ലോകസുന്ദരിയായി മിസ് തായ്‌ലന്‍ഡ് ഒപാല്‍ സുചാത, അവസാന എട്ടിലെത്താതെ മിസ് ഇന്ത്യ
72ാമത് ലോകസുന്ദരിയായി മിസ് തായ്‌ലന്‍ഡ് ഒപാല്‍ സുചാത ചുങ്ശ്രീ തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ ലോകസുന്ദരി ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ഒപാലിനെ ലോകസുന്ദരി കിരീടം അണിയിച്ചു. മിസ് ഇന്ത്യ നന്ദിനി ഗുപ്തയ്ക്ക് അവസാന എട്ട് പേരുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ സാധിച്ചില്ല.
മിസ് എത്യോപ്യ ഫസ്സറ്റ് ഡെറിജി രണ്ടാം സ്ഥാനത്ത് എത്തി. മിസ് പോളണ്ട് ആണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. ലോകമെമ്പാടുമുളള 108 രാജ്യങ്ങളെ പ്രതിനിധീകരിച്ച് കൊണ്ടുളള സുന്ദരിമാരാണ് 2025ലെ മിസ് ഇന്ത്യ കിരീടത്തിന് വേണ്ടി ഇക്കുറി മത്സരിച്ചത്. ഹൈദരാബാദിലെ ഹെടെക്‌സ് എക്‌സിബിഷന്‍ സെന്ററില്‍ വെച്ചായിരുന്നു ഫൈനല്‍ മത്സരം നടന്നത്.

Image: Miss world instagram
മുന്‍ ലോകസുന്ദരി സ്‌റ്റെഫാനി ഡെല്‍ വാലിയും ഇന്ത്യന്‍ ടെലിവിഷന്‍ താരം സച്ചിന്‍ കുംഭറും ആയിരുന്നു ഫൈനല്‍ മത്സരത്തിന്റെ അവതാരകര്‍. 108 മത്സരാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ഹെഡ് ടു ഹെഡ് ചലഞ്ച്, ടോപ് മോഡല്‍, ബ്യൂട്ടി വിത്ത് എ പര്‍പ്പസ്, കായികം, മള്‍ട്ടിമീഡിയ തുടങ്ങി നിരവധി റൗണ്ടുകളിലൂടെ കടന്ന് വന്ന് വിജയിച്ച 40 പേരാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇവരില്‍ നിന്ന് പട്ടിക 10 പേരിലേക്കും പിന്നീട് അവസാന 5 പേരിലേക്കും ചുരുങ്ങി. 2017ലെ ലോകസുന്ദരി മാനുഷി ചില്ലര്‍, നടന്‍ റാണ ദഗ്ഗുബാട്ടി, നടി നമ്രത ശിരോദ്കര്‍, മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ സിഇഒ ജൂലിയ മോര്‍ലി അടക്കമുളളവരാണ് മത്സരത്തിന്റെ വിധി കര്‍ത്താക്കളായിട്ടുണ്ടായിരുന്നത്.
ലോകസുന്ദരിപ്പട്ടം നേടുന്ന ആദ്യത്തെ തായ് വനിതയായി ചരിത്രം കുറിച്ചിരിക്കുക കൂടിയാണ് ഒപാല്‍ സുചാത. 2003 മാര്‍ച്ച് 20ന് ഫുകറ്റില്‍ ജനിച്ച ഒപാലിന് 22 വയസ്സാണ് പ്രായം. ഫുകറ്റില്‍ തന്നെയാണ് ഒപാല്‍ തന്റെ കുട്ടിക്കാലം ചിലവിട്ടത്. ട്രിയാം ഉഡോം സുക്‌സ സ്‌കൂളില്‍ നിന്ന് ചൈനീസ് മേജറായി എടുത്ത് ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കി. ഒപാല്‍ നിലവില്‍ ബാങ്കോക്കിലെ തമ്മസാറ്റ് സര്‍വ്വകലാശാലയില്‍ പൊളിറ്റിക്‌സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗത്തിലെ വിദ്യാര്‍ത്ഥിനിയാണ്.












Click it and Unblock the Notifications