267 വനിതകളാണ് കുവൈത്തിലുള്ളത്.
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് പണം അയക്കുന്നോ? പരിധി വിട്ട് കളി വേണ്ട... പിടിവീഴും