ഇന്ത്യയ്‌ക്കൊപ്പം ചേര്‍ന്നത് വന്‍ ലാഭം; യുഎഇ പുതിയ നീക്കത്തിന്... ആറ് രാജ്യങ്ങള്‍ കൂടി കരാറിന്
ദുബായ്: ഇന്ത്യയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന അറബ് രാജ്യമാണ് യുഎഇ. ഒട്ടേറെ കാര്യങ്ങളില്‍ ഇരുരാജ്യങ്ങളും സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. അടുത്തിടെ ഇന്ത്യയും യുഎഇയും തമ്മില്‍ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാര്‍ ഇരുരാജ്യങ്ങളുടെയും ബന്ധത്തില്‍ നാഴികക്കല്ലായിരുന്നു. വ്യാപാരം ശക്തിപ്പെടാന്‍ അത് സഹായിച്ചു.
ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള പ്രത്യേക വ്യാപാര ഇടനാഴി വരാന്‍ പോകുകയാണ്. കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് യാത്രാ കപ്പലും ചര്‍ച്ചയിലാണ്. ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വെ ശൃംഖല ഒരുക്കുന്നതില്‍ ഇന്ത്യയുടെ സഹായമുണ്ട്. വെള്ളത്തിനടിയിലൂടെയുള്ള പുതിയ ട്രെയിന്‍ പാതയും ഇന്ത്യയും യുഎഇയും ചര്‍ച്ച ചെയ്യുകയാണ്. അതിനിടെയാണ് യുഎഇ വരുമാനം വര്‍ധിപ്പിക്കാനുള്ള നീക്കം നടത്തുന്നത്.

യുഎഇയുടെ പ്രധാന വരുമാന മാര്‍ഗമാണ് എണ്ണ. എന്നാല്‍ എണ്ണ മാത്രമല്ല യുഎഇക്ക് ആദായ മാര്‍ഗം. ടൂറിസവും ബിസിനസുമെല്ലാമുണ്ട്. ഇന്ത്യയുമായി ഒപ്പുവച്ച വ്യാപാര കരാറിന് സമാനമായ കരാര്‍ യുഎഇ കൂടുതല്‍ രാജ്യങ്ങളുമായി ഒപ്പുവയ്ക്കാന്‍ പോകുന്നു എന്നാണ് പുതിയ വാര്‍ത്ത. ആറ് രാജ്യങ്ങളെ കൂടിയാണ് യുഎഇ ലക്ഷ്യമിടുന്നത്.
ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും ആറ് രാജ്യങ്ങളെ കൂടി കരാറിന്റെ ഭാഗമാക്കാനാണ് യുഎഇയുടെ ആലോചന. ജോര്‍ജിയയുമായി കഴിഞ്ഞ ദിവസം കരാര്‍ ഒപ്പുവച്ചു. ഇനി ദക്ഷിണ കൊറിയ, തായ്‌ലാന്റ്, ചിലി എന്നിവയുമായി വൈകാതെ കരാര്‍ ഒപ്പുവയ്ക്കും. കോസ്റ്റാറിക്ക, കൊളംബിയ, യുക്രൈന്‍ എന്നീ രാജ്യങ്ങളുമായി ചര്‍ച്ച നടക്കുകയാണെന്ന് വിദേശ വ്യാപാര സഹമന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സിയൂദി പറഞ്ഞു.
ജോര്‍ജിയയുമായുള്ള വ്യാപാരം 48 കോടി ഡോളറില്‍ നിന്ന് 150 കോടി ഡോളറിലെത്തിക്കാനാണ് യുഎഇ ഉദ്ദേശിക്കുന്നത്. പാകിസ്താന്‍, സെര്‍ബിയ, മലേഷ്യ എന്നീ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാര്‍ അടുത്ത വര്‍ഷം നിലവില്‍ വരുമെന്നാണ് യുഎഇ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള കരാര്‍ ഒപ്പുവയ്ക്കുന്നതിലൂടെ വ്യാപാരം മെച്ചപ്പെടുത്താനാണ് യുഎഇയുടെ പദ്ധതി.
കരാര്‍ ഒപ്പുവയ്ക്കുന്ന രാജ്യങ്ങളുമായി വ്യാപാരത്തിന്റെ ഭാഗമായുള്ള നികുതികളില്‍ വലിയ ഇളവ് നല്‍കുമെന്നതാണ് എടുത്തുപറയേണ്ടത്. മാത്രമല്ല, കരാറിന്റെ ഭാഗമാകുന്ന ചരക്കുകള്‍ ഏതൊക്കെയെന്ന് നിര്‍ണയിക്കും. അവയുടെ കയറ്റുമതിയും ഇറക്കുമതിയും പ്രോല്‍സാഹിപ്പിക്കും. നികുതി ഇളവ് ലഭിക്കുന്നതോടെ വ്യാപാരം ശക്തിപ്പെടുകയും ചെയ്യും.
സ്വതന്ത്ര വ്യാപാര കരാര്‍ നിലവില്‍ വന്ന ശേഷം ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള കയറ്റുമതി വര്‍ധിച്ചെന്ന് പ്രമുഖ വ്യവസായികളായ ഫൗസാന്‍ അലവി, കീര്‍ത്തി മേഘ്‌നാനി, നിതേഷ് വേദ് എന്നിവര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ഇന്ത്യയും യുഎഇയും വ്യാപാര കരാര്‍ ഒപ്പുവച്ചത്. 2021-22 കാലത്ത് ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരം 72 ബില്യണ്‍ ഡോളര്‍ ആയിരുന്നെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 84 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.












Click it and Unblock the Notifications