ലോകസുന്ദരി പട്ടത്തിന് അവകാശി ചെക്ക് റിപ്പബ്ലിക്കിൽ നിന്ന്; കിരീടം ചൂടി ക്രിസ്‌റ്റ്യാന പിസ്‌റ്റോവ
മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിച്ച ലോക സൗന്ദര്യ മത്സരത്തിൽ കിരീടം ചൂടി ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്‌റ്റ്യാന പിസ്‌കോവ. മുംബൈയില്‍ വച്ച് നടന്ന ഫൈനലില്‍ കഴിഞ്ഞ തവണത്തെ മിസ് വേള്‍ഡായ കരോലിന ബിലാവ്‌സ്‌ക ക്രിസ്‌റ്റ്യാനയെ കിരീടമണിയിച്ചു. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്ത 115 സുന്ദരിമാരെ പിന്നിലാക്കിയാണ് ക്രിസ്‌റ്റ്യാന പിസ്‌കോവ ലോകത്തിന്റെ നെറുകയിൽ തന്റെ പേര് പതിപ്പിച്ചത്.
മിസ് ഇന്ത്യയായിരുന്ന സിനി ഷെട്ടിക്ക് അവസാന എട്ടില്‍ ഇടം നേടാന്‍ മാത്രമേ കഴിഞ്ഞുള്ളു. വിജയിയായ ക്രിസ്‌റ്റ്യാനയ്ക്ക് പുറമെ മിസ് ബോട്‌സ്വാന, മിസ് ട്രിനിഡാഡ് ആന്റ് ടൊബാഗോ, മിസ് ലെബനന്‍ എന്നിവരാണ് അവസാന നാലിൽ ഇടം നേടിയത്. മത്സരത്തിൽ രണ്ടാം സ്ഥാനം മിസ് ബോട്‌സ്വാനയായ ലെസെഗോ ചോംബോയാണ് സ്വന്തമാക്കിയത്. മിസ് ലെബനന്‍ യാസ്‌മിന്‍ സൈതൗണിൻ മൂന്നാം സ്ഥാനം നേടി.

140-ലധികം രാജ്യങ്ങളിൽ മത്സരം സംപ്രേക്ഷണം ചെയ്‌തിരുന്നു. മുംബൈയിലെ ബികെസി ജിയോ വേൾഡ് സെന്ററിൽ വച്ചായിരുന്നു പ്രൗഢ ഗംഭീരമായ മത്സരം നടന്നത്. മിസ് വേള്‍ഡ് പോരാട്ടത്തിൽ മത്സരാർത്ഥികൾ പരസ്‌പരം ഏറ്റുമുട്ടുന്ന നിരവധി ഇനങ്ങളുണ്ട്, അതില്‍ ബ്യൂട്ടി വിത്ത് എ പര്‍പ്പസ്, ഹെഡ്-ടു-ഹെഡ് ചലഞ്ച്, മിസ് വേള്‍ഡ് സ്‌പോര്‍ട്‌സ് അല്ലെങ്കില്‍ മിസ് വേള്‍ഡ് സ്‌പോര്‍ട്‌സ് വുമണ്‍, മിസ് വേള്‍ഡ് ടാലന്റ്, വേള്‍ഡ് ടോപ്പ് ഡിസൈനര്‍ അവാര്‍ഡ്, മിസ് വേള്‍ഡ് ടോപ്പ് എന്നിവ ഉള്‍പ്പെടുന്നു.
ഇത്തവണ 12 അംഗ ജഡ്‌ജിമാരുടെ പാനലിൽ, കൃതി സനോന്‍, പൂജ ഹെഗ്ഡെ, സാജിദ് നദിയാദ്വാല, ഹര്‍ഭജന്‍ സിംഗ്, രജത് ശര്‍മ്മ, അമൃത ഫഡ്നാവിസ്, വിനീത് ജെയിന്‍, ജൂലിയ മോര്‍ലി സിബിഇ, ജമില്‍ സെയ്‌ദിഎന്നിവരും മാനുഷി ചില്ലര്‍ ഉള്‍പ്പെടെ മൂന്ന് മുന്‍ ലോകസുന്ദരിമാരും ഉള്‍പ്പെട്ടിരുന്നു എന്നതാണ് പ്രത്യേകത. നീണ്ട 28 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയിലേക്ക് ലോക സൗന്ദര്യ മത്സരം വിരുന്നെത്തിയതെന്ന പ്രത്യേകതയുമുണ്ട്.
1996ൽ ബെംഗലൂരുവിൽ വച്ചാണ് ഇന്ത്യയിൽ അവസാനമായി മിസ് വേൾഡ് മത്സരം നടന്നത്. 1966ൽ കിരീടം നേടിയ റീത്ത ഫാരിയയാണ് ലോക സുന്ദരി പട്ടം നേടിയ ആദ്യത്തെ ഇന്ത്യക്കാരി. പോളണ്ടിന്റെ കരോലിന ബിലാവ്സകയാണ് അവസാന വർഷം ലോക സുന്ദരി കിരീടം നേടിയത്.












Click it and Unblock the Notifications