ഇസ്രായേലിനെതിരെ കടുപ്പിച്ച് ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങള്‍; നയതന്ത്ര ബന്ധമുപേക്ഷിച്ച് ബൊളീവിയ
ഗാസ: യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലിനെതിരെ നടപടി കടുപ്പിച്ച് ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങള്‍. ബൊളീവിയ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം അടക്കം ഉപേക്ഷിച്ചിരിക്കുകാണ്. ടെല്‍ അവീവില്‍ മറ്റ് രണ്ട് രാഷ്ട്രങ്ങളും അംബാസിഡര്‍മാരെ തിരിച്ചുവിളിച്ചിരിക്കുകയാണ്. ഗാസ മുനമ്പിലെ ഇസ്രായേലിന്റെ അതി തീവ്രവമായ ആക്രമണത്തെതുടര്‍ന്നാണ് ബൊളീവിയ നയതന്ത്ര ബന്ധം വിച്ഛേദിച്ചത്.
ഗാസയിലെ ഇസ്രായേലിന്റെ ആക്രമണത്തെ അവര്‍ അപലപിക്കുകയും ചെയ്തു. ഉപ വിദേശ്യ കാര്യ മന്ത്രി ഫ്രെഡി മമാനിയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്. ഗാസയിലെ സഹായങ്ങള്‍ അയക്കുമെന്നും ബൊളീവിയ അറിയിച്ചിട്ടുണ്ട്. ഇസ്രായേല്‍ എത്രയും പെട്ടെന്ന് ഗാസയിലെ ആക്രമണം അവസാനിപ്പിക്കണമെന്നും, പലസ്തീന്‍ ജനതയുടെ ദുരിതം അവസാനിപ്പിക്കണമെന്നും മന്ത്രി മരിയ നെല പ്രാഡ പറഞ്ഞു.

നേരത്തെ ബൊളീവിയ തീവ്രവാദത്തിനും, ഇറാനിലെ ആയത്തുള്ള ഖമേനിക്കും പിന്തുണ നല്‍കുന്നതായി ഇസ്രായേല്‍ ആരോപിച്ചിരുന്നു. അതേസമയം നേരത്തെ തന്നെ ബൊളീവിയയുമായുള്ള ബന്ധം അത്ര മികച്ചതായിരുന്നില്ലെന്നും, ലൂയിസ് ആര്‍ക്കെ പ്രസിഡന്റായ ശേഷം അത് മോശമായെന്നും ഇസ്രായേല്‍ വിദേശ കാര്യ മന്ത്രാലയം പറഞ്ഞു. അതേസമയം ബൊളീവിയയുടെ തീരുമാനത്തെ ഹമാസ് സ്വാഗതം ചെയ്തു.
ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കിയ ഗള്‍ഫ് രാജ്യങ്ങളും ഇതേ തീരുമാനം പിന്തുടരണമെന്നും ഹമാസ് ആഹ്വാനം ചെയ്തു. ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളായ കൊളംബിയയും ചിലിയും അംബാസിഡര്‍മാരെ തിരിച്ചുവിളിച്ചിട്ടുണ്ട്. ഇവര്‍ ഗാസയിലെ ആക്രമണത്തെ അപലപിച്ചു. അടിയന്തരമായ വെടിനിര്‍ത്തല്‍ വേണമെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്. ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ രാഷ്ട്രങ്ങള്‍ എല്ലാം പലസ്തീനിനോട് അനുഭാവം പുലര്‍ത്തുന്നവരാണ്.
വലതുപക്ഷ രാഷ്ട്രങ്ങളാണ് കൂടുതലായും ഇസ്രായേലിനെ പിന്തുണയ്ക്കാറുള്ളത്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രായേല്‍ നടത്തുന്നതെന്ന് ചിലി പ്രസിഡന്റ് ഗബ്രേയില്‍ ബോറിക് ആരോപിച്ചു. ഹമാസിന്റെ ആക്രമണത്തിന് ഗാസയിലെ ജനങ്ങളെ കൂട്ടത്തോടെ ശിക്ഷിക്കുകയാണ് ഇസ്രായേല്‍ എന്നും ബോറിക് ആരോപിച്ചു. അംബാസിഡര്‍ യോര്‍ഗെ കാര്‍വഹാലിനെ തിരിച്ചുവിലിച്ച് കൊണ്ടായിരുന്നു ഈ ആരോപണങ്ങള്‍ അദ്ദേഹം ഉന്നയിച്ചത്.
അറബ് രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പലസ്തീന്‍ ജനവിഭാഗമുള്ളത് ചിലിയിലാണ്. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെഡ്രോയും ഇസ്രായേലിന്റെ ആക്രമണത്തെ അപലപിച്ചു. പലസ്തീന്‍ ജനതയ്‌ക്കെതിരെയുള്ള കൂട്ടക്കുരുതിയാണ് ഇസ്രായേല്‍ നടത്തുന്നതെന്ന് പെഡ്രോ ആരോപിച്ചു.
മെക്‌സിക്കോ, ബ്രസീല്‍ പോലുള്ള ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളും വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 2009ലാണ് ഇതിന് മുമ്പ് ബൊളീവിയ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്.അന്നും ഗാസയിലെ ആക്രമണത്തെ തുടര്‍ന്നായിരുന്നു നടപടി. 2020ല്‍ മാത്രമാണ് ഈ ബന്ധം പുനസ്ഥാപിച്ചത്.












Click it and Unblock the Notifications